ആലപ്പുഴ: നിലവിലെ എംഎല്‍എ പി. തിലോത്തമന് കളമൊഴിയുന്നതോടെ ചേര്‍ത്തലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സിപിഐക്ക് കീറാമുട്ടിയാകുന്നു. സ്ഥാനാര്‍ത്ഥി മോഹികളുടെ ബാഹുല്യമാണ് പ്രധാന പ്രശ്നം. മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന തീരുമാനമാണ് തിലോത്തമന് തിരിച്ചടിയായത്. ഇതിനിടെ തിലോത്തമനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരസ്യമായി രംഗത്തെത്തിയത് പാര്‍ട്ടിയെ വെട്ടിലാക്കി.
മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന സിപിഐ നിലപാട് ശരിയല്ലെന്നും, തിലോത്തമനെ പോലെ ജനപിന്തുണയുള്ളവരെ ഒഴിവാക്കുന്നത് ശരിയല്ലെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. തൊട്ടടുത്ത മണ്ഡലമായ അരൂരില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഈഴവ സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷം മത്സരിപ്പിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിപിഎം ഇതിന് തയ്യാറായില്ല. ഫലം വന്നപ്പോള്‍ യുഡിഎഫിന് അട്ടിമറിജയം. ഇതാണ് സിപിഐയെ ആശങ്കയിലാക്കുന്നത്.
എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി.ടി. ജിസ്മോന്, സിപിഐ ജില്ലാ അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദ്, സിപിഐ സംസ്ഥാന എക്സി. അംഗം പി. പ്രസാദ്, ജില്ലാ എക്സി. അംഗം എന്‍.എസ്. ശിവപ്രസാദ് തുടങ്ങി അര ഡസനോളം പേരുകള്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അനുസൃതമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നാണ് വിവരം. ഔദ്യോഗിക പക്ഷക്കാരനായ തിലോത്തമന് ഒഴിയുന്ന സാഹചര്യത്തില്‍ ആ പക്ഷക്കാരനാണ് സാദ്ധ്യത കല്‍പ്പിക്കുന്നത്.
ചേര്‍ത്തലയ്ക്ക് പുറമേ ഹരിപ്പാടാണ് ആലപ്പുഴ ജില്ലയില്‍ സിപിഐ മത്സരിക്കുന്ന മറ്റൊരു മണ്ഡലം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഈ മണ്ഡലം ഏറ്റെടുത്ത് സിപിഐയ്ക്ക് അരൂര്‍ നല്‍കാനുള്ള ആലോചന സിപിഎമ്മിലുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ ചര്‍ച്ച നടക്കുമെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളിലും ചേര്‍ത്തലയില്‍ വിജയിച്ചത് തിലോത്തമനായിരുന്നു. 2006 ലാണ് ആദ്യമായി തിലോത്തമന് എംഎല്‍എയായത്. അതിനു തൊട്ടുമുമ്പുള്ള രണ്ടു തെരഞ്ഞെടുപ്പുകളിലും എ.കെ. ആന്റണിയായിരുന്നു വിജയി.
ഇടതിനോടും വലതിനോടും ഒരു പോലെ കൂറ് കാണിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, ജെഎസ്എസ് നേതാവ് കെ.ആര്. ഗൗരിയമ്മ, സിപിഐ നേതാവ് സി.കെ. ചന്ദ്രപ്പന് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് കാലിടറിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പി.എസ്. രാജീവ് 19,614 വോട്ടുകള്‍ നേടിയിരുന്നു.
യുഡിഎഫ് സ്ഥനാര്‍ത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച എന്എസ്യു നേതാവ് എസ്. ശരത്തിനാണ് ഇത്തവണയും പ്രഥമ പരിഗണനയെന്നാണ് വിവരം. കെപിസിസി ജനറല്‍ സെക്രട്ടറി ഡി. സുഗതന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. 2016ലെ നിയമസഭ ഫലമിങ്ങനെയാണ് പി. തിലോത്തമന് (സിപിഐ): 81,197, എസ്. ശരത്ത് (കോണ്‍ഗ്രസ്): 74,001, പി.എസ്. രാജീവ് (ബിഡിജെഎസ്): 19,614. 7196 വോട്ടുകളുടെ ഭൂരിപക്ഷം ഇടതിന് ലഭിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികള്‍ പിന്നാക്കം പോയപ്പോള്‍ എന്‍ഡിഎയ്ക്ക് മാത്രമാണ് വോട്ട് വര്‍ദ്ധിച്ചത്. എല്‍ഡിഎഫിന് 78, 863 വോട്ടുകളും, യുഡിഎഫിന് 65,997 വോട്ടുകളും, എന്‍ഡിഎയ്ക്ക് 26,135 വോട്ടുകളുമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: