കൊല്‍ക്കത്ത: ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെങ്കില്‍ നന്ദിഗ്രാമില്‍നിന്ന് മാത്രം മത്സരിക്കണമെന്ന് മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് ബിജെപി. പാര്‍ട്ടി നേതാക്കളായ അമിത് മാളവ്യയും ലോക്കറ്റ് ചാറ്റര്‍ജിയുമാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ബിജെപി ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവായ സുവേന്ദു അധികാരി നന്ദിഗ്രാമില്‍ മത്സരിക്കാനാണ് സാധ്യത കൂടുതല്‍.
ഈ സാഹചര്യത്തില്‍ ശക്തികേന്ദ്രമായ ഭവാനിപൂര്‍ മണ്ഡലം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ ഉപേക്ഷിക്കണമെന്നാണ് ബിജെപിയുടെ രാഷ്ട്രീയ വെല്ലുവിളി. ‘ബംഗാളിന് ആവശ്യം സ്വന്തം മകളെ’ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം തൃണമൂല്‍ മുന്നോട്ടുവച്ചതിന് പിന്നാലെയാണ് ബിജെപി തിരിച്ചടിച്ചത്.
‘നന്ദിഗ്രാമില്‍നിന്ന് മത്സരിക്കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയെന്ന നിലയില്‍ ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ഒരു സീറ്റില്‍നിന്ന് മാത്രമേ മത്സരിക്കൂവെന്ന് അവര്‍ പ്രഖ്യാപിക്കട്ടെ’ എന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ജനുവരി 18-നാണ് നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം മമതാ ബാനര്‍ജി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: