ന്യൂദല്‍ഹി: ഗ്രേറ്റ ത്യുന്‍ബെ ഉള്‍പ്പെട്ട ടൂള്‍ കിറ്റ് കേസില്‍ കുറ്റക്കാരിയെന്ന് കണ്ട് അറസ്റ്റ് ചെയ്ത ദിഷ രവിയെ ഉടന്‍ വിട്ടയക്കണമെന്ന ആവശ്യവുമായി സിപിഎം. ദല്‍ഹി പോലീസിന്റെ നടപടി അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്ന് പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ദിഷ രവിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിച്ച് ഉടന്‍ വിട്ടയക്കണമെന്ന് പിബി ആവശ്യപ്പെട്ടു.
ബംഗളൂരു മൗണ്ട് കാര്‍മല്‍ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയും പരിസ്ഥിതിപ്രവര്‍ത്തകയുമായ ദിഷ രവിയെ ദല്‍ഹി പോലീസ് സൈബര്‍സെല്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. സൊലദേവനഹള്ളിയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ രാത്രിതന്നെ ദല്‍ഹിയിലെത്തിച്ചു. ദേശദ്രോഹം, ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ദിഷയെ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ ക്യാംപെയ്നിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ദിഷയ്ക്കെതിരായ കുറ്റം.
മുംബൈ ഹൈക്കോടതി അഭിഭാഷക നിഖിത ജേക്കബ്, ശാന്ത്നു എന്നിവര്‍ക്കെതിരെയും ദല്‍ഹിയിലെ ഇടനിലക്കാരുടെ കലാപത്തില്‍ പോലീസ് കേസെടുത്തിരുന്നു. ടൂള്‍കിറ്റ് നിര്‍മിച്ചത് നിഖിതയാണെന്നാണ് പോലീസിന്റെ വാദം. ഇരുവരും ഒളിവിലാണെന്നും ഇവരെ കണ്ടെത്താന്‍ തെരച്ചില്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
കര്‍ഷകസമരത്തിന് പിന്തുണ അറിയിച്ച് ഗേറ്റ ത്യുന്‍ബെ ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍ കിറ്റ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതോടെ ഫെബ്രുവരി നാലിനാണ് പോലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷകസമരത്തെ പിന്തുണയ്ക്കേണ്ടത് എങ്ങനെയെന്നായിരുന്നു ടൂര്‍ കിറ്റില്‍ വിശദീകരിച്ചിരുന്നത്. രാജ്യത്തിന്റെ ഐക്യത്തേയും സമാധാനത്തേയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ടൂള്‍ കിറ്റ് എന്ന് ദല്‍ഹി പോലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ പര്‍വീര്‍ രഞ്ചന്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: