തേഞ്ഞിപ്പലം: അറുപത്തിനാലാമത് സംസ്ഥാന സീനിയര്‍-ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം എറണാകുളത്തിന്റെ കുതിപ്പ്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ എറണാകുളമാണ് ഒന്നാമത്.
ജൂനിയര്‍ വിഭാഗത്തില്‍ ആദ്യ ദിനം മുന്നിലായിരുന്ന പാലക്കാടിനെ പിന്തള്ളിയാണ് എറണാകുളം ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. 15 സ്വര്‍ണവും 11 വെള്ളിയും 7 വെങ്കലവുമടക്കം 206 പോയിന്റാണ് എറണാകുളത്തിനുള്ളത്. 10 സ്വര്‍ണവും 7 വീതം വെള്ളിയും വെങ്കലവുമടക്കം 176 പോയിന്റാണ് രണ്ടാമതുള്ള പാലക്കാടിന്. 8 സ്വര്‍ണവും 7 വെള്ളിയും 11 വെങ്കലവുമടക്കം 175.5 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്.
സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 6 സ്വര്‍ണവും 4 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 88 പോയിന്റുമായാണ് എറണാകുളം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 4 വീതം സ്വര്‍ണവും വെള്ളിയും 2 വെങ്കലവും നേടി 79 പോയിന്റുമായി കോട്ടയം രണ്ടാം സ്ഥാനത്തും 3 സ്വര്‍ണവും ഒരു വെള്ളിയുമടക്കം 34 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
ഒരേയൊരു റെക്കോഡ്
ഇന്നലെ ഒരേയൊരു റെക്കോഡാണ് പിറന്നത്. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ പിറന്ന റെക്കോഡുകള്‍ മൂന്നായി. അണ്ടര്‍ 20 പെണ് 4-100 മീറ്റര്‍ റിലേയിലാണ് ഇന്നലത്തെ ഏക റെക്കോഡ്്. 21 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് തൃശൂര്‍ ടീം തകര്‍ത്തത്. ആന്‍സി സോജന്, അഞ്ജലി. പി.ഡി, ജംഷീല. ടി.ജെ, ആന്‍ റോസ് ടോമി എന്നിവരങ്ങിയ തൃശൂര്‍ ജില്ല 47.17 സെക്കന്‍ഡില്‍ പറന്നെത്തിയാണ് റെക്കോഡിന് അവകാശികളായത്. 2000-ല്‍ പത്തനംതിട്ട സ്ഥാപിച്ച 48.60 സെക്കന്‍ഡിന്റെ റെക്കോഡാണ് പഴങ്കഥയായത്. 50.93 സെക്കന്‍ഡില്‍ എറണാകുളം വെള്ളിയും 51.23 സെക്കന്‍ഡില്‍ കോഴിക്കോട് വെങ്കലവും സ്വന്തമാക്കി.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ റിലേയില്‍ 44.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പാലക്കാടിനാണ് സ്വര്‍ണം. എണാകുളം വെള്ളിയും ആലപ്പുഴ വെങ്കലവും സ്വന്തമാക്കി.
വനിതാ വിഭാഗത്തില്‍ കോട്ടയം സ്വര്‍ണം നേടി. 55.72 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ആലപ്പുഴക്കാണ് വെള്ളി. പുരുഷ വിഭാഗത്തില്‍ എറണാകുളം സ്വര്‍ണം നേടി. സമയം 43.14 സെക്കന്‍ഡ്. കൊല്ലം വെള്ളിയും മലപ്പും വെങ്കലവും സ്വന്തമാക്കി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ മെഡ്ലെ റിലേയില്‍ കോഴിക്കോടിനാണ് സ്വര്‍ണം. 2:22.23 സെക്കന്‍ഡിലാണ് പൊന്നണിഞ്ഞത്. പാലക്കാട് വെള്ളിയും കോട്ടയം വെങ്കലവും നേടി.
അമല്‍ പ്രകാശ് വേഗരാജന്
ട്രാക്കില്‍ ആവേശം പടര്‍ത്തി നൂറ് മീറ്റര്‍ പോരാട്ടത്തില്‍ സീനിയര്‍ വിഭാഗം പുരുഷന്മാരില് കൊല്ലത്തിന്റെ അമല്‍ പ്രകാശ് 11.14 സെക്കന്‍ഡില്‍ വേഗരാജനായി. വയനാടിന്റെ നെവില്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് 11.23 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാടിന്റെ മനീഷ്. എസ് 11.26 സെക്കന്‍ഡില്‍ വെങ്കലവും നേടി. വനിതകളില്‍ കോട്ടയത്തിന്റെ എസ്.എസ്. സ്നേഹ 12.49 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. സഹോദരങ്ങളായ തിരുവനന്തപുരത്തിന്റെ എ.പി. ഷില്‍ബി 12.61 സെക്കന്‍ഡില്‍ വെള്ളിയും എ.പി. ഷെല്‍ഡ 13.21 സെക്കന്‍ഡില്‍ വെങ്കലവും നേടി.
അണ്ടര്‍ 20 പെണ് വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും തൃശൂര്‍ സ്വന്തമാക്കി. 12.26 സെക്കന്‍ഡില്‍ അഞ്ജലി. പി.ഡി ഒന്നാമതെത്തിയപ്പോള്‍ 12.72 സെക്കന്‍ഡില്‍ ആന്‍ റോസ് ടോമി രണ്ടാമത് ഫിനിഷ് ചെയ്തു. എറണാകുളത്തിന്െ ഭവിക. വി.എസിനാണ് വെങ്കലം. സമയം: 12.85 സെക്കന്‍ഡ്.
ഇതേ വിഭാഗം ആണ്‍കുട്ടികളില്‍ പാലക്കാട് മാത്തൂരിന്റെ സി.ആര്. അബ്ദുള്‍ റസാഖ് 10.98 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ഇതാദ്യമായാണ് അബ്ദുള്‍ റസാഖ് സീനിയര്‍ തലത്തില്‍ മത്സരിക്കുന്നത്. 400 മീറ്ററില്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനാണ് അബ്ദുള്‍ റസാഖ്. തിരുവന്തപുരത്തിന്റെ ജെ. അഭിജിത്ത് 11.13 സെക്കന്‍ഡില്‍ വെള്ളിയും തൃശൂരിന്റെ മുഹമ്മദ് സജീന് 11.16 സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി.
അണ്ടര്‍ 18 വിഭാഗത്തില്‍ ആലപ്പുഴയുടെ ജോയ് കെ. സായ്മോന്‍ 11.20 സെക്കന്‍ഡില്‍ ഒന്നാമതെത്തി. മലപ്പുറത്തിന്റെ അബ്ദുള്‍ റൗഫ് 11.39 സെക്കന്‍ഡില്‍ വെള്ളിയും തൃശൂരിന്റെ വിശാല്‍ ദേവ്മിത് 11.43 സെക്കന്‍ഡില്‍ വെങ്കലവും നേടി. അണ്ടര്‍ 16 വിഭാഗത്തില്‍ ആലപ്പുഴയുടെ കാല്വിന് റോസ്വാന്‍ 11.64 സെക്കന്‍ഡില്‍ സ്വര്‍ണം സ്വന്തമാക്കി. 11.93 സെക്കന്‍ഡില്‍ മലപ്പുറത്തിന്റെ എം. മുഹമ്മദ് ബാസില്‍ വെള്ളിയും 11.99 സെക്കന്‍ഡില്‍ പാലക്കാടിന്റെ ആയുഷ്. ആര് വെങ്കലവും സ്വന്തമാക്കി.
അണ്ടര്‍ 18 പെണ്‍കുട്ടികളില്‍ കോട്ടയത്തിന്റെ രശ്മി ജയരാജ് 13.10 സെക്കന്‍ഡില്‍ സ്വര്‍ണവും മലപ്പുറത്തിന്റെ ആര്‍ദ്ര. കെ 13.16 സെക്കന്‍ഡില്‍ വെള്ളിയും എറണാകുളത്തിന്റെ ഫിസ റഫീഖ് 13.32 സെക്കന്‍ഡില്‍ വെങ്കലവും നേടി. അണ്ടര്‍ 16 വിഭാഗത്തിലും സ്വര്‍ണം കോട്ടയത്തിനാണ്. അവരുടെ സാന്ദ്രമോള്‍ സാബു 12.756 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പൊന്നണിഞ്ഞത്. പാലക്കാടിന്റെ ജി. താര 12.87 സെക്കന്‍ഡില്‍ വെള്ളിയും കോഴിക്കോടിന്റെ ശാരിക സുനില്‍കുമാര്‍ 13.35 സെക്കന്‍ഡില്‍ വെങ്കലവും നേടി.
ലോങ്ജമ്പില്‍ ആന്‍സി
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിക്കാമായിരുന്നിട്ടും വനിതാ വിഭാഗത്തില്‍ മത്സരിച്ച് പൊന്നണിഞ്ഞ് തൃശൂരിന്റെ സൂപ്പര്‍ താരം ആന്‍സി സോജന്. വനിതകളുടെ ലോങ്ജമ്പിലാണ് ആന്‍സി ഇന്നലെ പൊന്നണിഞ്ഞത്്. 6.19 മീറ്റര്‍ ചാടിയായിരുന്നു നാട്ടിക സ്പോര്‍ട്സ് അക്കാദമിയില്‍ വി.വി. സനോജിനു (കണ്ണന്) കീഴില്‍ പരിശീലനം നടത്തുന്ന ആന്‍സിയുടെ സ്വര്‍ണക്കുതിപ്പ്. അടുത്തിടെ സമാപിച്ച ഫെഡറേഷന് കപ്പ് യൂത്ത് അത്ലറ്റിക്സിലും ദേശീയ ജൂനിയര്‍ അത്ലറ്റിക്സിലും ലോങ്ജമ്പില്‍ സ്വര്‍ണം നേടിയ ആന്‍സി സംസ്ഥാന, ദേശീയ സ്കൂള്‍ മീറ്റുകളിലെയും മിന്നും താരമാണ്. ഇടപ്പിള്ളി വീട്ടില്‍ സോജന്റെയും നാന്സിയുടെയും മകളാണ് ആന്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: