കോട്ടയം: എന്‍സിപി പിളര്‍ത്തി മാണി സി. കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫിലേക്കെന്ന് പ്രഖ്യാപിച്ചതോടെ കാപ്പനെതിരെ ആരോപണവുമായി എതിര് വിഭാഗം. എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിലും സഹഭാരവാഹികളുമാണ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപണവുമായി രംഗത്ത് എത്തിയത്.
കാപ്പനൊപ്പം ആരുമില്ലെന്നും പാര്‍ട്ടിക്കോ മുന്നണിക്കോ കാപ്പന്റെ പോക്കുകൊണ്ട് നഷ്ടമുണ്ടാകില്ലെന്നും ഇവര്‍ പറഞ്ഞു. വ്യക്തിതാല്പര്യം മുന്‍നിര്‍ത്തി രണ്ടോ മൂന്നോ പേര് കാപ്പനൊപ്പം പോയാലല്ലാതെ ഭൂരിപക്ഷം നേതാക്കന്മാരും പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ ഉറച്ചു നില്ക്കും. രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ യുഡിഎഫില്‍ ചേരുംമുമ്പ് മാണി സി. കാപ്പന് എംഎല്‍എ സ്ഥാനം രാജിവെക്കണം.
കാപ്പന്റെ അനവസരത്തിലുളള പ്രസ്താവനകള്‍ പലപ്പോഴും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഘടനാപരമായ ശൈലിയല്ല സിനിമ-ബിസിനസ് ശൈലിയാണ് കാപ്പനുള്ളതെന്നും അവര്‍ പറഞ്ഞു. എന്‍സിപി സംസ്ഥാന-ജില്ലാ നേതാക്കളായ പി.കെ. ആനന്ദക്കുട്ടന്, ടി.വി. ബേബി, കാണക്കാരി അരവിന്ദാക്ഷന്, സാബു മുരിക്കവേലി, പി.ഒ. രാജേന്ദ്രന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: