തിരുവനന്തപുരം: മന്ത്രി എ കെ ബാലനുമയി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ അവസാനിപ്പിച്ചു. മന്ത്രി നല്കിയ വാക്ക് വിശ്വസിക്കുന്നുവെന്നും മിനിട്സ് പുറത്തുവന്നാലുടന് സമരം നിര്‍ത്തി മടങ്ങുമെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി. വാച്ച്മാന്മാരുടെ ജോലിസയമം വെട്ടിക്കുറച്ച് തസ്തിക സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും ഈ ഒഴിവുകള്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍നിന്ന് നികത്തുമെന്നും ചര്‍ച്ചയില്‍ ഉറപ്പുലഭിച്ചതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
എന്നാല്‍ രേഖാമൂലം ഉറപ്പുലഭിക്കുന്നതുവരെ സമരം തുടരുമെന്ന് സിവില്‍ പൊലീസ് ഓഫിസര്‍ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഞായറാഴ്ച രാവിലെ ഉദ്യോഗാര്‍ഥികളുമായുള്ള എ കെ ബാലന്റെ ചര്‍ച്ച. ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ചയായി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ നടപടികളുണ്ടാകുമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.
വാച്ച്മാന്മാരുടെ ജോലി സമയം എട്ടുമണിക്കൂറായി കുറച്ച് നൈറ്റ് വാച്ച്മാന്മാരുടെ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് പട്ടികയില്‍നിന്ന് നിയമനത്തിനുള്ള ശുപാര്‍ശ നിയമപ്രകാരം നടത്തുമെന്നും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി ഉദ്യോഗാര്‍ഥികളോട് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: