കോണ്‍ഗ്രസ് കേന്ദ്രം ഭരിയ്‌ക്കുമ്പോള്‍ സാധാരണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാല്‍ കേരളത്തെ കുറിച്ചെന്തെങ്കിലും പറഞ്ഞോ എന്നറിയാന്‍ അരിച്ചുപെറുക്കി വായിക്കണം. അപ്പോള്‍ ഉള്ളിലെവിടെയെങ്കിലും തീരെ പ്രാധാന്യമില്ലാതെ ഒരു വരിയില്‍ കാണാം കേരളത്തിന് റെയില്‍വേ രംഗത്ത് കിട്ടുന്ന എന്തെങ്കിലും ചെറിയ അപ്പക്കഷണത്തെക്കുറിച്ചുള്ള സൂചന.
എന്നാല്‍ ഇക്കുറി നിര്‍മ്മല സീതാരാമന്റെ ബജറ്റ് എന്തുകൊണ്ടും വ്യത്യസ്തമായി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ വീണ്ടും പഴയ ആരോഗ്യത്തിലേക്ക് തിരിച്ചുനടത്താന്‍ പറ്റുന്ന പ്രഖ്യാപനങ്ങളായിരുന്നു ബജറ്റിലുടനീളം. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഈ ബജറ്റിനെ കൂടുതല്‍ ആഘോഷിച്ചത് കേരളത്തിന് കിട്ടിയ പ്രത്യേക പരിഗണന എടുത്തുകാട്ടിയായിരുന്നു. കേരളത്തിന് അടിച്ച ലോട്ടറിയായാണ് പലരും ഈ ബജറ്റിനെ വാഴ്‌ത്തിയത്.
ഏറ്റവും പ്രധാന നിര്‍ദേശം കേരളത്തിന്റെ വായ്‌പാ പരിധി മൂന്ന് ശതമാനത്തില്‍ നിന്നും 4 ശതമാനമാക്കി ഉയര്‍ത്തിയ നടപടിയായിരുന്നു. അതായത് കേരളത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ നാല് ശതമാനം വരെ കേരളത്തിന് വായ്‌പയെടുക്കാമെന്നര്‍ത്ഥം. ഇത് തൊട്ടതിനും പിടിച്ചതിനും വലിയ വായില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന കേരളത്തിന്റെ തോമസ് ഐസക്കിന് പോലും സന്തോഷം പകരുന്ന വാര്‍ത്തായിരിക്കും. വര്‍ഷാവര്‍ഷം പെരുകിവരുന്ന സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന കേരളത്തിന് ഇത് വലിയ ആശ്വാസമാകും.
ഇത് പ്രകാരം ഈ വകയില്‍ 12,000 കോടി പ്രതീക്ഷിച്ച കേരളത്തിന് കേന്ദ്ര ധനമന്ത്രി നീക്കിവെച്ചിരിക്കുന്നത് 19,891 കോടിയാണ്. 2021-22 ധനകാര്യവര്‍ഷത്തില്‍ കേരളത്തിന് ഇത്രയും തുക നല്‍കുമെന്ന് 15ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഈയിനത്തില്‍ കേരളത്തിന് 15,323 കോടിയാണ് കിട്ടുകയെങ്കില്‍ 2021-22ല്‍ 4,568 കോടി കൂടി ലഭിച്ച് 19,891 കോടി ലഭിക്കും.
കേരളത്തിന് 65,000 കോടിയുടെ റോഡുകളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായാണ് തുക അനുവദിച്ചത്. മുംബൈ – കന്യാകുമാരി ഇടനാഴിക്കായി മാത്രം 600 കോടിയാണ് കേരളത്തിന് ഭീമൻ തുക അനുവദിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂ.
ദേശീയപാതാ വികസനത്തിന് പുറമെ കൊച്ചിയുടെ മെട്രോ പദ്ധതിക്കും നിര്‍മ്മല സീതാരാമന്‍ പ്രാധാന്യം നൽകിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയാണ് കേന്ദ്രവിഹിതം അനുവദിച്ചത്. ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുളള 11.5 കിലോമീറ്റർ നീളുന്നതാണ് രണ്ടാംഘട്ടം. ഇക്കാര്യത്തില്‍ കേരളം ആവശ്യപ്പെട്ട തുകയത്രയും നല്‍കിയാണ് ധനമന്ത്രി കേരളത്തോട് ഔദാര്യം കാട്ടിയത്.
കയറ്റുമതി ഇറക്കുമതി മേഖലകളില്‍ ചരക്ക് നീക്കത്തിനുള്ള സൗകര്യങ്ങല്‍ ഏര്‍പ്പെടുത്തിയാണ് കൊച്ചി ഫിഷിംഗ് ഹാര്‍ബറിനെ വാണിജ്യ ഹബ്ബാക്കി മാറ്റുക. ഒപ്പം ചെന്നൈ,വിശാഖപട്ടണം, പാരാദ്വീപ്, തുറമുഖങ്ങൾ വികസിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. ഏഴ് തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പിപിപി മോഡലും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.തമിഴ്‌നാട്, കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നുമുള്ള ചരക്കുകള്‍ കയറ്റിഅയക്കാനും വിവിധ മേഖലകളിലേക്കുള്ള ചരക്കുകളുടെ ഇറക്കുമതിയ്‌ക്കും ഇതോടെ കൊച്ചി ഫിഷിംങ് ഹാര്‍ബര്‍ സജ്ജമാകും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ് വായിച്ചാല്‍ കേന്ദ്രം എത്രത്തോളം പ്രാധാന്യമാണ് കേരളത്തിന് കൊടുക്കുന്നതെന്ന് മനസ്സിലാക്കാം.
“പ്രധാനമന്ത്രി ശ്രീ @narendramodi കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് “- എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്. ഇത് വെറും വോട്ടിന് വേണ്ടിയുള്ള കച്ചവടമാണെന്ന് ചുരുക്കി വായിച്ചാല്‍ അത് അബദ്ധമാണെന്നേ പറയാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: