തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ മന്നത്ത് പദ്മനാഭനെ വന്ദിച്ചില്ലെങ്കിലും സിപിഎമ്മുകാര്‍ നിന്ദിക്കരുതെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സിപിഎമ്മിന്റെ നിലപാടിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കുന്നു. മന്നത്തിന്റെ സ്മാരകം പണിയണമെന്ന് ആവശ്യപ്പെട്ട് ഗുരുവായ്യൂര്‍ നഗരസഭാ കൗണ്‍സിലില്‍ അടിയന്തര പ്രമേയം വന്നപ്പോള്‍ അനുമതി നിഷേധിച്ചു. വിഷയം അടിയന്തര പ്രമേയത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് ഭരിക്കുന്ന കൗണ്‍സില്‍ അനുമതി നിഷേധിച്ചത്. മന്നത്ത് ആചാര്യനെ സിപിഎമ്മുകാര്‍ അവഹേളിക്കുന്നത് ഇത് ആദ്യമല്ല.
2007 ജൂണ്‍ 4ന് ഗുരുവായ്യൂര്‍ സത്യാഗ്രഹ സമര കവാടം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മന്നത്തെക്കുറിച്ച് ഒന്നും പറയാന്‍ തയ്യാറായില്ല. അതു പോലെ 2018 നവംബറില്‍ ഗുരുവായ്യൂര്‍ സത്യാഗ്രഹ സമര വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്നത്തെക്കുറിച്ച് ഒന്നും പറയാന്‍ തയ്യാറായില്ല. ദേശാഭിമാനിയില്‍ മന്നത്തിനെ പുകഴ്ത്തി ലേഖനം വന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാത്രമാണെന്ന് കൃഷ്ദാസ് പറഞ്ഞു.
മന്നത്തിനെതിരെ സിപിഎം രംഗത്ത് വരാനുള്ള കാരണം ഇഎംഎസ് സര്‍ക്കാരിന്റെ സെല്‍ ഭരണത്തിനെതിരെ വിമോചന സമരത്തില്‍ പങ്കാളി ആയതിനാല്‍. വിശ്വാസത്തെ ചവുട്ടി മറിച്ച്് ശബരിമലയിലേക്ക് കടത്തി വിട്ട ആക്ടിവിസ്റ്റുകളാണ് സിപിഎമ്മിന്റെ നവോത്ഥാന നായകരെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നാമജപ യജ്ഞങ്ങള്‍ക്ക് എതിരെ ചുമത്തിയ കേസുകളും പൗരത്വബില്ലുമായി ബന്ധപ്പെട്ട കേസുകളും രണ്ടും രണ്ടായിട്ട് കാണണം. സിഎഎ പ്രതിഷേധ കേസുകള്‍ മുഴുവനും ക്രിമിനല്‍ കേസുകളാണ്. എല്‍ഡിഎഫും യുഡിഎഫും പിന്തുണച്ച ഈ ദേശ വിരുദ്ധ പ്രക്ഷോഭത്തിന് പാക് മത തീവ്രവാദികളുടെ പിന്തുണ ഉണ്ടായിരുന്നു. പാക്കിസ്ഥാന്റെ പിന്തുണയുള്ള പിഎഫ്ഐയും ജമാ അത്തെ സംഘടനകളുമായിരുന്നു പ്രക്ഷോഭത്തിനു പിന്നില്‍ എല്ലാം ക്രിമിനല്‍ കേസുകളാണ്. ശബരിമല പ്രതിഷേധങ്ങളുടെ മറവില്‍ ദേശ വിരുദ്ധ കേസുകള്‍ പിന്‍വലിക്കുകയാണ് സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ വിമര്‍ശിക്കാന്‍ സംസ്ഥാന ധനമന്ത്രിയ്ക്ക് യാതൊരു യോഗ്യത ഇല്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: