ചെന്നൈ: ഓസ്ട്രേലിയയിലെ നാടകീയ വിജയത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ മറ്റൊരു പരമ്പരയ്്ക്ക് ഒരുങ്ങുകയാണ്. സ്വന്തം മണ്ണില്‍ മികച്ച റെക്കോഡുളള ഇന്ത്യ ഇംഗ്ലണ്ടുമായി പടവെട്ടും. നാലു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നാളെ കൊടിയേറും. ചെപ്പോക്കിലെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
ഓസീസ് മണ്ണില്‍ കളിക്കാരുടെ പരിക്കിനെതുടര്‍ന്ന് കഷ്ടപ്പെട്ട ഇന്ത്യ 2-1 ന്റെ ഐതിഹാസിക വിജയവുമായാണ് തിരിച്ചെത്തുന്നത്. ഇതിന്റെ ഹാങ്ഓവര്‍ അവസാനിക്കും മുമ്പാണ് ഇംഗ്ലണ്ടുമായുള്ള പോരാട്ടം തുടങ്ങുന്നത്. പിതൃത്വ അവധിയില്‍ ഓസ്ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകളില്‍ വിട്ടുനിന്ന നായകന് വിരാട് കോഹ്ലി തിരിച്ചെത്തിയിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ അരങ്ങേറിയ ഗുഭ്മാന്‍ ഗില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യയുടെ ഓപ്പണിങ്ങിലെ പരാധീനതകള്‍ പരിഹാരമായി. ജോ റൂട്ടിന്റെ ഇംഗ്ലണ്ടിനെതിരെയും ഗില്‍ ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വന്തം മണ്ണില്‍ മികച്ച റെക്കോഡാണുള്ളത്. തുടര്‍ച്ചയായി പന്ത്രണ്ട് പരമ്പരകള്‍ പോക്കറ്റിലാക്കി. അവസാനം ഇന്ത്യയില്‍ കളിച്ച മുപ്പത്തിയഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ തോല്‍വി അറിഞ്ഞത്. 2016-17 സീസണില്‍ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിനെ 4-0 ന് തകര്‍ത്തുവിട്ടു.
ഇന്ത്യയില്‍ അവസാനമായി ടെസ്റ്റ് പരമ്പര വിജയിച്ച ടീം ഇംഗ്ലണ്ടാണ്. 2012-13 സീസണില്‍ അലിസ്റ്റര്‍ കുക്ക് നയിച്ച ടീമാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. നാളെ നൂറാം ടെസ്റ്റിന് ഇറങ്ങുന്ന ഇംഗ്ലണ്ട്് നായകന് ജോ റൂട്ടിനെ ഇന്ത്യയെ മെരുക്കാനാകുമോയെന്ന് കണ്ടറിയണം. ശ്രീലങ്കയിലെ രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വരുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും നിര്‍ണായകമാണ് ഈ പരമ്പര. 2-1 ന് ഇംഗ്ലണ്ടിനെ കീഴടക്കിയാല്‍ ഇന്ത്യക്ക്് ഫൈനലിലെത്താം. അതേസമയം ഇംഗ്ലണ്ടിന് മൂന്ന്് മത്സരമെങ്കിലും ജയിച്ചാലേ ഫൈനലില്‍ കടക്കാനാകൂ. പരമ്പര സമനിലയായാല്‍ ഓസീസ് ഫൈനലില്‍ പ്രവേശിക്കും. ന്യൂസിലന്‍ഡ് നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: