പയ്യന്നൂര്‍: ശ്രീരാഘവപുരം സഭായോഗം ചെറുതാഴം പെരിയാട്ട് കൃഷ്ണന്‍ മതിലകത്ത് നടത്തുന്ന 12 ദിവസത്തെ വേദഭജനത്തില്‍ സംഗീതാത്മകമായ സാമവേദഭജനത്തിനെത്തിയത് പാഞ്ഞാളില്‍ നിന്നുള്ള പ്രസിദ്ധരായ ജ്യേഷ്ഠാനുജന്മാര്‍. നൂറു വര്‍ഷത്തിനിപ്പുറം ആദ്യമായി പെരിഞ്ചെല്ലൂര്‍ ഗ്രാമത്തില്‍ മഹാ വേദഭജനം നടക്കുമ്പോള്‍ അത് പൂര്‍ണ്ണമാക്കുവാന്‍ മറ്റ് എല്ലാ തിരക്കുകള്‍ക്കും അവധി നല്‍കി എത്തിയിരിക്കയാണ് തോട്ടം കൃഷ്ണന്‍ നമ്പൂതിരിയും അനുജന്‍ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയും.
1000 ശാഖകളുണ്ടായിരുന്ന സാമവേദത്തിന്റെ ജൈമിനീയം, കൗഥുമീയം, ദ്രാഹ്യായണം എന്നീ മൂന്നു ശാഖകളാണ് ഇന്ന് അവശേഷിക്കുന്നത്. അതില്‍ ജൈമിനീയം ശാഖയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ജൈമിനീയം മലയാളസമ്പ്രദായത്തില്‍ പൂര്‍ണ്ണമായും പഠിച്ചവരായി ഈ രïു സഹോദരന്മാര്‍ മാത്രമേ ഇന്നുള്ളൂ. അച്ഛന്‍ തോട്ടം സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയായിരുന്നു ഇരുവരുടേയും ഗുരു. കാഞ്ചി കാമകോടിപീഠം ചന്ദ്രശേഖരേന്ദ്ര സരസ്വതി ശങ്കരാചാര്യസ്വാമികളാണ് വേദപഠനത്തിന് വേï സഹായങ്ങള്‍ നല്‍കിയത്. 12 കൊല്ലത്തെ കഠിനതപസ്യയിലൂടെ മാത്രമേ നല്ലൊരു വേദജ്ഞനാകാന്‍ പറ്റൂ. എട്ടാം വയസ്സില്‍ ശബ്ദം ഉറക്കുന്നതിനു മുന്നേ അദ്ധ്യയനം തുടങ്ങണം.
ബ്രാഹ്‌മണന്റെ നിഷ്‌കാരണമായ ധര്‍മ്മം എന്ന നിലയില്‍ വേണം വേദാധ്യയനം. ദിവസേന 12 മണിക്കൂര്‍ പഠിക്കണം. കഴിഞ്ഞ നൂറ്റാണ്ടിൽ കാര്‍ഷികപരിഷ്‌കരണത്തിന്റെ ഫലമായുണ്ടായ കടുത്ത ദാരിദ്ര്യത്തില്‍ ഈ ധര്‍മ്മം അനുഷ്ഠിക്കുക പ്രയാസകരമായി. പട്ടിണി അതിജീവിക്കാന്‍ നമ്പൂതിരിമാരുടെ പുതുതലമുറ വിവിധ തൊഴില്‍മേഖലകള്‍ തേടിയപ്പോള്‍ കേരളത്തിലെ വൈദികസ്വരപാരമ്പര്യത്തിനും മങ്ങലേറ്റു. സാമവേദി കുടുംബങ്ങള്‍ കേരളത്തില്‍ വളരെ കുറവായതും ഇന്നത്തെ വിഷമാവസ്ഥക്ക് കാരണമായിട്ടുണ്ട്.
ഇന്ന് യുനെസ്‌കോ വേദത്തിന്റെ കേരളപാഠസംരക്ഷണത്തിന് പ്രത്യേകശ്രദ്ധ നല്‍കുന്നു. ഡോ. ശിവകരന്‍ നമ്പൂതിരി ഗുരുനാഥനായി കോട്ടയം കുറിച്ചിത്താനത്ത് അടുത്ത വര്‍ഷം സാമവേദപാഠശാല ആരംഭിക്കുവാന്‍ ശ്രീരാഘവപുരം സഭായോഗത്തിന് പദ്ധതിയുണ്ട്. ചെറുതാഴം പെരിയാട്ട് കൃഷ്ണന്‍ മതിലകത്ത് സാമവേദഭജനത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഋക്‌സംഹിത, ഗാനസംഹിത എന്നീ ഭാഗങ്ങളാണ് ഇവര്‍ ആലപിച്ചത്. വെള്ളിയാഴ്ച സാമം സമാപിക്കും. തുടര്‍ന്ന് മാര്‍ച്ച് 10 വരെ യജുര്‍വ്വേദഭജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: