ഔറംഗസേബ് വിഷമസ്ഥിതിയിലായി. ശിവാജിയെ വധിക്കുകയാണെങ്കില്‍ മിര്ഝാരാജയെപ്പോലുള്ള വരിഷ്ഠ സേനാപതിയെ അപമാനിക്കുന്നതിന് തുല്യമാകും. ദൂരെ ദക്ഷിണപ്രദേശത്ത് സൈന്യത്തോടെ നില്ക്കുന്ന പിതാവും ഇവിടെ പുത്രനും ഒരുമിച്ച് വിപ്ലവമുണ്ടാക്കിയാലൊ…? അങ്ങനെ വരുമ്പോള്‍ ഈ വിഷയം കൗശലപൂര്‍വം കൈകാര്യം ചെയ്യണം. തിരക്കു പിടിച്ചാല്‍ കൈവിട്ടുപോകാന്‍ സാധ്യതയുണ്ട്.
ഔറംഗസേബ് ഒരു കുതന്ത്രം പ്രയോഗിച്ചു, ശിവാജിയുടെ രക്ഷണ ചുമതല രാമസിംഹന് കൊടുത്തു. ശിവാജി ഓടി രക്ഷപ്പെടാതെ നോക്കാനുള്ള ഉത്തരവാദിത്വം രാമസിംഹന്റേത്. അതിന് രാമസിംഹന് വാക്കുകൊടുക്കണം. രാമസിംഹന് അതംഗീകരിച്ചു. തല്‍ക്കാലമാണെങ്കിലും ശിവാജി മൃത്യുമുഖത്തില്‍നിന്നും രക്ഷപ്പെട്ടു.
അന്ന് രാത്രിതന്നെ നടന്ന എല്ലാ വിവരങ്ങളും രാമസിംഹന് ശിവാജിയോട് പറഞ്ഞു. അന്ന് രാത്രി തന്നെ ശിവാജിയെ വധിക്കാനായിരുന്നു പദ്ധതിയെന്നറിഞ്ഞ് എല്ലാവരും സ്തബ്ധരായി. ആഗ്രയില്‍ വന്നതിനുശേഷം രാമസിംഹനെ ശിവാജി അനുജനെപ്പോലെയാണ് കണ്ടിരുന്നത്. ഇപ്പോഴാകട്ടെ രാമസിംഹന്റെ ധൈര്യവും ദൃഢനിശ്ചയവും കണ്ട് കൂടുതല്‍ പ്രീതി വര്‍ധിച്ചു.
രാമസിംഹന് പ്രതിജ്ഞാ പത്രത്തില്‍ ഒപ്പ് വച്ച് ബാദശാഹയ്ക്ക് നല്കി. അത് ലഭിച്ചപ്പോള്‍ ബാദശാഹ രാമസിംഹനോട് പറഞ്ഞു. താങ്കളും ശിവാജിയും കാബൂള്‍ ആക്രമിക്കാനായി പോകണം. എന്നാണ് പോകുന്നതെന്ന് നിശ്ചയിച്ചറിയിക്കുക. അപ്പോള്‍ അവിടെ തന്നെ ഉണ്ടായിരുന്ന അന്ദാജഖാന് സന്ദര്‍ഭം പാഴാക്കാതെ പറഞ്ഞു, താങ്കളെ സഹായിക്കാന്‍ ഞാന്‍ കൂടെ ഉണ്ടാവണമെന്ന് ബാദശാഹ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുകേട്ടപ്പോള്‍ തന്നെ രാമസിംഹന് മനസ്സിലായി കാബൂള്‍ യാത്രാവേളയില്‍ അവസരം ഉണ്ടാക്കി ശിവാജിയെ കൊല്ലാനുള്ള പദ്ധതിയാണിതെന്ന്. അങ്ങനെ ചെയ്താല്‍ നാട്ടില്‍ പ്രചരിപ്പിക്കാന്‍ സാധിക്കും, ശത്രുക്കളുടെ കൈകൊണ്ട് ശിവാജി കൊല്ലപ്പെട്ടു എന്ന്. എന്നിരുന്നാലും മനസ്സിലെ ഭാവം മുഖത്ത് പ്രദര്‍ശിപ്പിക്കാതെ രാമസിംഹന് സമ്മതിച്ച് അവിടുന്നു പോയി. പുതിയ ആപത്ത് വന്നുഭവിച്ചിരിക്കുന്നു എന്ന ചിന്ത അദ്ദേഹത്തെ ചിന്താകുലനാക്കി.
ഔറംഗസേബ് മിര്‍ഝാരാജാ ജയസിംഹന് പത്രമെഴുതി ചോദിച്ചു, എന്റെ അനുമതി കൂടാതെ ശിവാജിക്ക് എന്തൊക്കെ വാഗ്ദാനങ്ങളാണ് താങ്കള്‍ കൊടുത്തിട്ടുള്ളതെന്ന്. അത് ഉടനെ അറിയിക്കുക. ബാദശാഹ വാക്ക് പാലിക്കുന്നില്ല എന്ന ആരോപണം ഒഴിവാക്കണം. ജയസിംഹന്റെ മറുപടി വരുന്നതുവരെ കാബൂള്‍ യാത്ര ഒഴിവായി. അതായത് ഒരു മാസം കൂടി ശിവാജിക്ക് ജീവിക്കാനവസരം ലഭിച്ചു. കാബൂള്‍ യാത്രാ വിവരം ശിവാജി അറിഞ്ഞു. എത്രയും പെട്ടെന്ന് ആഗ്രാ നഗരത്തില്‍നിന്നും മുക്തി നേടണം അല്ലെങ്കില്‍ എന്റെ മരണം നിശ്ചിതമാണ്. എന്നാല്‍ അവിടുന്ന് ഒളിച്ചോടാന്‍ തടസ്സമായി നില്‍ക്കുന്നത് രാമസിംഹന് കൊടുത്ത പ്രതിജ്ഞാ പത്രമാണ്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: