ആത്മാവ് കടഞ്ഞെടുത്ത് കവിത എഴുതുകയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. എല്ലാ അര്‍ത്ഥത്തിലും കവി. ലോകത്ത് എവിടെയുള്ള കാവ്യസങ്കല്പം പരിശോധിച്ചാലുംനമ്മുടെ കാവ്യസങ്കല്പമാണ് ഉദാത്തം. ഋഷി അല്ലാത്തവന് കവി അല്ല എന്ന സങ്കല്പം. ഋഷി സ്വയം പ്രകാശിക്കുന്നവനാണ്. ആത്മാവ് കൊണ്ട് പ്രകാശിക്കുന്നവന്‍. സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് പ്രകാശം നല്കുന്നവന്, മറ്റുള്ളവര്‍ക്ക് വേണ്ടി പ്രകാശിച്ച് വഴികാട്ടുകയായിരുന്നു അദ്ദേഹം. ആരും കാണാത്തതൊക്കെ കാലത്തിനപ്പുറത്ത് നിന്നും കണ്ടെത്തി ലോകത്തിന് കാട്ടികൊടുക്കുകയായിരുന്നു കവിയുടെ ദൗത്യം.
ഭൂമിയുടെ മഹാ പാരമ്പര്യം കൂടുതല്‍ ആഴത്തില്‍ കണ്ടെത്തി കടഞ്ഞെടുത്ത് അതിലെ ഏറ്റവും കാതലായ ഉള്‍വശം കാട്ടിക്കൊടുത്ത കവി. മുനുഷ്യത്വത്തിന്റെ കവി. മനുഷ്യകര്‍മ്മത്തിന്റെ വിശുദ്ധിയുള്ള കവി. സാമൂഹിക സാംസ്കാരിക വിഷയങ്ങളില്‍ പ്രതികരിക്കണം ഇന്നത്തെ കവികള്‍ എന്നാണ് പറയുന്നത്. മനുഷ്യന്റെ പ്രത്യക്ഷ പ്രശ്നങ്ങള്‍ക്ക് മാത്രമല്ല അവയ്ക്ക് മൂലമായ അധികം ശ്രദ്ധിക്കപ്പെടാത്ത അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പ്രഥമപരിഹാരം ആത്മശുദ്ധി ആണെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. സ്വയം ശുദ്ധീകരിക്കല്‍ നമ്മുടെ പാരമ്പര്യമാണ്. ആ പാരമ്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് പ്രപഞ്ചത്തെ സ്നേഹിക്കാനുള്ള, പാലിക്കാനുള്ള, സേവിക്കാനുള്ള വ്യഗ്രത കവിക്കുണ്ടായിരുന്നു.
ശരിയായ വൈദിക സംസ്കാരമുള്ള കവിയായിരുന്നു അദ്ദേഹം. വൈദിക സംസ്കാരം മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളും പ്രഭാഷണങ്ങളും പഠിച്ചാല്‍ മതി. ഭൂമിഗീതങ്ങള്, ആരണ്യകം തുടങ്ങിയവയിലൂടെ അല്പമൊന്ന് സഞ്ചരിച്ചാല്‍ മതി. ‘ഞാന്‍ ഞാന്‍ മാത്രമല്ല, നമുക്ക് ചുറ്റുമുള്ളതെല്ലാം ചേര്‍ന്നാലേ ഞാനാകൂ’ എന്ന തിരിച്ചറിവാണ് വൈദികസംസ്കാരം. ആ തിരിച്ചറിവിന്റെ കാഴ്ചപ്പാടാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ നിറയുന്നത്. വിവേകദൃഷ്ടിയുടെ കാഴ്ചകളാണവ.
1995 ല്‍ അദ്ദേഹം പറഞ്ഞത് ‘സ്വാതന്ത്ര്യത്തിനുശേഷം 50 കൊല്ലം കൊണ്ട് നാം കടന്നുപോന്ന ആ ദൂരം ‘വിവേകത്തില്‍ നിന്നും വയറ്റുപിഴപ്പിലേക്കുള്ള ദൂരം’ എന്നാണ്. വിവേകം മനുഷ്യന് പരസ്പരം അറിയുവാനും അംഗീകരിക്കാനുമുള്ള അവസരം നല്കുന്നു. വയറ്റുപിഴപ്പ് നല്കുന്നതാകട്ടെ പരസ്പരം മത്സരിക്കാനുള്ള അവസരവും. ഈ രീതിയിലേക്ക് സമൂഹം മാറിപ്പോയത് അദ്ദേഹം ചൂണ്ടിക്കാട്ടിയത് അങ്ങനെ ആണ്. അദ്ദേഹത്തിന്റെ എല്ലാ കവിതകളും ശുദ്ധീകരണത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകങ്ങളാണ്. കവിത മാത്രമല്ല കര്‍മ്മവും കവിതയ്ക്ക് ഒത്തതാകണം. അതെങ്ങനെയെന്ന് വ്യക്തിജീവിതം കൊണ്ട് കാണിച്ചുതന്നു വിഷ്ണു നമ്പൂതിരി.
പേരിനൊപ്പമുള്ള നമ്പൂതിരി എന്ന വാക്ക് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. എന്നാല്‍ നമ്പൂതിരി എന്ന പദത്തിനുള്ളിലെ ബ്രാഹ്മണനെ ശരിയായ അര്‍ത്ഥത്തില്‍ സ്വാംശീകരിച്ച് ജീവിച്ചു അദ്ദേഹം. ഒരു പ്രതിഫലവും ഇച്ഛിക്കാതെ തന്റെ കര്‍മ്മം ചെയ്യുന്ന, ആരെയും ഉപദ്രവിക്കാതെ, ലഭിക്കുന്നത് മാത്രം എടുത്തുകൊണ്ട് സ്നേഹത്തിന്റെ ഭാഷയില്‍ ജീവിച്ച് ബ്രാഹ്മണ്യത്തിന്റെ അര്‍ത്ഥം കാട്ടിത്തന്നു.
ഒരു സൈക്കിള്‍ മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സമ്പത്ത് അദ്ദേഹം കുന്നുകൂട്ടിയില്ല. ‘അപരാജിത’യിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഒരു എളിയ പര്‍ണശാല. സര്‍ക്കാര്‍ സൗജന്യമായി നല്‍കിയാല്‍പോലും ഇത്തരമൊരു കൊച്ചുവീട് ഇന്ന് ആരും ഇഷ്ടപ്പെട്ടെന്നുവരില്ല. പൂജ പോലെ സ്വന്തം ജന്മത്തെകൊണ്ടുപോയി. സമ്മേളനങ്ങളില്‍ പൂജനീയരെ സാഷ്ടാംഗം പ്രണമിക്കുമായിരുന്നു അദ്ദേഹം. ആധുനിക ബുദ്ധിജീവികള്‍ക്ക് അത് ഇഷ്ടമാകാനിടയില്ല. മനുഷ്യനുള്ളിലെ നന്മകളെ നമസ്കരിക്കാന്‍ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. ആത്മശുദ്ധിചെയ്ത ഋഷിയുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ മറ്റൊരു ഇരിപ്പിടവും വരുമാനവും കണ്ടെത്തുന്നവരാണ് അധികവും. എന്നാല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചശേഷം അദ്ദേഹം പോയത് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ പൂജാരി ആയാണ്. അതിനെ അധിക്ഷേപിച്ചവരും നാട്ടിലുണ്ട്. അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്ന, ആര്‍ക്കും ദോഷം ചെയ്യാത്ത, നന്മയെ പൂജിക്കുന്ന ക്ഷേത്രത്തിലേക്കാണ് പോയത്.
സൈലന്റ് വാലി പ്രക്ഷോഭകാലത്ത് എന്‍.വി. കൃഷ്ണവാര്യര്‍ക്കൊപ്പം അണിനിരന്ന കവികളില്‍ പ്രമുഖനായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. സീതയെ തിരിച്ചെടുക്കുംപോലയാണ് പശ്ചിമഘട്ടത്തെ അന്ന് തിരിച്ചുപിടിച്ചത്. അന്ന് സൈലന്റ് വാലി സമരത്തില്‍ പങ്കെടുത്തവരുടെ കവിതകള്‍ ‘വനപര്‍വ്വം’ കാവ്യസമാഹരമായി പുറത്തിറക്കി. അതിന്റെ തുടക്കത്തില്‍ ‘ഭൂമി സൂക്തം’ ഉള്‍പ്പെടുത്തി. അത് അഥര്‍വ വേദത്തിലെ ‘പൃഥ്വി സൂക്ത’മാണ്. അത് മാത്രം മതി അദ്ദേഹത്തിന്റെ ഭൂമിസങ്കല്പം എന്തെന്ന് അറിയാന്‍. ഭൂമിയെയും അതിനെ പൊതിയുന്ന ആകാശത്തെയും ദിവ്യമായി കരുതുന്ന മനസും സംസ്കാരവുമായിരുന്നു വിഷ്ണു നമ്പൂതിരി. ശുദ്ധിയുള്ള അറിവും ആത്മാവും പ്രകാശിപ്പിച്ച് മുന്നില്‍ നടന്ന ആചാര്യനായിരുന്നു അദ്ദേഹം. നന്മയും അറിവും കര്‍മ്മവും അമൃതുപോലെ കടഞ്ഞെടുത്ത് അദ്ദേഹം നല്കി. അത് സേവിക്കാനുള്ള കഴിവും ബുദ്ധിയും നാം പ്രാപ്തമാക്കിയാല്‍ മാത്രം മതി. അത്തരത്തില്‍ അക്ഷരങ്ങളുടെ അമൃതസ്വരൂപമാണ് വിഷ്ണു നമ്പൂതിരി.
വി. മധുസൂദനന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: