കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മമ്പാകെ വിജിലന്‍സ് കുറ്റപത്രം നല്‍കിയേക്കും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കൈമാറിക്കഴിഞ്ഞു.
പാലാരിവട്ടം അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജന്‍സ് ഇക്കാര്യം അറിയിച്ചത്. മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായെന്നും വസ്തുത വിവര റിപ്പോര്‍ട്ട് പരിശോധനയ്ക്കായി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന് ചെറുന്നിയൂര്‍ കോടതിയെ അറിയിച്ചു. പ്രതിപട്ടികയില്‍ 13 പേരാണ് ആദ്യഘട്ടമുള്ളത്. ഇതില്‍ കാര്യമായ മാറ്റങ്ങള്‍ അന്തിമ കുറ്റപത്രത്തിലും ഉണ്ടായേക്കില്ല.
ടെണ്ടര്‍ വ്യവസ്ഥ ലംഘിച്ച് കരാര്‍ കമ്പനിക്ക് 8.25 കോടി രൂപ അഡ്വാന്‍സ് നല്‍കിയതില്‍ ഗൂഡാലോചനയുണ്ടായെന്നും അഴിമതി നടത്തിയെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയായി. കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് ഹര്ജിക്കാരന്. ഇത്തരം ഹര്‍ജികള്‍ കേസിന്റെ സുഗമമായ അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി. കേസില്‍ ഇബ്രാഹം കുഞ്ഞുള്‍പ്പെടെ 18 പ്രതികളാണ് ഉള്ളത്. ഇതില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.
ആര്‍ഡിഎസ് കമ്പനി ഉടമ സുമിത് ഗോയലാണ് ഒന്നാം പ്രതി. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നാലാം പ്രതിയും മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയുമാണ്. നിലവിലുള്ള വ്യവസായ സെക്രട്ടറിയും മുന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് എംഡിയുമായ എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ് കേസില്‍ പത്താം പ്രതിയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള വിജിലന്‍സിന്റെ ഈ നീക്കം യുഡിഎഫിന് തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: