തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുളള എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ഗുരുതര സ്വഭാവമുളള കേസുകള്‍ ഒഴികെ മറ്റെല്ലാം പിന്‍വലിക്കുവാനുളള മന്ത്രിസഭാ തിരുമാനത്തില്‍ വ്യക്തതയില്ല. ക്രിമിനല്‍ നിയമമനുസരിച്ച് ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. അതുകൊണ്ട് എല്ലാ കേസുകളും പിന്‍വലിച്ച് വിശ്വാസി സമൂഹത്തോടുളള പ്രതിബദ്ധതയും സത്യസന്ധമായ നിലപാടും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത അയ്യപ്പ ഭക്തര്‍ ഒട്ടേറെ കഷ്ടനഷ്ടങ്ങളും പീഢനങ്ങളും ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്. ജീവനും സ്വത്തും തൊഴിലും നഷ്ടപ്പെട്ടവരുണ്ട്. പോലീസ് മര്‍ദ്ദനത്തില്‍ അംഗവൈകല്യം സംഭവിച്ച് ജീവിതമാകെ തകര്‍ന്നവര്‍ നിരവധി. ഇവര്‍ക്കെല്ലാം സാമൂഹ്യ നീതിയും ആശ്വാസവും എത്തിക്കേണ്ട ബാധ്യത കൂടി സര്‍ക്കാര്‍ എറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റി എന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍, സുപ്രീംകോടതിയില്‍ ആചാര സംരക്ഷണത്തിനു വേണ്ടി ഭക്തജന പക്ഷത്ത് നിന്നുകൊണ്ട് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണം. അതൊടൊപ്പം ഖേദം പ്രകടിപ്പിച്ചും മാപ്പു പറഞ്ഞും ഭക്തജനങ്ങളോടൊപ്പം നില ഉറപ്പിക്കാനും തയ്യറാകണം. എങ്കില്‍ മാത്രമേ ശബരിമല വിഷയത്തില്‍ സര്‍വ്വ സമ്മതവും വ്യക്തവുമായ തിരുമാനമായി എന്ന പറയനാവൂ.
ശബരിമല ആചാര വിഷയത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടത് നിലവിലുളള ഭരണ വ്യവസ്ഥിതിയില്‍ പഴുതുകള്‍ ഉളളതുകൊണ്ടാണ്. ക്ഷേത്ര നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കണം.മതേതര സര്‍ക്കാര്‍ ക്ഷേത്ര വിഷയങ്ങളില്‍ ഇടപെടരുത്. ആചാരപരമായി ബന്ധമുളള തന്ത്രിമുഖ്യനും പന്തളം കൊട്ടാരവും ഭക്തജന പ്രതിനിധികളും ഉള്‍പ്പെട്ട ഭരണ സംവിധാനം ശബരിമലയില്‍ ഉണ്ടാവണം.
പൗരത്വ പ്രക്ഷോഭവും ശബരിമല പ്രക്ഷോഭവും തുലനം ചെയ്യാനാവില്ല. മതപീഡനം മൂലം ജീവിക്കാന്‍ നിവൃത്തിയില്ലാതെ ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദു ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നതിന് എതിരെയാണ് തീവ്രവാദ ശക്തികള്‍ രാജ്യവ്യാപകമായി സമരം നടത്തിയത്.അതുമായി ശബരിമല സമരത്തെ കൂട്ടിക്കെട്ടുന്നത് പൗരത്വ പ്രക്ഷോഭത്തെ സാധൂകരിക്കാനും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: