കൊല്‍ക്കൊത്ത: മമതയുടെ മരുമകന് അഭിഷേക് ബാനര്‍ജിയുടെ ഭാര്യയായ തായ്ലാന്റുകാരി രുജിര ബാനര്‍ജി നാരുല എല്ലാക്കാലത്തും വിവാദനായികയായിരുന്നു. കല്‍ക്കരി കുംഭകോണക്കേസില്‍ പല തവണ രുജിരയുടെ പേര് പൊന്തി വന്നിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മമതയ്ക്ക് പോലും രക്ഷിക്കാനാകാത്ത തരത്തിലുള്ള തെളിവുകള്‍ രുജിരയ്ക്കെതിരെ സിബിഐയുടെ കൈവശം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ചോദ്യം ചെയ്യലിനെതിരെ മമത ഒരു ചെറുവിരല്‍ പോലും അനക്കാതിരുന്നത്.
കല്‍ക്കരി കുംഭകോണത്തിലെ മുഖ്യമന്ത്രി പ്രതി അനുല്‍ മാജി എന്ന ലാലയുുടെ കയ്യില്‍ നിന്നും രുജിരയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന വന്‍ തുകയായിരുന്നു സിബിഐയുടെ പ്രധാന തെളിവ്. രണ്ട് മാസം മുമ്പ് ബിജെപിയിലേക്ക് പോയ സുവേന്ദു അധികാരി രുജിരയെ അഭിസംബോധന ചെയ്യുന്നത് തന്നെ ‘മാഡം നരൂല’ എന്നാണ്. ഇവര്‍ക്ക് ലാലയുടെ കയ്യില്‍ നിന്ന് പണം വന്നതായും സുവേന്ദു അധികാരി ആരോപിച്ചിരുന്നു. മാഡം നരൂലയുടെ ബാങ്കിടപാടുകളുടെ ഡയറി അധികം വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് സുവേന്ദു അധികാരി അഭിപ്രായപ്പെട്ടിരുന്നു.
മമത മരുമകനായ അഭിഷേക് ബാനര്‍ജിയെ അടുത്ത മുഖ്യമന്ത്രി പദത്തിലേക്ക് വഴിവിട്ട് അവരോധിക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് നിരവധി തൃണമൂല്‍ നേതാക്കള്‍ മമതയെവിട്ട് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. തൃണമൂലില്‍ അഭിഷേക് ബാനര്‍ജിയും ഭാര്യ രുജിര ബാനര്‍ജി നരൂലയും ഒരു വലിയ അധികാരകേന്ദ്രമായി മാറുകയും ഇവര്‍ക്കായി മമത തന്നെ നിരവധി സീനിയര്‍ തൃണമൂല്‍ നേതാക്കളെ അവഗണിക്കുകയും ചെയ്തത് പാര്‍ട്ടിയില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായി മാറിയിരുന്നു. അഭിഷേക് ബാനര്‍ജിയും രുജിര ബാനര്‍ജി നരൂലയും ചേര്‍ന്ന് തൃണമൂലിലെ പല കാര്യങ്ങളും നിയന്ത്രിക്കുന്ന സ്ഥിതിയിലെത്തി. ഇതിനെ ചോദ്യം ചെയ്തവരെയെല്ലാം തൃണമൂലില്‍ നിന്നും പുറത്തേക്കെറിയാന്‍ ഇവര്‍ക്ക് എന്നും മമത കൂട്ടായി നിന്നു. മരുമകനോടുള്ള അന്ധമായ സ്നേഹത്താല്‍ തന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക് മമത എത്തിക്കാന്‍ ശ്രമിക്കുന്നത് അഭിഷേക് ബാനര്‍ജിയെയാണ്. ഇപ്പോഴേ കളത്തില്‍ നിറഞ്ഞാടിക്കളിക്കുന്ന രുജിര ബാനര്‍ജി നരൂല ആ ഒരു അധികാരനിമിഷവും കാത്തിരിക്കുകയാണ്.
വിദേശ ഇന്ത്യക്കാര്‍ക്കുള്ള ഒസിഐ പൗരത്വം സ്വന്തമായുള്ള രുജിര ആദ്യമായി മാധ്യമങ്ങളില്‍ ഇടം പിടിച്ചത് മാര്‍ച്ച് 2019നാണ്. അവരുടെ ചെക്ക് ഇന്‍ ബേഗജില് അനധികൃത സ്വര്‍ണ്ണം കണ്ടെത്തിയതിന്റെ പേരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരെ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചുതോടെയാണിത്. എന്നാല്‍ മമതയുടെ അധികാരം ഉപയോഗിച്ച് അഭിഷേക് ബാനര്‍ജി എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളി. രുജിരയുടെ അച്ഛന് ദല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ അന്തേവാസിയാണ്. ഇദ്ദേഹത്തിന് കരോള്‍ ബാഗ് ഏരിയയില്‍ ഒരു മൊബൈല്‍ ഗാഡ്ജറ്റുകള്‍ വില്‍ക്കുന്ന ഒരു ഷോപ്പുണ്ട്. ഇദ്ദേഹത്തിനും തായ്ലാന്റില് ബിസിനസുണ്ട്.
2012ല്‍ ദല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആന്റ് മാനേജ്മെന്റില്‍ സഹപാഠികളായിരിക്കെയാണ് രുജിര അഭിഷേക് ബാനര്‍ജിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. കസ്റ്റംസുമായി പ്രശ്നമുണ്ടായതോടെ രുജിര കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടപ്പുള്ളിയായി. 2019ല്‍ അവരുടെ പിഐഒ കാര്‍ഡിലും വിവാഹസര്‍ട്ടിഫിക്കറ്റിലും അപാകതകളുണ്ടെന്ന് കേന്ദ്ര മന്ത്രാലയം ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിന്റെ വിദേശ ഡിവിഷന് ഇതേക്കുറിച്ച് അഭിപ്രായം തേടിയെങ്കിലും അവര്‍ മറുപടി നല്‍കിയില്ല.
വിദേശ പൗരത്വമുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്ന കാര്‍ഡാണ് പിഐഒ കാര്‍ഡ്. ഇപ്പോള്‍ ഇതിനെ ഒസിഐ കാര്‍ഡ് എന്നാണ് വിളിക്കുന്നത്. ഇന്ത്യന്‍ എംബസിയില്‍ നിന്നും 2010 ജനവരി എട്ടിന് പി ഐഒ കാര്‍ഡ് സംഘടിപ്പിച്ച രുജിര അതില്‍ നിഫോണ്‍ നരൂല എന്നാണ് അച്ഛന്റെ പേര് കൊടുത്തിരിക്കുന്നത്. പിന്നീട് കൊല്‍ക്കത്തയിലെ എഫ് ആര്‍ആര്‍ഒ ഓഫീസിന്റെ സഹായത്തോടെയാണ് രുജിര തന്റെ പി ഐഒ കാര്‍ഡിനെ ഒസിഐ കാര്‍ഡാക്കി മാറ്റിയത്. ഇതില്‍ ഇന്ത്യക്കാരനായ അഭിഷേക് ബാനര്‍ജിയെ വിവാഹം കഴിച്ചതായുള്ള വിവാഹസര്‍ട്ടിഫിക്കറ്റാണ് രേഖയായി കൊടുത്തത്. എന്നാല്‍ വിവാഹസര്‍ട്ടിഫിക്കറ്റില്‍ നല്കിയ അച്ഛന്റെ പേര് ഗുര്‍ശരണ്‍ സിംഗ് അഹുജ എന്നാണ്. ഇത് നേരത്തെ എടുത്ത പി ഐഒ സര്‍ട്ടിഫിക്കറ്റില്‍ നല്കിയ പേരില്‍ നിന്നും വ്യത്യസ്തമായതാണ് രുജിരയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി.
പിന്നീട് 2019 നവമ്പറില്‍ പാന്‍ കാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ രുജിര ഒസിഐ കാര്‍ഡുള്ള വിദേശ പൗരയാണെന്നത് മറച്ചുവെച്ച് ഗുര്‍ശരണ്‍ സിംഗ് അഹൂജയാണ് അച്ഛന് എന്ന വിവരമാണ് നല്‍കിയത്. എന്നാല്‍ ഒസിഐ കാര്‍ഡില്‍ നല്കിയ നിഫോണ്‍ നരൂല എന്ന അച്ഛന്റെ പേര് കണക്കിലെടുത്താണ് രുജിരയ്ക്ക് പാന്‍കാര്‍ഡ് ലഭിച്ചത്. അതുകൊണ്ട് പേര് രുജിര ബാനര്‍ജി നരൂല ആയി മാറി.
അഭിഷേക് ബാനര്‍ജി ലോക്സഭയില്‍ മത്സരിക്കുമ്പോള്‍ ഇലക്ഷന് കമ്മീഷന് നല്കിയ രേഖകളില്‍ രുജിരയുടെ ആകെ നിക്ഷേപമായി കാണിച്ച് അഞ്ച് ലക്ഷം ബാങ്ക് ഡെപ്പോസിറ്റും 87,300 രൂപ കാഷും 22 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുമാണ്. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രുജിരയുടെ സ്വത്ത് 35.55 ലക്ഷമായിരുന്നു.
എന്തായാലും ലാലയ്ക്കെതിരെ സിബി ഐ കേസെടുത്തു കഴിഞ്ഞു. ഇസ്റ്റേണ്‍ കോള്‍ ഫീല്‍ഡിലെ ചില ജീവനക്കാര്‍ക്കും തിരിച്ചറിയാത്ത മറ്റു ചിലര്‍ക്ക് എതിരെയും ഏതാനും കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരെയും കല്‍ക്കരി മോഷണത്തിന്റെ പേരില്‍ കേസെടുത്തിരിക്കുകയാണ്. ഈ കേസില്‍ ഒരു പ്രധാന പ്രതിയായാണ് രുജിര വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: