കോട്ടയം: ലക്ഷങ്ങള്‍ മുടക്കി മത്സ്യകൃഷിയിലേക്ക് ഇറങ്ങിയ കര്‍ഷകര്‍ വിലയിടിവും വിപണി ഇല്ലായ്മയും മൂലം ബുദ്ധിമുട്ടുകയാണെന്ന് സാമൂഹ്യ പ്രവര്ത്തകന് എബി ഐപ്പ് ആരോപിച്ചു.
സിലോപ്പിയ, വാള തുടങ്ങിയ മീനുകളാണ് കര്‍ഷകര്‍ കൂടുതലായും കൃഷി ചെയ്തിരുന്നത്. സര്‍ക്കാര്‍ ആനുകൂല്യം പ്രതീക്ഷിച്ച് കൃഷി ചെയ്ത കര്‍ഷകരില്‍ ഭൂരിഭാഗത്തിനും ആനുകൂല്യങ്ങള്‍ പോലും ലഭിച്ചിട്ടില്ല. ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ഫിഷറീസ് വകുപ്പു കേന്ദ്രീകരിച്ച് ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
മീന്‍കൃഷി വ്യാപകമായതോടെ പടുതായിക്കും മീന്‍ തീറ്റയ്ക്കും കുഞ്ഞുങ്ങള്‍ക്കും വലിയ തോതില്‍ വില വര്‍ദ്ധിച്ചിരുന്നു. ഒണ്‍ലൈന്‍ പരസ്യങ്ങളിലൂടെ മീന്‍ കുഞ്ഞുങ്ങളെ വില്ക്കുന്നവര് വസ്തുതാ വിരുദ്ധമായ പരസ്യങ്ങള്‍ നല്കി ആളുകളെ ആകര്‍ഷിക്കുന്നുമുണ്ട്. ബംഗാളില്‍ നിന്നുള്ള മീന്‍ കുഞ്ഞുങ്ങളാണ് കൂടുതലായും കേരളത്തില്‍ എത്തിയിരുന്നത് ഇവയെ വൃത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ട് വില്‍പ്പനയ്ക്ക് വലിയ തടസമാകുനുണ്ട്.
മീന്‍കൃഷിക്ക് പ്രോത്സാഹനം നല്‍കുമെന്ന് പറഞ്ഞ ഫിഷറീസ് വകുപ്പ് മീന്‍കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ പോലും സ്വീകരിച്ചില്ല. കട്ടിള, രോഹു, മൃഗാള്‍ തുടങ്ങിയ മീന്‍ കുഞ്ഞുങ്ങളെ മാത്രമാണ് അവര്‍ നല്‍കിയത് ഇത് ചെറിയ കുളങ്ങളില്‍ വളര്‍ത്താല്‍ പറ്റുന്നവയല്ല. വലിയ പാറമടകളില്‍ മീന്‍ വളര്‍ത്തിയ കര്‍ഷകര്‍ക്കാണ് ഏറ്റവും അധികം നഷ്ടം ഉണ്ടായിരിക്കുന്നത്. ഇടനിലക്കാരുടെ ഇടപെടലാണ് വിലയിടിയാന്‍ കാരണം. ഈ സാഹചര്യത്തില്‍ ഫിഷറീസിന്റെ മീന്‍ വില്‍പ്പന കേന്ദ്രങ്ങള്‍വഴി കര്‍ഷകരുടെ മീന്‍ സംഭരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എബി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: