തിരുവനന്തപുരം:പിഎസ് സി പരീക്ഷയെഴുതാന്‍ കണ്ഫര്മേഷന് (അനുമതി) വേണമെന്ന വ്യവസ്ഥയും പിഎസ് സി പരീക്ഷയെഴുതാന്‍ പ്രാഥമിക സ്ക്രീനിംഗ് പരീക്ഷ പാസാകണമെന്ന നിബന്ധനയും ലക്ഷോപലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിനയാകുന്നു
എസ്.എസ്.എല്‍.സി. മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള 191 തസ്തികകളിലേക്കുള്ള പ്രാഥമിക സ്ക്രീനിംഗ് പരീക്ഷയ്ക്ക് ഇത്തവണ 24 ലക്ഷം പേരാണ് അപേക്ഷിച്ചത്. പരീക്ഷയെഴുതാനായി കണ്ഫര്മേഷന് (അനുമതി) ലഭിച്ചത് 16 ലക്ഷം പേര്‍ക്ക് മാത്രമാണ്. പരീക്ഷയുടെ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ അപേക്ഷനല്‍കിയവരില്‍ 8 ലക്ഷത്തിലധികം പേര് സെലക്ഷന് പ്രക്രിയയില്‍ നിന്നും പുറത്തായി. 2018ല്‍ ആരംഭിച്ച ഈ പരിഷ്കാരം മൂലം തൊഴില്‍രഹിതരായ 8 ലക്ഷം ഉദ്യോഗാര്‍ത്ഥികളുടെ സര്‍ക്കാര്‍ സര്‍വ്വീസ് എന്ന സ്വപ്നമാണ് പിഎസ് സി ഒറ്റയടിക്ക് ഇല്ലതായത്.
റാങ്ക്ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നിഷേധിക്കുകയും പിന്‍വാതില്‍ നിയമനത്തിലൂടെ നിലവിലുള്ള തൊഴിലവസരങ്ങള്‍ ബന്ധുമിത്രാദികള്‍ക്ക് മാറ്റിവെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രക്ഷുബ്ധരായ യുവതി-യുവാക്കളെ വീണ്ടും നിരാശയിലേക്കും മോഹഭംഗത്തിലേക്കും തള്ളിവിടുന്നതാണ് പുതിയ പരിഷ്കാരം
പി.എസ്.സി. മുഖാന്തിരം ജോലി ലഭിക്കുന്നതിനായി പ്രാഥമിക സ്ക്രീനിംഗ് പരീക്ഷ നടത്താന്‍ തീരുമാനിച്ചതാണ് മറ്റൊരു നടപടി. ഒരേ അടിസ്ഥാന യോഗ്യതയുള്ള തസ്തികകളുടെ നിയമനത്തിനായി ആദ്യഘട്ടത്തില്‍ പ്രാഥമിക സ്ക്രീനിംഗ് പരീക്ഷ നടത്തി അതില്‍ വിജയിച്ചവര്‍ക്ക് മാത്രമേ തുടര്‍ന്ന് അതതു തസ്തികകളില്‍ പരീക്ഷയെഴുതാനും റാങ്ക് ലിസ്റ്റില്‍ ഇടംനേടാനും ഇനി മുതല്‍ കഴിയൂ. സ്ക്രീനിംഗില്‍ വലിയൊരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുപോകും. അടുത്ത സ്ക്രീനിംഗ് പരീക്ഷ 3-5 വരെ വര്‍ഷം വൈകാന്‍ ഇടയുള്ളതിനാല്‍ അത്രയും കാലം ഇവര്‍ക്ക് മറ്റൊരു പരീക്ഷയില്‍ പങ്കെടുക്കാനാവില്ല.
191 തസ്തികളിലേക്കുള്ള പ്രാഥമിക സ്ക്രീനിംഗ് പരീക്ഷ 2021 ഫെബ്രുവരി 20, 25 മാര്‍ച്ച് 6, 13 എന്നീ തീയതികളിലാണ്. ആദ്യത്തെ പരീക്ഷ ഇന്നു കഴിഞ്ഞു. ഒരു ദിവസം 4 ലക്ഷം പേര് എന്ന നിലയില്‍ 4 ദിവസങ്ങളിലായാണ് പരീക്ഷ.
അപേക്ഷ നല്കുന്നവരെയെല്ലാം പരീക്ഷയില്‍ പങ്കെടുപ്പിച്ചിരുന്ന പി.എസ്.സിയുടെ നയമാണ് ഇപ്പോള്‍ തലതിരിഞ്ഞത്. കോവിഡ് മഹാമാരിയും സര്‍ക്കാരിന്റെ ബന്ധുനിയമനവും താത്ക്കാലിക നിയമനവും മറ്റും മൂലം അനേകായിരം പേര്‍ക്ക് അവസരം നഷ്ടപ്പെടുകയും അവര്‍ തെരുവുകളില്‍ സമരം നടത്തുകയുമാണ്. അതിനിടയിലാണ് 8 ലക്ഷം പേരെ വഴിയാധാരമാക്കിയ ഈ നടപടി. ഇനിയുള്ള എല്ലാ പരീക്ഷകളിലും ഇതുപോലെ ലക്ഷക്കണക്കിന് യുവാക്കളെയാണ് വെട്ടിനിരത്താന്‍ പോകുന്നത്. ഇതു സ്ഫോടനാത്മകമായ അവസ്ഥയിലേക്ക് യുവാക്കളെ തള്ളിവിടും.
റൂള്‍സ് ഓഫ് പ്രൊസിഡ്യര്‍ (റൂള്‍ 2 എ) ഭേദഗതി വരുത്തിയാണ് സ്ക്രീനംഗ് പരീക്ഷ നടത്താന്‍ പി.എസ്.സി.യും സര്‍ക്കാരും തീരുമാനിച്ചത്. കാര്യമായ ചര്‍ച്ചയോ കൂടിയാലോചനയോ അഭിപ്രായ സമന്വയമോ കൂടാതെ കൈക്കൊണ്ടതാണ് ഈ തീരുമാനം.
1. നാലു ഘട്ടങ്ങളില്‍ നടക്കുന്ന പ്രാഥമിക സ്ക്രീനിംഗ് പരീക്ഷയില്‍ ഏതെങ്കിലും അടിയന്തിര സാഹചര്യത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് നടക്കുന്ന ഇതേ പരീക്ഷയുടെ ഒരു ഘട്ടത്തിലും പങ്കെടുക്കാനാവില്ല.
2. അടുത്ത സ്ക്രീനിംഗ് പരീക്ഷ 3 മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവിലാണ് നടക്കാന്‍ സാധ്യതയുള്ളത്. അവസരം നഷ്ടപ്പെട്ടവര്‍ ഇത്രയും കാലം കാത്തിരിക്കണം. അപ്പോഴേക്കും പലര്‍ക്കും പ്രായപരിധി കവിഞ്ഞുപോകും.
3. നാലു ഘട്ടങ്ങളിലെ പരീക്ഷയ്ക്കും പ്രത്യേക ചോദ്യപേപ്പര്‍ ആണ് ഉപയോഗിക്കുന്നത്. വ്യത്യസ്ത നിലവാരത്തിലുള്ള ചോദ്യപേപ്പര്‍ ഉപയോഗിച്ച് നടത്തുന്ന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാഫലം എന്തായിരിക്കും എന്ന കാര്യത്തില്‍ അവര്‍ക്ക് ആശങ്കയുണ്ട്.
4. വിവിധ നിലവാരത്തിലുള്ള ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷയായതിനാല്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുന്‍പ് മൂല്യനിര്‍ണ്ണയത്തില്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍ നടത്തേണ്ടതാണ്. അതുണ്ടാകുമോയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അങ്ങേയറ്റം ആശങ്കയുണ്ട്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിനായി നടത്തിയ ഗസറ്റഡ് വിഭാഗം ജീവനക്കാരുടെ (സ്ട്രീം 3) പരീക്ഷ വ്യത്യസ്ത തീയതികളില്‍ വെവ്വേറെ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് നടത്തിയെങ്കിലും റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് സ്റ്റാന്‍ഡര്‍ഡൈസേഷന്‍ നടത്തിയിട്ടില്ല.
5. എസ്.എസ്.എല്‍.സി. മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള 191 തസ്തികകള്‍ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ പ്രാഥമിക പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് തുടര്‍ അതതു തസ്തികകളില്‍ നടക്കുന്ന തുടര്‍ പരീക്ഷകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. റാങ്ക് ലിസ്റ്റുകളില്‍ ഒരേ ഉദ്യോഗാര്‍ത്ഥികള്‍ ഇടം പിടിക്കാനുള്ള സാധ്യതയുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെയും മുന്‍വര്‍ഷം നടത്തിയ നിയമനത്തിന്റെയും എണ്ണത്തിന് ആനുപാതിമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ പരിമിതമായ എണ്ണം ഉദ്യോഗാര്‍ത്ഥികളെ മാത്രമേ ഓരോ റാങ്ക് ലിസ്റ്റിലും ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയുള്ളു. ഒരേ ഉദ്യോഗാര്‍ത്ഥിയെ തന്നെ വിവിധ തസ്തികകളിലേക്ക് നിയമന ശുപാര്‍ശ ചെയ്യേണ്ടി വരും. എന്നാല്‍ ഒരിടത്തു മാത്രമാണ് ഒരാള്‍ ജോലിയില്‍ പ്രവേശിക്കുക. മറ്റ് ഒഴിവുകളിലേക്ക് വീണ്ടും നിയമനം നടത്തേണ്ടി വരും. തന്മൂലം കാലാവധി തികയ്ക്കുന്നതിന് മുന്‍പ് റാങ്ക് ലിസ്റ്റുകള്‍ തീരാന്‍ സാധ്യതയുമുണ്ട്. നിയമന ശിപാര്‍ശ ചെയ്തവരുടെ എണ്ണം പെരുപ്പിച്ചു കാട്ടാന്‍ ഇതു സഹായിക്കുമെങ്കിലും ജോലി കിട്ടിയവരുടെ എണ്ണം കുറവായിരിക്കും.
6. പ്രാഥമിക പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് അടുത്ത 3- 5 വര്‍ഷം ഒരു തസ്തികയില്‍ അപേക്ഷിക്കാനോ, ജോലി നേടാനോ സാധിക്കില്ല. ഇത് വിവിധ ജോലികള്‍ക്ക് അപേക്ഷിക്കാനും പങ്കെടുക്കാനും വിജയിച്ച് ജോലി നേടാനുമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശത്തിന്റെ നിഷേധമാണ്. എല്ലാവര്ക്കും തൊഴില്‍ നല്കാന് കഴിയില്ലെങ്കിലും എല്ലാവര്ക്കും തൊഴില്‍ നേടാനുള്ള പരീക്ഷകളടക്കമുള്ള സെലക്ഷന് പ്രക്രിയകളില്‍ പങ്കെടുക്കാനുള്ള അവസര സമത്വം നിഷേധിക്കരുത് എന്ന് പരമോന്നത നീതിപീഠംപോലും വ്യക്തമാക്കിയിട്ടുണ്ട്.
7. എലിമിനേഷന് പ്രോസസ്സിന് വേണ്ടിയാണ് പരീക്ഷയെന്ന് വാദിച്ചാല്‍പ്പോലും സ്ക്രീനിംഗ് ടെസ്റ്റിന് ശേഷം അതത് തസ്തികകള്‍ക്കായി പ്രത്യേക പരീക്ഷകൂടി നടത്തുന്ന സാഹചര്യത്തില്‍ പിന്നെ എന്തിന് വേണ്ടിയാണ് ഈ പ്രാഥമിക സ്ക്രീനിംഗ് പരീക്ഷ നടത്തുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് പി.എസ്.സി.ക്ക് കഴിയുന്നില്ല.
8. എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയായ നിരവധി സാങ്കേതിക തസ്തികകളുണ്ട്. സാങ്കേതിക മികവുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രാഥമിക പരീക്ഷയില്‍ ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്തരക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്ന സാങ്കേതിക മികവ് കുറഞ്ഞവര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: