ലൗങ്കിയും മാഞ്ചിയും ബന്ധുക്കളല്ല. സുഹൃത്തുക്കളുമല്ല. ഒരേ നാട്ടുകാരുമല്ല. പക്ഷേ അവര്‍ തമ്മില്‍ വലിയൊരു സാമ്യമുണ്ട്. സഹജീവികളുടെ ദുരിതമകറ്റാനായി സ്വയം ജീവിതം ഹോമിച്ചവരാണവര്‍. വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും ശാസ്ത്രീയമായി ചിന്തിച്ചവരാണവര്‍. തങ്ങളുടെ ത്യാഗത്തിലൂടെ കര്‍ഷകരുടെയും പര്‍വ്വതവാസികളുടെയും ജീവിതത്തില്‍ അവര്‍ പ്രകാശം പരത്തി.
ലൗങ്കി ഭുയാന്‍ എന്ന വൃദ്ധ കര്ഷകന് ചെയ്ത മഹാകൃത്യമെന്താണെന്നോ? ഒറ്റയ്ക്ക് മൂന്ന് കിലോമീറ്റര്‍ നീളമുള്ള ഒരു കനാല്‍ നിര്‍മിച്ചു. അതിനദ്ദേഹത്തിന് വേണ്ടിവന്ന സമയം കൃത്യം 30 വര്‍ഷം. ‘കൊതില്‍വ’ എന്നാണ് ലൗങ്കിയുടെ ഗ്രാമത്തിന്റെ പേര്. ഗയയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഒരു വനപ്രദേശം. മാവോയിസ്റ്റുകളുടെ സാന്നിധ്യംകൊണ്ട് സമൃദ്ധമായ ഒരു ഗ്രാമം. കൃഷി വെള്ളവും കുടിവെള്ളവുമില്ലാതെ വരണ്ടുകിടക്കുന്ന കൃഷിയിടങ്ങള്‍ നിറഞ്ഞ ഗ്രാമമെന്നും ‘കൊതില്‍വ’യെ വിളിക്കാം.
വരള്‍ച്ചയും മാവോബാധയും കനത്തതോടെ യുവാക്കളെല്ലാം ഗ്രാമം ഉപേക്ഷിച്ചു. വറ്റി വരണ്ട പാടങ്ങള്‍ വിറ്റ് ദിവസ വേതന ജോലി തേടി അവര്‍ നാടുവിട്ടു. പക്ഷേ കാടു കയറാനാണ് ലൗങ്കി ഇഷ്ടപ്പെട്ടത്. പകല്‍ മുഴുവന്‍ അയാള്‍ കാട്ടില്‍ കാലികളെ മേച്ചു. മരച്ചുവട്ടിലെ തണലിലിരുന്ന് തന്റെ കൃഷിയിടങ്ങളില്‍ വിളയിറക്കാനുള്ള മാര്‍ഗത്തെക്കുറിച്ച് ഉറക്കെ ചിന്തിച്ചു.
മലയുടെ ചെരിവില്‍ ജലമുണ്ട്. മഴക്കാലത്ത് നിറയെ വെള്ളം. അതത്രയും ആര്‍ക്കും പ്രയോജനമില്ലാതെ കുത്തിയൊലിച്ചു പോകും. ആ വെള്ളത്തെ പ്രയോജനപ്പെടുത്താനായിരുന്നു ലൗങ്കിയുടെ തീരുമാനം. മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ഒരു തോട് വെട്ടണം. വിവരം നാട്ടുകാരോട് പറഞ്ഞു. പക്ഷേ ലൗങ്കിയുടെ ‘ഭ്രാന്തന്’ ആശയത്തെ ആരും പിന്തുണച്ചില്ല. ആരും സഹകരിച്ചതുമില്ല. പക്ഷേ അതൊന്നും ലൗങ്കി വകവച്ചില്ല. മുപ്പത് വര്‍ഷം മുന്‍പ് ഒരു തണുത്ത പ്രഭാതത്തില്‍ അയാള്‍ തന്റെ ജോലി തുടങ്ങി. രാവന്തിയോളം വിശ്രമമില്ലാത്ത ജോലി. പശുക്കള്‍ മേയുന്ന സമയമത്രയും ലൗങ്കി കൈക്കോട്ട് താഴെ വെച്ചില്ല.
ഒടുവില്‍ 2020 തീരും മുന്‍പ് ലൗങ്കിയുടെ സ്വപ്നം പൂവണിഞ്ഞു. ഗ്രാമത്തിലെ വറ്റിവരണ്ട വലിയ കുളത്തിലേക്ക് അയാള്‍ മലവെള്ളത്തെ വലിച്ചിഴച്ചുകൊണ്ടു വന്നു. കുളം നിറഞ്ഞു. കൃഷിയിടങ്ങള്‍ തളിര്‍ത്തു. ലൗങ്കിയുടെ കുഴിഞ്ഞ കണ്ണുകളില്‍ പ്രകാശം അലയടിച്ചു. ലൗങ്കിയുടെ കയ്യൂക്കിനു മുന്നില്‍ കൃഷി ശാസ്ത്രവും സാങ്കേതിക വിദ്യയും നമിച്ചു നിന്നു.
ലൗങ്കിയെപ്പോലെ തന്നെ ബീഹാറുകാരനാണ് മാഞ്ചിയും. ഗയയില്‍നിന്ന് ഏറെയകലെ ഗലാവൂര്‍ ഗ്രാമത്തിലെ താമസക്കാരനായിരുന്നു ദശരഥ് മാഞ്ചി. ദുര്‍ഗമങ്ങളായ മലനിരകളായിരുന്നു ഗ്രാമത്തിലെങ്ങും. അതിനിടയില്‍ ഒറ്റപ്പെട്ട കൃഷിയിടങ്ങള്‍. പക്ഷേ പേരിനുപോലും ഒരു റോഡുണ്ടായിരുന്നില്ല ആ ഗ്രാമത്തില്‍. ആധുനിക ലോകം എന്നും ഗലാവൂര്‍ ഗ്രാമത്തിന് അന്യമായി നിലകൊണ്ടു.
കാല്‍നൂറ്റാണ്ട് മുന്‍പ് ഒരുച്ചനേരത്ത് മാഞ്ചിക്ക് ഭക്ഷണവുമായി കൃഷിയിടത്തിലേക്ക് പോയതാണ് അദ്ദേഹത്തിന്റെ പ്രിയ ഭാര്യ ഫല്‍ഗുനി ദേവി. പൂര്‍ണ ഗര്‍ഭിണി. പക്ഷേ അവര്‍ കൃഷിയിടത്തിലെത്തിയില്ല. ദുര്‍ഘടമായ ഊടുവഴിയില്‍ തലചുറ്റി വീണ അവര്‍ കുത്തനെയുള്ള മലയില്‍നിന്ന് താഴേക്ക് പതിച്ചു. ആരോ പറഞ്ഞ് ഓടിയെത്തിയ മാഞ്ചി കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന തന്റെ പ്രിയതമയെ. ഏതാണ്ട് എഴുപത് കിലോമീറ്റര്‍ ദൂരം തോളില്‍ ചുമന്നാണ് തന്റെ ഭാര്യയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഫല്‍ഗുനി മരിച്ചു. കുട്ടിയെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തി.
അന്ന് മാഞ്ചി ഒരു പ്രതിജ്ഞയെടുത്തു. ഇനി ഈ ഗ്രാമത്തില്‍ ആര്‍ക്കും ഈ ഗതി ഉണ്ടാവരുത്. കൈക്കോട്ടും പിക്ക് ആക്സുമെടുത്ത് അദ്ദേഹം കാടു കയറി. മണ്ണും കല്ലും പറന്നു തെറിച്ചു. കൊടുമുടിയുടെ ഓരങ്ങളില്‍ മാഞ്ചിയുടെ വിയര്‍പ്പുചാലുകള്‍ ഒലിച്ചിറങ്ങി. ഗ്രാമവാസികളില്‍ ഒരാള്‍ പോലും മാഞ്ചിയെ തിരിഞ്ഞുനോക്കിയില്ല. ചിലര്‍ അയാളെ ഭ്രാന്തനെന്നു വിളിച്ചു. ഗ്രാമനേതാക്കളും പ്രാദേശിക ഉദ്യോഗസ്ഥരും പണി തടയാന്‍ ശ്രമിച്ചു. ഭീഷണിപ്പെടുത്തി. പക്ഷേ ദശരഥ് മാഞ്ചി അതൊന്നും വകവച്ചില്ല. 1960 ല്‍ തുടങ്ങിയ ആ യജ്ഞം 1982 ല്‍ പൂര്‍ത്തിയായി. കൃത്യം 22 വര്‍ഷം. ഗലാവൂരില്‍ നിന്ന് നഗരത്തിലെത്തുന്നതിന് 30 അടി വീതിയില്‍ ഒരു മലമ്പാത ജനിച്ചു. അഹങ്കാരത്തോടെ തല ഉയര്‍ത്തിനിന്ന കൊടുമുടികളെ തുരന്നും, കുന്നുകളെ അരിഞ്ഞൊതുക്കിയും മാഞ്ചി വഴി പൂര്‍ത്തിയാക്കിയപ്പോള്‍ നഗരത്തിലെത്താനുള്ള ഗ്രാമീണരുടെ ദൂരം 55 ല്‍നിന്ന് 15 കിലോമീറ്റര്‍ മാത്രം…
മാഞ്ചിയുടെ മഹാകൃത്യം കേട്ടറിഞ്ഞ ലോകം അദ്ദേഹത്തിനൊരു പേര് നല്കി-മൗണ്ടന്‍മാന്‍. പര്‍വ്വത മനുഷ്യന് എന്ന് ഭാഷാന്തരീകരണം.
വാല്‍ക്കഷണം-
വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ പൂര്‍വസ്ഥിതി പ്രാപിക്കുന്നതുമായ പദാര്‍ത്ഥം ഏതെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ നമുക്കുള്ളൂ- റബ്ബര്‍. പക്ഷേ ഉടുപ്പുകളും വലിച്ചാല്‍ നീളുമെന്നും വിട്ടാല്‍ പൂര്‍വസ്ഥിതിയെ ഒരു ലണ്ടന്‍ വാര്‍ത്ത പറയുന്നു. വ്യോമയാന എഞ്ചിനീയറായ റയന്‍സിന്റെ നേതൃത്വത്തിലുള്ള ‘പെറ്റിറ്റ് പ്ലി’ എന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് കുട്ടികള്‍ക്കൊപ്പം സ്വയം വലുതാവുന്ന ഉടുപ്പുകള്‍ കണ്ടുപിടിച്ചത്. ജപ്പാനീസ് കളിപ്പാട്ട വിദ്യയായ ‘ഒറിഗാമി’യുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ഈ ഉടുപ്പുകള്‍ കുഞ്ഞ് ജനിക്കുമ്പോള്‍ മുതല്‍ മൂന്നു വയസ്സ് ആവുന്നതുവരെ ഉപയോഗിക്കാമത്രേ. ഒരേ സമയം പഴന്തുണികള്‍ കുന്നുകൂടി പരിസ്ഥിതി നാശം സംഭവിക്കുന്നത് തടയാം; അതേസമയം മാതാപിതാക്കള്‍ക്ക് പണം ലാഭിക്കുകയും ചെയ്യാം.
ലോകത്തെ രണ്ടാമത്തെ മലിനീകാരിയെന്നാണ് ഫാഷന്‍ വ്യവസായത്തെ വിശേഷിപ്പിക്കുക. വ്യോമ ഗതാഗതവും കപ്പല്‍ ഗതാഗതവും ചേര്‍ന്നുണ്ടാക്കുന്ന മാലിന്യത്തെക്കാളും കൂടുതലാണ് ഫാഷന്‍ വ്യവസായത്തിന്റെ മലിനീകരണം. ഏതാണ്ട് 120 കോടി ടണ്‍ ഗ്രീന്‍ ഹൗസ് വാതകങ്ങളാണ് തുണി-ഫാഷന്‍ മാലിന്യങ്ങള്‍ പ്രതിവര്‍ഷം ഉണ്ടാക്കുന്നത്. പുതിയ കണ്ടുപിടുത്തം വ്യാപകമാകുന്നതോടെ ഇത് കാര്യമായി കുറയ്ക്കാന്‍ കഴിഞ്ഞേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: