സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു കമന്റുണ്ട്. ബിജെപിയില്‍ ചേര്‍ന്നവര്‍, മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നവര്‍ എന്നതിനെക്കുറിച്ചാണത്. ബിജെപിയില്‍ ചേര്‍ന്നവര്‍ പത്മവിഭൂഷണന്‍ ഇ. ശ്രീധരന്. മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്, മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ജി. മാധവന്‍നായര്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. സി.വി. ആനന്ദ ബോസ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അല്‍ഫോണ്‍സ് കണ്ണന്താനം, കോഴിക്കോട് സര്‍വകലാശാല മുന്‍ വി.സി. ഡോ. അബ്ദുല്‍ സലാം.
കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ ധര്മജന് ബോള്‍ഗാട്ടി, ഇടവേള ബാബു, രമേഷ് പിഷാരടി. സിപിഎമ്മില്‍ ചേര്‍ന്നവര്‍ രഹ്നാ ഫാത്തിമ, ബിന്ദു അമ്മിണി, രശ്മിനായര്‍, പശുപാലന്, ഷിബുസാമി. ബിജെപിയില്‍ ചേര്ന്നവരെക്കുറിച്ച് ഈ ലേഖകന്‍ വ്യക്തമായ ധാരണയുണ്ട്. മറ്റുള്ളവര്‍ ഏത് എങ്ങിനെ എന്ന് പറയാനാവില്ലെങ്കിലും അവരെ കുറിച്ച് പൊതു സമൂഹത്തിന് നന്നായറിയാം.
ഇപ്പോഴത്തെ ചര്‍ച്ചയും വിലയിരുത്തലും വിമര്‍ശനവും ഇ. ശ്രീധരന് എങ്ങിനെ ബിജെപിയിലെത്തിയെന്നതിനെക്കുറിച്ചാണ്. ശ്രീധരന് അതിനെപ്പറ്റി വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയില്ലാത്ത ഭരണം നടത്താന്‍ ബിജെപിക്കേ സാധിക്കൂ. വികസനം സമയബന്ധിതമായി തീര്‍ക്കാനും വേണം ബിജെപി.
ഇന്നലെവരെ ഇ. ശ്രീധരനെക്കുറിച്ച് പാര്‍ട്ടി വ്യത്യാസമില്ലാതെ ഇതേ അഭിപ്രായമായിരുന്നു. ആ അഭിപ്രായം എത്രവേഗമാണ് മാറിമറിഞ്ഞത്. ബിജെപിയെ വിമര്‍ശിക്കുന്നത് അലങ്കാരമായി ചിലര്‍ കാണുകയാണ്. അതില്‍ മുന്നിട്ടുനില്‍ക്കുന്നു സാഹിത്യകാരന് എന്‍.എസ്. മാധവന്.
രാഷ്ട്രീയക്കാര്‍ക്ക് വിടുപണി ചെയ്യുന്നവര്‍ എല്ലാ മേഖലയിലുമുണ്ട്, സാഹിത്യരംഗത്തുമുണ്ട്. ഉദ്യോഗസ്ഥതലത്തിലുണ്ട്. സേവിച്ച്, സേവിച്ച് അടുത്തൂണ്‍ പറ്റിയാല്‍ നിന്നെ സേവ പിടിച്ചിട്ട് കാര്യമില്ല. അപ്പോഴേക്കും അസൂയയും കുശുമ്പും കുന്നുകൂടും. ഈ ഗണത്തിലൊന്നും പെടുന്നയാളല്ല എന്‍.എസ്. മാധവന് എന്നായിരുന്നു വിശ്വാസം. അതാണിപ്പോള്‍ കീഴ്മേല്‍ മറിയുന്നത്. ശ്രീധരന് ഇനി കുഴിക്കട്ടെ എന്നാണ് മാധവന് പറയുന്നത്. കഴിക്കുന്നതും കിളക്കുന്നതും മോശം പണിയൊന്നുമല്ല. കാലുപിടുത്തത്തേക്കാളും രാഷ്ട്രീയക്കാരന്റെ പാദസേവ നടത്തുന്നതിലും ഭേദമാണത്.
കേരളത്തില്‍ മികച്ച സേവനം നടത്തണമെന്ന് ശ്രീധരന് മോഹമുണ്ടായിരുന്നു. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ്മെട്രോ ഓടിക്കാമെന്നാണ് ഇ ശ്രീധരന് നല്കിയ വാക്ക്. പക്ഷെ ഓടിച്ചത് മെട്രോയല്ല ശ്രീധരനെയാണ്. ഇടതുമുന്നണി ഇത്രയും കാര്യക്ഷമമായി ഒരു കൃത്യം ഇതിന് മുമ്പ് നടത്തിയിട്ടില്ല. ശ്രീധരനെ ഓടിക്കുന്നതിന് വേണ്ടി കൗശലപൂര്‍വ്വമായാണ് ഇടതു സര്‍ക്കാര്‍ കരുക്കങ്ങള്‍ നീക്കിയത്. കേന്ദ്ര നിബന്ധനയനുസരിച്ച് ലൈറ്റ് മെട്രോയ്ക്കുള്ള പുതുക്കിയ റിപ്പോര്‍ട്ട് 2017 നവംബര്‍ 23ന് തന്നെ ഡിഎംആര്‍സി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. പക്ഷെ മാസങ്ങളോളം അതിന്റെ മേല്‍ അടയിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ലൈറ്റ് മെട്രോ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നതിന് ഇടതുസര്‍ക്കാര്‍ ഒന്നും ചെയ്തില്ല. 2014 ഒക്ടോബറിലാണ് ലൈറ്റ് മെട്രോയുടെ രൂപരേഖ ഉണ്ടാക്കിയത്. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രി ഒരു യോഗം വിളിച്ചു കൂട്ടി കാര്യങ്ങള്‍ വിലയിരുത്തിയത് മാത്രമാണ് ആകെ നടന്നത്. പിന്നീട് നടന്നത് അട്ടിമറിപ്പണിയാണ്.
ലൈറ്റ് മെട്രോയുടെ ഭാഗമായി മേല്‍പ്പാലം പണിയുന്നതിനുള്ള ചുമതല 2016 സെപ്തംബറില്‍ ഡിഎംആര്‍സിക്ക് നല്‍കിക്കൊണ്ട് ഉത്തരവിറക്കിയെങ്കിലും കരാര്‍ ഒപ്പിടാതെ സര്‍ക്കാര്‍ കള്ളക്കളി കളിച്ചു. ഒന്നരവര്‍ഷത്തിനുശേഷം ആ പണിയില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കിക്കൊണ്ട് ടെണ്ടര്‍ ചെയ്യുകയാണ് ചെയ്തത്. ഏല്‍പ്പിച്ച പണിയില്‍നിന്നും ഡിഎംആര്‍സിയെ ഒഴിവാക്കിയതെന്തിനെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. ശ്രീധരനെയും ഡിഎംആര്‍സിയെയും ഓടിക്കുക എന്നതാണത്. സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാതെ വന്നപ്പോള്‍ പദ്ധതിയില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെങ്കില്‍ പിന്‍വാങ്ങുകയാണെന്ന് കാണിച്ച് സര്‍ക്കാരിന് ഡിഎംആര്‍സി കത്തു നല്കി. കത്തു നല്‍കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയെക്കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് ശ്രീധരന് സമയം ചോദിച്ചു. പക്ഷെ മുഖ്യമന്ത്രി സമയം നല്‍കിയില്ല. രാഷ്ട്രം പത്മവിഭൂഷണ്‍ നല്കി ആദരിച്ച, ഇന്ത്യന്‍ മെട്രോയുടെ രാജശില്‍പ്പി ഇ ശ്രീധരനെ കാണാന്‍ സംസ്ഥാന മുഖ്യമന്ത്രിക്ക് അഞ്ചുമിനിട്ട് സമയം കിട്ടാതെ പോയത് ലജ്ജാകരമാണ്. ശ്രീധരനെ ഒന്നു കാണുന്നതിനുവേണ്ടി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കാത്തിരിക്കുമ്പോഴാണ് അദ്ദേഹം അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും പിണറായി കാണാന്അനുവാദം നല്‍കാത്തത്.
വ്യക്തമായ അഴിമതി നടത്തുന്നതിന് വേണ്ടിയാണ് ഡിഎംആര്‍സിയെയും ശ്രീധരനെയും ഓടിച്ചു വിട്ടത്. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഉപയോഗിച്ച് ലൈറ്റ് മെട്രോ നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കിയത്. കൊച്ചി മെട്രോ കോര്പ്പറേഷന് ലൈറ്റ് മെട്രോസാങ്കേതിക വിദ്യ വശമില്ല. ഇന്ത്യയില്‍ ഡിഎംആര്‍സിക്ക് മാത്രമേ ലൈറ്റ് മെട്രോ നടപ്പിലാക്കാനുള്ള വൈദഗ്ധ്യമുള്ളു. ഡിഎംആര്‍സിയെ ഒഴിവാക്കി ആഗോള ടെണ്ടര്‍ വിളിക്കാനാണ് ഈ നീക്കം. ആഗോളടെണ്ടറിന് പിന്നില്‍ കമ്മീഷന് എന്നൊരേര്‍പ്പാടുണ്ട്. പത്ത്ശതമാനം കമ്മീഷന് നാട്ടുനടപ്പാണ്. 7746 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമ്പോള്‍ ദൈവത്തിന്റെ നാട്ടിലെ എത്ര ശതമാനം കമ്മീഷനെന്ന് നിങ്ങള്‍ കണക്ക്കൂട്ടുക. അത് ആരുടെ പോക്കറ്റിലാണ് പോവുക. ശ്രീധരന് വാഗ്ദാനം ചെയ്തത് അഴിമതിയും കമ്മീഷനും ഇല്ലാത്ത മെട്രോയാണ്. അതുകൊണ്ടുതന്നെയാണ് ഈ സര്‍ക്കാരിന് ശ്രീധരനും ഡിഎംആര്‍സിയും സ്വീകാര്യമല്ലാതെ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: