തൃശൂര്‍: കോണ്‍ഗ്രസ് പിന്തുണയോടെ അവിണിശേരി ഗ്രാമ പഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിന്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിലെ എ.ആര്. രാജു പ്രസിഡണ്ടായും ഇന്ദിര ജയകുമാര്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
ആകെ 14 സീറ്റുകളില്‍ ബിജെപി – ആറ്, എല്‍ഡിഎഫ്- അഞ്ച്, യുഡിഎഫ് – മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹരിക്ക് ആറ് വോട്ട് ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാജുവിന് എട്ട് വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന്റെ മൂന്ന് വോട്ടുകളും രാജുവിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഉടനെ നടന്ന പ്രസിഡന്റ് – വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫ്, എല്‍ഡിഎഫിന് വോട്ട് ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ വേണ്ടെന്ന നിലപാടില്‍ എല്‍.ഡി.എഫ് പ്രതിനിധികള്‍ പദവികള്‍ രാജിവെച്ചു. രാജുവും ഇന്ദിരയും തന്നെയായിരുന്നു അന്നും തെരഞ്ഞെടുക്കപ്പെട്ടത്.
ഇവരുടെ രാജിയെ തുടര്‍ന്ന് മാറ്റിവച്ച പ്രസിഡണ്ട് തെരഞ്ഞെടുപ്പാണ് ഇന്നലെ വീണ്ടും നടന്നത്. യുഡിഎഫ് പിന്തുണയോടെ തന്നെ വീണ്ടും എല്‍ഡിഎഫ് ഭരണത്തിലെത്തി. ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ബിജെപി വിമര്‍ശിച്ചു. വിഷയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ. കെ. അനീഷ്കുമാര്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ്സ് പിന്തുണയോടെ അധികാരം നിലനിര്‍ത്താന്‍ താല്പര്യമില്ലെന്നും തെരഞ്ഞെടുക്കപ്പെട്ടവരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം നേതൃത്വം അറിയിച്ചു.
ജനവിധിക്കെതിരെയുള്ള നിലപാട്: എ. നാഗേഷ്
അവിണിശേരിയില്‍ ഒറ്റയ്ക്കു മുന്നേറിയ ബിജെപിയെ തടയാനാണ് സിപിഎമ്മും കോണ്‍ഗ്രസും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്നതെന്നും ഇത് പഞ്ചായത്തിലെ ജനവിധിക്കെതിരെയുള്ള നിലപാടാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്. ബിജെപിയോടുള്ള അന്ധമായ വിരോധം മാറ്റിവച്ച്, പഞ്ചായത്തിലെ ക്രിയാത്മക പ്രതിപക്ഷമാകാന്‍ സിപിഎമ്മും കോണ്‍ഗ്രസും തയ്യാറാകണമെന്നും നാഗേഷ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചകം: കെ.കെ. അനീഷ്കുമാര്‍
അവണിശേരി പഞ്ചായത്തില്‍ ജനങ്ങള്‍ തിരസ്കരിച്ച കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് സഖ്യമുണ്ടാക്കി അധികാരം നേടിയത് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചകമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍. സഖ്യമായി ഭരിക്കാന്‍ തയ്യാറായവര്‍ സഖ്യമായി മത്സരിക്കാനും തയ്യാറാവണമെന്നും പരസ്പര വിരോധം പ്രസംഗിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: