കേരളീയമായ നാലുകെട്ട് നിര്‍മിതി പണ്ടു കാലം മുതല്ക്കേ സാമാന്യ മലയാളികളെ വളരെ ആകര്ഷിച്ചവയും, മനസ്സില്‍ ഗൃഹാതുരത ഉണര്‍ത്തുന്നവയുമാണ്. ആധുനിക നിര്മാണവ്യവസ്ഥയിലും വലിയ നിര്‍മിതികള്‍ക്ക് ഈ ശൈലി സ്വീകൃതമായിട്ടുണ്ട്. ചെറിയ കുടുംബം ആണെങ്കില്‍ പോലും ഗൃഹനിര്മാണത്തില് നാലുകെട്ട് നിര്‍മിതി ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം മലയാളികളും.
നാലുകെട്ടുകളുടെ സാമാന്യ ഗുണങ്ങള്‍ പ്രാചീന കുടുംബ വ്യവസ്ഥിതിയില്‍ വലിയ കുടുംബങ്ങള്‍ക്കായി വളരെ ഫലപ്രദമായിരുന്നു. ആവശ്യമനുസരിച്ച് നിര്‍മ്മാണത്തില്‍ സമമിതി പരമായി കൂടുതല്‍ മുറികള്‍ നല്കി യോജിപ്പിക്കാം എന്നുള്ളതും ഈ നിര്‍മിതിയെ സാമൂഹികമാക്കി. വലിയ നിര്മിതികളില് സാധാരണയായി കണ്ടുവരാറുള്ള പ്രകാശ വായു വിന്യാസത്തിന്റെയും അഭാവവും നാലുകെട്ട് നിര്‍മാണരീതിയിലൂടെ ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്. നടുമുറ്റത്തു നിന്നും പുറമെ നിന്നുമുള്ള പ്രകാശ വിന്യാസവും, തുറന്നു കിടക്കുന്ന നടുമുറ്റവും ഇതിനെ ഒരു പരിധി വരെ ദൂരീകരിക്കുന്നു.
താഴ്ന്നു കിടക്കുന്ന നടുമുറ്റം നിറഞ്ഞു നില്ക്കുന്ന വായു മര്ദ്ദഭേദത്താല് ചൂടായാല്‍ മുകളിലേക്കുയരുകയും തദ്ഭാഗത്തേക്ക് അന്തരാളങ്ങളിലൂടെ പുറമെ നിന്നും വായു വലിച്ചു കയറ്റുകയും ചെയ്യുന്നു. ഇങ്ങനെ ക്രമമായ ഒരു ശ്വാസോച്ഛാസ പ്രവര്‍ത്തനം നടക്കുന്നതുകൊണ്ട് നാലുകെട്ടുകള്‍ മറ്റു ഗൃഹങ്ങളെ അപേക്ഷിച്ച് സുഖവാസത്തിനു കൂടുതല്‍ അനുയോജ്യമാണ്.
നാലുകെട്ടുകളുടെ ഓരോ ഗൃഹങ്ങള്‍ക്കും സംബന്ധമില്ലാത്ത രീതി സമുദായിക രീതിയനുസരിച്ച് പുല, വാലായ്മ എന്നിവ ആചരിക്കുന്ന പഴയ കാലഘട്ടത്തില്‍ ഒരു പരിധിവരെ വലിയ സഹായകമായിരുന്നു. സ്വകാര്യത ആഗ്രഹിച്ചിരുന്നവര്‍ക്കും ഈ രീതി അനുയോജ്യമാണ്.
നാലുകെട്ടുകളോടൊപ്പം തന്നെ ഉപനിര്മ്മിതികളായ പത്തായപ്പുര, പടിപ്പുര എന്നിവയെല്ലാം കാര്ഷികവ്യവസ്ഥിതിയുമായി ബന്ധപ്പെട്ട സാമൂഹികമായ വ്യവസ്ഥിതിക്ക് അനുസരിച്ച് നിര്‍മ്മിക്കപ്പെട്ടതായിരുന്നു. ഒരു പരിധിവരെ ആ കാലഘട്ടത്തിന് അനുസൃതമായതും.
പ്രാചീന കുടുംബജീവിതമനുസരിച്ച് നിര്‍മ്മിക്കപ്പെട്ട വലിയ നാലുകെട്ടുകളും എട്ടുകെട്ടുകളും പതിനാറു കെട്ടുകളും കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറിയതിനാല്‍ അപ്രസക്തമായി എന്ന് തന്നെ പറയാം. കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ജീവിതം വിട്ട്, വിവിധ കര്‍മ മേഖലയില്‍ വ്യാപൃതരാവുകയും, കുടുംബം ഒരുമിച്ചു താമസിക്കുന്ന രീതിയില്‍ നിന്ന് വ്യത്യാസം വന്നതുമായ സാഹചര്യത്തില്‍ വലിയ ഗൃഹങ്ങള്‍ എന്നുള്ളതിനു ഒരു പരിധിവരെ പ്രസക്തി കുറഞ്ഞു എന്നു വേണം കരുതാന്‍.
ആധുനിക കാലത്തും നാലുകെട്ടുകള്‍ക്കുള്ള സ്വീകാര്യത മലയാളിയുടെ ഗൃഹാതുരതയുടെയും പാരമ്പര്യത്തിന്റെയും കൂടി ഭാഗമാണ്. പ്രകൃതിയെ വീടുമായി ചേര്‍ക്കുക എന്നുള്ളതും, മനോഹരമായ ഒരു സ്വകാര്യ ഇടം എന്ന രീതിയിലും ഈ ശൈലി സ്വീകരിക്കുന്നവരുണ്ട്. സ്വാഭാവികമായ കാറ്റിനും വെളിച്ചതിനും വേണ്ടി നാലുകെട്ട് ശൈലി സ്വീകരിക്കുന്നവരാണ് അധികവും. അതുകൊണ്ട് തന്നെ പ്രകൃതിക്കനുസരിച്ചുള്ള കൃത്യമായ രൂപകല്പന പ്രാധാന്യമര്‍ഹിക്കുന്നു.
എന്നാല്‍ നാലുകെട്ട് നിര്‍മാണ ശൈലിയുടെ വന്‍ ജനപ്രിയത വാസ്തു തത്വങ്ങള്ക്കനുസൃതമല്ലാത്ത നിര്‍മാണ രീതിയിലേക്ക് മാറിയപ്പോള്‍ തദ്ദോഷങ്ങള് ഗൃഹവാസികളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കാനും തുടങ്ങി. കൃത്യമായ രൂപകല്പനയുടെയും
നിര്‍മാണത്തിന്റെയും അലോസരം സുഖവാസത്തെ വിപരീതമായി ബാധിച്ചു. അസ്ഥാനത്തുള്ള കുഴിയങ്കണങ്ങളും, പ്രകാശ വിന്യാസവും ഗൃഹത്തിന്റെ സ്വാഭാവിക രീതിക്ക് വിപരീതമായി. സാധാരണ കേരളീയ കുടുംബങ്ങള്‍ക്ക് വേണ്ടി വാസ്തു പ്രകാരമുള്ള ശ്ലിഷ്ട ഭിന്ന ശാലാസംവിധാനമാണ് ഏറെ ഉചിതമായിട്ടുള്ളത്.
പുറത്തോട്ടുള്ള വാതിലുകളുടെ എണ്ണം കുറച്ചും നടുമുറ്റം ഗ്രില്‍ നല്‍കിയും വീടിന്റെ സംരക്ഷണം ഉറപ്പാക്കാം. എന്നാല്‍ ഗ്ലാസ് കൊണ്ടു നടുമുറ്റം അടച്ചിടുന്ന രീതി ഒഴിവാക്കണം. ദിക്ക് അനുസരിച്ചുള്ള യോനിക്രമം പാലിക്കണം. കര്ണമധ്യ സൂത്രങ്ങളുടെ വിന്യാസവും ശ്രദ്ധേയമാണ്. നടുമുറ്റ രീതി ക്രമമനുസരിച്ചു കുഴിയങ്കണം നിര്മിക്കുന്നുവെങ്കില് കുറഞ്ഞത് 16 കോല് 8 വിരല്‍ അളവെങ്കിലും സ്വീകരിക്കേണ്ടതാണ്. മറിച്ചുള്ളവ കേരളീയ രീതിക്ക് അനുയോജ്യമല്ല. ചുറ്റുവരാന്തകളും ഉയര്‍ന്ന നിലകളും നടുമുറ്റത്തിന്റ ആയാമവും ശ്രദ്ധിക്കണം. ഉയര്‍ന്ന തറകളും മുറ്റത്തേക്കാള്‍ ഉയര്‍ന്ന നടുമുറ്റവും സ്വാഭാവികമായ ജല നിര്‍ഗമത്തിനു സഹായകമാണ്.
ഡോ. രാധാകൃഷ്ണന് ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: