തിരുവനന്തപുരം: കേരളത്തിലെ യുവാക്കളോട് ഐക്യപ്പെടേണ്ടത് രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും കര്‍ത്തവ്യമാണെന്ന് ശോഭാ സുരേന്ദ്രന്. ഈ കര്‍ത്തവ്യം ഏറ്റെടുത്താണ് 48 മണിക്കൂര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസസമരം തുടങ്ങിയതെന്ന് ശോഭ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പിന്‍വാതില്‍ നിയമനവും അനധികൃത നിയമനവും നടത്തി കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളെ വഞ്ചിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം അതിനു പിറകിലെ സാമ്പത്തിക അഴിമതി മറച്ചുപിടിക്കാനാണ്. കഴിഞ്ഞ ആറുമാസംകൊണ്ട് 1159 പേരെയാണ് ഇത്തരത്തില്‍ അനധികൃതമായി സ്ഥിരപ്പെടുത്തിയത്. ഇത് കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണ്. കേരള ബാങ്കിലെയും കാലിക്കറ്റ് സര്‍വകലാശാലയിലെയും അനധികൃത നിയമനങ്ങള്‍ ഹൈക്കോടതി റദ്ദ് ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പിന്‍വാതില്‍ അഴിമതി സിബിഐ അന്വേഷിക്കണം.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരള പൊതു മനസാക്ഷിയെ ഉണര്‍ത്തുന്ന തരത്തിലാണ് പിഎസ്സി സമരങ്ങള്‍ നടക്കുന്നത്. കേരളത്തിലെ യുവാക്കളോട് ഐക്യപ്പെടേണ്ടത് രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും കര്‍ത്തവ്യമാണ്. ഈ കര്‍ത്തവ്യം ഏറ്റെടുത്തുകൊണ്ട് വരുന്ന 48 മണിക്കൂര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസസമരം ആരംഭിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ മനുഷ്യരുടെയും പിന്തുണയും ആശീര്‍വാദങ്ങളും ഈ സമരത്തിന് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഈ സര്‍ക്കാരിനെ മുട്ടിലിഴയ്ക്കുന്നത് വരെ സമരരംഗത്ത് ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: