കൊച്ചി: കര്‍ഷക സമരത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന വിദേശ സെലിബ്രിറ്റികളോട് അത് വേണ്ടെന്ന് പറഞ്ഞതിന്റെ പേരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ ക്രൂരമായി വിമര്‍ശിച്ചവര്‍ക്ക് മറുപടിയായി എത്തിയ ദേശം സച്ചിനൊപ്പം (നേഷന്‍ വിത്ത് സച്ചിന്‍) എന്ന ഹാഷ് ടാഗിനെ പിന്തുണച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്.
സച്ചിൻ ഒരു വികാരമാണെന്നും അദ്ദേഹം ഇന്ത്യയുടെ അഭിമാനമാണെന്നും ശ്രീശാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് സച്ചിനെ പിന്തുണച്ച് രംഗത്തെത്തിയത്. ‘സച്ചിൻ പാജി ഒരു വികാരമാണ്. രാജ്യത്തിനായി കളിക്കാൻ എന്നെപ്പോലെയുള്ളവർ ആഗ്രഹിക്കാൻ കാരണം അദ്ദേഹമാണ്. അദ്ദേഹത്തോടുള്ള സ്‌നേഹം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല. ഇന്ത്യയിൽ ജനിച്ചതിന് നന്ദി. നിങ്ങൾ എന്നും ഇന്ത്യയുടെ അഭിമാനമായിരിക്കും’. #IStandWithSachin #NationWithSachin എന്നീ ഹാഷ്ടാഗുകൾ ഉൾപ്പെടുത്തി ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.
നേരത്തെ, കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാനയ്‌ക്ക് എതിരെ സച്ചിൻ പരസ്യമായി രംഗത്തെത്തിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ ഒരു ട്വീറ്റാണ് സച്ചിനെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. കര്‍ഷകസമരത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് കേന്ദ്രം ഉന്നയിച്ചിരുന്നത്. ഖാലിസ്ഥാന്‍ വാദികളും ഇസ്ലാമിക തീവ്രവാദികളും മോദി വിരുദ്ധരായ പ്രതിപക്ഷപാര്‍ട്ടികളും ഈ സമരത്തില്‍ നിന്ന് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ തന്നെ കേന്ദ്രം വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗ്രെറ്റ് തുന്‍ബര്‍ഗ് എന്ന സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തകയും റിഹാന എന്ന പോപ്പ് സംഗീതജ്ഞയും കര്‍ഷകസമരത്തെ പിന്തുണച്ചപ്പോള്‍ അവരെ ബുദ്ധിയുപദേശിക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ രംഗത്തെത്തിയത്.
ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടു വീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യ ശക്തികൾക്ക് കാഴ്ചക്കാരാകാം, എന്നാൽ പങ്കാളികളാകുക സാദ്ധ്യമല്ല. ഇന്ത്യക്കാർക്ക് ഇന്ത്യയെ നന്നായി അറിയാമെന്നും ഇന്ത്യയ്‌ക്ക് വേണ്ടി ഇന്ത്യക്കാർ തീരുമാനമെടുക്കുമെന്നുമായിരുന്നു സച്ചിന്റെ പ്രതികരണം.
മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആരാധകര്‍ ട്വിറ്ററില്‍ കൂട്ടത്തോടെ എത്തി നേഷന്‍വിത്ത് സച്ചിന്‍ എന്ന ഹാഷ് ടാഗിന് പിന്തുണ അറിയിക്കുകയാണ്. രാജ്യത്തിന് സമാനതകളില്ലാത്ത മഹത്വം കൊണ്ടുവന്ന ക്രിക്കറ്റ് താരമാണ് സച്ചിന്‍. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിഓയില്‍ ഒഴിച്ചാണ് ശനിയാഴ്ച സച്ചിനെതിരെ പ്രതികരിച്ചത്. സച്ചിന്‍ തന്റെ ട്വീറ്റില്‍ കര്‍ഷകരെ വിമര്‍ശിച്ചിട്ടില്ല. സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ അതിനനുവദിക്കരുതെന്നും അതിന് ആക്കം കൂട്ടാന്‍ വിദേശ സെലിബ്രിറ്റികള്‍ ശ്രമിക്കരുതെന്നും ആയിരുന്നു സച്ചിന്റെ ട്വീറ്റിന് പിന്നിലെ പ്രചോദനം.
ഈ ഒരൊറ്റ ട്വീറ്റുകൊണ്ട് സച്ചിന്‍ കമ്മ്യൂണിസ്റ്റുകളുടെയും യൂത്ത്‌കോണ്‍ഗ്രസിന്റെയും ഇസ്ലാമിക തീവ്രവാദികളുടെയും ഖാലിസ്ഥാനികളുടെയും കണ്ണില്‍ കരടായി. ഭാരത രത്‌ന നേടിയ, കറ പുരളാത്ത വ്യക്തിത്വമുള്ള സച്ചിനെതിരെ മകന് മുംബൈ ഇന്ത്യന്‍സില്‍ ഇടം കിട്ടാനാണ് സച്ചിന്‍ മോദിക്കും അംബാനിക്കും അനുകൂലമായി ട്വീറ്റ് ചെയ്തത് എന്ന് വരെ ബാലിശമായ വിമര്‍ശനങ്ങളുണ്ടായി. സ്വന്തക്കാര്‍ക്ക് വേണ്ടി തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്ന കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് നേതാക്കളുടെ പാരമ്പര്യത്തിലേക്ക് സച്ചിനെ ഇടിച്ചു താഴ്‌ത്താന്‍ വരെ ശ്രമമുണ്ടായി. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ ഒരിക്കല്‍ പോലും സച്ചിന്‍ കോഴയേയോ ഹവാല പണത്തെയോ എത്രയോ പ്രലോഭനങ്ങളുണ്ടായിട്ടു പോലെ ഏഴയലത്ത് അടുപ്പിച്ചിട്ടില്ല. ആ സച്ചിനെയാണ് പ്രശാന്ത് ഭൂഷണെപ്പോലെയുള്ള മോദി വിരുദ്ധതകൊണ്ട് അന്ധനായ അഭിഭാഷകന്‍ ദേശദ്രോഹിയായി വരെ മുദ്രകുത്തിയത്. ‘ഹൃദയശൂന്യനായ സര്‍ക്കാരിന്റെ സെലിബ്രിറ്റി’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ സച്ചിനെതിരായി നടത്തിയ ട്വീറ്റ്. കേരളത്തിലെ ചിലര്‍ മരിയ ഷറപ്പോവയോട് മാപ്പ് ചോദിച്ച് വരെ സച്ചിനെ അപമാനിക്കാന്‍ ശ്രമിച്ചു. പണ്ട് സച്ചിനെക്കുറിച്ചുള്ള ഒരു കമന്റിന് സച്ചിനെ തനിക്കറിയില്ലെന്ന് പറഞ്ഞതിന് റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയെ വിമര്‍ശിച്ച നാടാണ് ഇന്ത്യ. ആ ഇന്ത്യയാണ് ഇപ്പോള്‍ സച്ചിനെ ഇത്രത്തോളം തരംതാഴ്‌ത്തിയത്.
ഈ സാഹചര്യത്തിലാണ് #NationWithSachin എന്ന ഹാഷ് ടാഗുമായി ദേശസ്നേഹികളും സച്ചിന്‍ പ്രേമികളും എത്തിയത്. ഇപ്പോള്‍ ശ്രീശാന്തും ഈ ഹാഷ്ടാഗിനെ പിന്തുണച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: