കോട്ടയം: മള്ളിയൂരിന്റെ മഹിമ കാലദേശാന്തരങ്ങള്ക്കപ്പുറം ഗംഗാപ്രവാഹം പോലെ പടര്‍ത്തിയ സൂര്യ തേജസ്സ് ശങ്കരന്‍നമ്പൂതിരിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ് ജന്മശതാബ്ദി ആഘോഷം. ആദ്ധ്യാത്മിക സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൂടിയായപ്പോള്‍ മള്ളിയൂരിന് മനം നിറഞ്ഞു. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷം മറ്റൊരു നാഴികക്കല്ലായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ആഘോഷം.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സംന്യാസിശ്രേഷ്ഠരും മറ്റുപ്രമുഖരും ഭക്തരും ചേര്‍ന്ന് നൂറു ദീപങ്ങള്‍ തെളിച്ചതോടെയാണ് ജന്മശതാബ്ദി സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ ശങ്കരസ്മൃതി മണ്ഡപത്തിന്റെ ശിലാന്യാസവും നിര്‍വ്വഹിച്ചു. ഭാഗവതത്തിലൂടെ എങ്ങനെ ഈശ്വരനിലെത്തിച്ചേരാമെന്നാണ് മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി കാണിച്ചു തന്നതെന്ന് അദ്ദേഹം അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. ഈശ്വരസാക്ഷാത്കാരത്തിലൂടെ മാത്രമെ ജന്മസാഫല്യം കൈവരിക്കാനാകൂവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
മള്ളിയൂര്‍ ഗണേശപുരസ്കാരം സംഗീത സംവിധായകന് ആലപ്പി രംഗനാഥിനും, മള്ളിയൂര്‍ ജീവിത ദര്‍ശനം ഗ്രന്ഥകര്‍ത്താവ് എന്‍. അജിതന് നമ്പൂതിരിക്കും മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി സമര്‍പ്പിച്ചു. മള്ളിയൂര്‍ ദിവാകരന് നമ്പൂതിരി ഇരുവരെയും പൊന്നാട അണിയിച്ചു. ഗാനരചയിതാവ് പദ്മശ്രീ കൈതപ്രം ദാമോരന് നമ്പൂതിരിയെ മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി പൊന്നാട അണിയിച്ച് ആദരിച്ചു. ശങ്കരസ്മൃതി മണ്ഡപത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയ ആര്‍ക്കിടെക്റ്റ് ശോഭക് തോമസിനെ ആദരിച്ചു.
എംഎല്‍എമാരായ മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്ജ്, അയ്യപ്പസേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സ്വാമി സത്സ്വരൂപാനന്ദസരസ്വതി, ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, പ്രൊഫ. ഉണ്ണികൃഷ്ണന് നമ്പൂതിരി തുടങ്ങിയവര്‍ ശങ്കരസ്മൃതി പ്രഭാഷണം നടത്തി. ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി തത്വതീര്‍ത്ഥ, സ്വാമി മംഗളാനന്ദ സരസ്വതി, സ്വാമി രാജാനന്ദ സരസ്വതി, യോഗി കൃഷ്ണാനന്ദഗിരി, സ്വാമി അംബികാനന്ദ സരസ്വതി, സ്വാമി പ്രണവാനന്ദഭാരതി, സ്വാമി വിനായകഗിരി, ബ്രഹ്മചാരി സുധീര്‍ ചൈതന്യ, മള്ളിയൂര്‍ ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യന് നമ്പൂതിരി, പമ്പ ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്. പോറ്റി, ബിജെപി സംസ്ഥാന സമിതി അംഗം എന്‍. ഹരി, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, എന്‍. സോമശേഖരന്‍, സി.പി. മധുസൂദനന്, പള്ളിക്കല്‍ സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതാര്‍ച്ചനയും പ്രശാന്ത് വര്‍മ്മയും സംഘവും മാനസജപലഹരിയും അവതരിപ്പിച്ചു.
മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്കാരം ശ്രീ എമ്മിനും മള്ളിയൂര്‍ സുഭദ്ര അന്തര്‍ജ്ജനം പുരസ്കാരം മുന്‍ മിസ്സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും പിന്നീട് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: