”വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി”. കേരളാ കോണ്‍ഗ്രസിനെക്കുറിച്ച് അതിന്റെ പെരുന്തച്ചനായിരുന്ന കെ.എം മാണിയുടെ വിശേഷണമായിരുന്നു ഇത്. ഒരുപാട് വളര്‍ച്ചയും പിളര്‍പ്പും നേരില്‍ കാണുകയും അതിന്റെ ഗുണവും ദോഷവും അനുഭവിക്കുകയും ചെയ്ത നേതാവായിരുന്നല്ലൊ കെ.എം. മാണി. മാണിയുടെ പാര്‍ട്ടിയിലെ ഒടുവിലത്തെ പിളര്‍പ്പ് സൃഷ്ടിച്ചത് മകന് ജോസ് കെ. മാണി.
എന്‍സിപിയുടെ പിളര്‍പ്പിന് നായകത്വം വഹിച്ച മാണി സി. കാപ്പന് പറയുന്നത് ജോസ് കെ. മാണി അഭിനവ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്നാണ്. മാന്‍ഡ്രേക്കിനെ സ്വന്തമാക്കിയവര്‍ക്കെല്ലാം നേരിടേണ്ടിവന്ന ദുരന്തം ഓര്‍മ്മിപ്പിക്കാനായിരുന്നു സിനിമാക്കാരന് കൂടിയായ കാപ്പന്റെ ശ്രമം. പാലയിലെ എംഎല്‍എ ആയതുകൊണ്ടാകുമോ സ്വയമൊന്ന് പിളരണമെന്ന തോന്നലുണ്ടായതെന്നറിയില്ല.
കേരളാ കോണ്‍ഗ്രസ് എന്ന പേരു പേറുന്നത് ‘എ’ആയാലും ‘ബി’ആയാലും ‘ജെ’ ആയാലും ‘എം’ ആയാലും പിളര്‍പ്പ് ജന്മാവകാശമാണ്. അത് തെളിയിക്കുകയാണ് ഏറ്റവും ഒടുവില്‍ കേരളാ കോണ്‍ഗ്രസ് (ബി). ആര്. ബാലകൃഷ്ണപിള്ളയുടെ സ്വന്തം പാര്‍ട്ടി. ചെയര്മാന് വയ്യാതിരിക്കുകയായിരുന്നെങ്കില്‍ പിളര്‍പ്പൊപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ കമ്പിപ്പാര എന്ത് ? എങ്ങനെ എന്നറിഞ്ഞേനെ. പത്ത് ജില്ലാ പ്രസിഡന്റ് (?) മാര്‍ ഉള്‍പ്പെടെ നൂറു കണക്കിനാളുകള്‍ പിളര്‍ന്നേ തീരു എന്ന തീരുമാനത്തിലാണ്. ക്യാബിനറ്റ് പദവിയോടെ മുന്നാക്ക സമുദായ കമ്മീഷനായിരുന്നിട്ടും പിള്ള കുറേക്കാലമായി പ്രവര്‍ത്തനത്തില്‍ പിന്നാക്കമായിരുന്നു.
മകന് കെ.ബി. ഗണേഷ് കുമാറിനാണ് പാര്‍ട്ടിയുടെ നിയന്ത്രണം. ഗണേഷ് കുമാര്‍ തന്റെ വിശ്വസ്തര്‍ക്കു മാത്രമാണ് പരിഗണന നല്‍കുന്നതെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പരാതി.
ഒടുവിലായി പിഎസ്സ്സി അംഗത്തിന്റെ നിയമനം സംബന്ധിച്ച് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയാണ് നിയമനം നടത്തിയതെന്ന് ആക്ഷേപമുണ്ട്. ഗണേഷ് കുമാറും സംഘവും പാര്‍ട്ടിയെ ഹൈജാക് ചെയ്യുകയാണെന്നാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നവരുടെ പ്രധാന ആരോപണം.
കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകള്‍ ഒഴികെയുള്ള 10 ജില്ലകളിലെ പ്രസിഡന്റുമാരും സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടെയാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ഗണേശ്കുമാറിനെ പിളര്‍ത്തി പോകുന്നവര്‍ പുതിയ മേച്ചില്‍പ്പുറം കണ്ടെത്തിക്കഴിഞ്ഞു.
പ്രഭാതത്തില്‍ വാതില്‍ തുറന്ന് നോക്കുമ്പോള്‍ കണികാണാന്‍ ആനകളെ മുറ്റത്ത് തളച്ച് നിര്‍ത്തുന്ന കുടുംബമാണ് ബാലകൃഷ്ണപിള്ളയുടെത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സമ്പത്ത് ഏറെ പൊടിപൊടിച്ചാലെന്താ! അധികാര സ്ഥാനങ്ങളില്‍ ഏറെക്കാലം നിവര്‍ന്ന് നില്‍ക്കാനും അമര്ന്നിരിക്കാനും അവസരം ലഭിച്ച വ്യക്തിത്വം. അവസാന അവസരങ്ങളിലും മുന്തിയ പദവിയാണെങ്കിലും ഒരു പിളര്‍പ്പിനെ എങ്ങനെ നേരിടും എന്ന ആശങ്കയൊന്നും അദ്ദേഹത്തിനുണ്ടാകാന്‍ ഇടയില്ല. കാരണം എല്ലാത്തിനും പ്രാപ്തനായ ഒരു മകനുണ്ടല്ലൊ എന്നതാണ് അദ്ദേഹത്തിന്റെ ആശ്വാസം.
പോണ്ടിച്ചേരിയും കേരളവും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണ്. 30 അംഗ നിയമസഭയില്‍ രണ്ട് അംഗങ്ങള്‍ മലയാളികളാണ്. തലശ്ശേരിക്കും വടകരയ്ക്കും ഇടയിലുള്ള മാഹിയില്‍ നിന്നും ജയിക്കുന്നവരാണിവര്‍. മാഹിയിലെ രണ്ട് മണ്ഡലങ്ങളും മലയാളികളാല്‍ സമ്പന്നമാണ്. പോര്‍ച്ചുഗീസുകാരുടെ അധീനതയിലായിരുന്നു ഈ പ്രദേശം. വിദേശ അധിനിവേശത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ടെങ്കിലും കേരളത്തിനുള്ളിലുള്ള ഈ പ്രദേശം വേറിട്ടുനില്ക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലാണ് ഈ കേന്ദ്രഭരണ പ്രദേശം ഭരിച്ചുപോന്നത്.
വി. നാരായണ സ്വാമി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.കെ റാവു തിങ്കളാഴ്ചയും കാമരാജ് നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ എ. ജോണ്‍ കുമാര്‍ ചൊവ്വാഴ്ചയും രാജി സമര്‍പ്പിച്ചു. രാജി വച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ നാരായണസ്വാമി സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി.
ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാര്‍ രാജിവയ്ക്കും. കേവല ഭൂരിപക്ഷത്തിന് 16 സീറ്റുകള്‍ വേണമെന്നിരിക്കെ നിലവില്‍ കോണ്‍ഗ്രസ് ഡിഎംകെ സഖ്യത്തിന് 14 സീറ്റേ ഉള്ളു. 30 അംഗ നിയമസഭയില്‍ 15 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് 2016 ല്‍ അധികാരത്തില്‍ വന്നത്.
ഒറ്റയ്ക്കു മത്സരിച്ച് കഴിഞ്ഞ തവണ 3% വോട്ടു നേടിയ പുതുച്ചേരിയില്‍ ഭരണം പിടിക്കാനുള്ള ബിജെപി നീക്കം ശക്തമാക്കിയിരുന്നു. 3 നോമിനേറ്റഡ് അംഗങ്ങള്‍ കൂടി നിയമസഭയിലുണ്ട്. നിലവില്‍ കോണ്‍ഗ്രസ്11, ഡിഎംകെ 3, മാഹിയില്‍ നിന്നുള്ള ഇടതു സ്വതന്ത്രന് 1 എന്നിങ്ങനെയാണു ഭരണ മുന്നണിയുടെനില. എന്‍ആര്‍ കോണ്‍ഗ്രസ് 7, അണ്ണാഡിഎംകെ 4, ബിജെപി 3 (നോമിനേറ്റഡ്) സഖ്യമാണു പ്രതിപക്ഷത്ത്. 3 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.
പുതുച്ചേരി പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ നമശിവായം, ഒസുഡു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ദീപാഞ്ജ്ജന്‍ എന്നിവര്‍ ആഴ്ചകള്‍ക്കു മുന്‍പ് പാര്‍ട്ടി വിട്ടിരുന്നു. പുതുച്ചേരി വില്യന്നൂര് മണ്ഡലത്തില്‍ നിന്നുള്ള എംഎഎല്‍്എയായ നമശിവായം മുന്‍ പിസിസി പ്രസിഡന്റ് കൂടിയാണ്. നമശിവായത്തിന്റെ രാജിക്കു പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് അച്ചടക്കവാള്‍ എടുത്തതാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരടക്കമുള്ള 13 നേതാക്കളെ പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത നടപടി തിരിച്ചടിയായി. രാഹുല്‍ പോണ്ടിച്ചേരിയില്‍ എത്താനിരിക്കെ ഉണ്ടായ സംഭവം അഖിലേന്ത്യാ നേതാവിന്റെ കരണക്കുറ്റിക്കേറ്റ അടിയായി. കേരളത്തിന്റെ പേരുദോഷം പോലെ ‘മലയാളി എവിടെ ഉണ്ടോ അവിടെ പിളര്‍പ്പുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: