കരീപ്ര: കരീപ്ര പഞ്ചായത്തിലെ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി അംഗത്തിന് ജയം. ജനുവരി എട്ടാം തീയതി നടന്ന വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി അംഗത്തിനെ ഒഴിവാക്കാന്‍ സിപിഎം-കോണ്‍ഗ്രസ് അംഗത്തിന് വോട്ട് ചെയ്തിരുന്നു. പക്ഷേ ഒന്നാം പരിഗണന വോട്ടുകള്‍ എണ്ണിയപ്പോള്‍ ബിജെപി അംഗം കെ. ഗീതാമണിയുടെ മൂന്ന് ഒന്നാം പരിഗണന വോട്ട് മറികടക്കാന്‍ കോണ്‍ഗ്രസിലെ ഷീബ സജിക്ക് കഴിഞ്ഞിരുന്നില്ല.
ഭരണസമിതിയില്‍ രണ്ട് അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസ് അംഗത്തിന് 14 മൂന്നാം പരിഗണന വോട്ടുകള്‍ ആണ് ലഭിച്ചത്. എന്നിട്ടും റിട്ടേണിംഗ് ഓഫീസറായ കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ഭരണകക്ഷിയായ സിപിഎമ്മിന്റെ ഭീഷണിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കോണ്‍ഗ്രസ് അംഗത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെ ഗീതാമണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ജനുവരി 23ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട് ഏഴ് പേരെ നേരിട്ട് വിസ്തരിച്ചു. ഇതുപ്രകാരം ചട്ടലംഘനം നടന്നതായി മനസ്സിലാക്കിയ കമ്മീഷന് വീണ്ടും പഞ്ചായത്ത് സമിതി വിളിച്ചുചേര്‍ത്ത് ഗീതാമണിയെ വിജയിയായി പ്രഖ്യാപിക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് വരണാധികാരി ഇന്നലെ രാവിലെ 11 മണിക്ക് സമിതി വിളിച്ചു ചേര്‍ക്കുകയും അനില്‍ കുമാര്‍, കെ. ഗീതാമണി, വി.കെ.റോയ് എന്നിവരെ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: