ആലപ്പുഴ: പിഎസ്സി റാങ്ക് ജേതാക്കളെ ഇടതു സര്‍ക്കാര്‍ തെരുവ് ഭിക്ഷാടകരാക്കി മാറ്റിയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിഡിജെഎസ് സംസ്ഥാന പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷയെഴുതി ഉന്നത വിജയം നേടിയവര്‍ ജോലിക്കായി മുട്ടിലിഴയേണ്ട ഗതികേടിലാണ്. അവകാശപ്പെട്ട ജോലിക്കായി കേഴുന്നവരോട് ധാര്‍ഷ്ട്യം കാണിക്കുകയാണ് മുഖ്യമന്ത്രി. തൊഴില്‍രഹിതരായ യുവജനങ്ങളെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്.
സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും പ്രധാന തസ്തികകളിലടക്കം നിയമിച്ച് സര്‍ക്കാര്‍ ഓഫീസുകളുടെ ഭരണം പിടിച്ചടക്കുകയെന്ന കമ്മ്യൂണിസ്റ്റ് തന്ത്രമാണ് പയറ്റുന്നത്. യുഡിഎഫും അനധികൃത നിയമനങ്ങള്‍ നടത്തുന്നതില്‍ ഒട്ടും പിന്നിലല്ല, പിഎസ്സി മുഖേന മാത്രമേ ഇനി നിയമനം നടത്തൂയെന്ന് പ്രഖ്യാപിക്കാന്‍ ഇടതു, വലതു മുന്നണികള്‍ക്ക് ആര്‍ജ്ജവമുണ്ടോയെന്നും കുമ്മനം ചോദിച്ചു.
ഇരുമുന്നണികളും മാറിമാറി ഭരിച്ച് കേരളത്തിന്റെ കടബാധ്യത മൂന്ന് ലക്ഷം കോടിയാക്കി. യാതൊരു വികസനവും നടപ്പാക്കിയില്ല. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമസ്ത മേഖലകളിലും കേരളം പിന്നിലാണ്. മാറ്റം അനിവാര്യമാണെന്ന് ജനം വിശ്വസിക്കുന്നു. അവര്‍ക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന ഏക മുന്നണി എന്‍ഡിഎ മാത്രമാണ്. വികസനവും വിശ്വാസവും സംരക്ഷിക്കപ്പെടണമെന്നാണ് എന്‍ഡിഎയുടെ കാഴ്ചപ്പാട്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച ഇടതും വലതും ഇന്ന് ശബരിമലയുടെ സംരക്ഷക വേഷം കെട്ടാന്‍ ശ്രമിക്കുകയാണ്. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ഇടതുപക്ഷം ശ്രമിച്ചത് വിശ്വാസികള്‍ക്ക് ബോധ്യമുള്ളതാണ്. അന്ന് വെറും കാഴ്ചക്കാരായിരുന്നു യുഡിഎഫ്.
ശബരിമലയിലെ ആചാരങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസംരക്ഷിക്കാന്‍ എന്‍ഡിഎ പ്രതിജ്ഞാബദ്ധമാണ്. ശബരിമലയുടെ കാവലാളായി എന്‍ഡിഎ ഉണ്ടാകുമെന്നും, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.റ്റി. മന്മഥന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: