തിരുവില്വാമല: കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷികത്തില്‍ കവയിത്രി സുഗതകുമാരി തുടക്കമിട്ട തിരുവില്വാമലയിലെ മാന്തോപ്പ് പദ്ധതി വീണ്ടും തളിരിടുന്നു. പത്തേക്കര്‍ റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ രാജ്യത്തെ വിവിധയിനം മാവുകള്‍ നട്ടുപിടിപ്പിക്കുകയും ഇതിലൂടെ വിനോദസഞ്ചാര ഗവേഷണ കേന്ദ്രമാക്കി മാന്തോപ്പിനെ മാറ്റുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
ഉദ്ഘാടന സമയത്ത് കൊടകര സ്വദേശി മോഹന്‍ദാസ് വിവിധയിനത്തിലുള്ള അമ്പതോളം തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. തുടര്‍ന്ന് നാനൂറോളം മാവിന്‍ തൈകള്‍ കൂടി വിവിധ ഘട്ടങ്ങളിലായി നട്ടെങ്കിലും കൃത്യമായ പരിപാലനമില്ലാതെ മിക്കതും കന്നുകാലികള്‍ തിന്നും വെയിലില്‍ കരിഞ്ഞും നശിച്ചു. സ്ഥലത്ത് മാന്തോപ്പ് റിസംപ്ഷന്‍ കം ടോയ്‌ലറ്റ് ബ്ലോക്കിന് വേണ്ടി നിര്‍മിച്ച കെട്ടിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായും മാറി.
എന്നാല്‍ സുഗതകുമാരിയുടെ സ്മാരണക്കായി മാന്തോപ്പ് സംരക്ഷിക്ഷണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മാന്തോപ്പ് പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനായി യു.ആര്‍. പ്രദീപ് എംഎല്‍എ, തൃശ്ശൂര്‍ ഡിടിപിസി സെക്രട്ടറി ഡോ. എ. കവിത, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഡി. രാധാകൃഷ്ണ പിള്ള, ആര്‍ക്കിടെക്ട് സിദ്ധാര്‍ത്ഥ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത സുകുമാരന്‍, ഗ്രാമപഞ്ചായത്തംഗം കെ.പി. ഉമാശങ്കര്‍, വിവിധ രാഷ്‌ട്രീയ പ്രതിനിധികള്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ഇക്കോ ടൂറിസം, ഗവേക്ഷണ കേന്ദ്രം, വാച്ച്ടവര്‍, പ്രദര്‍ശന കേന്ദ്രങ്ങള്‍, ഓപ്പണ്‍ ഓഡിറ്റോറിയം, ഗ്രന്ഥശാല എന്നിവ ഉള്‍പ്പെടുത്തി മാന്തോപ്പിനെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിക്കാണ് വീണ്ടും തുടക്കമിടുന്നത്. മാമ്പൂവിന്റെ ഗന്ധവുമായി കാറ്റ് തിരുവില്വാമലയെ തഴുകി കടന്നുപോകുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: