ഇടുക്കി: കാലാവസ്ഥാ വ്യതിയാനം മൂന്നാറിന് നഷ്ടമാക്കിയത് ജനുവരി ആദ്യവാരത്തിലെ പതിവു ശൈത്യകാലം. മഴ മാറിയതോടെ വീണ്ടും ശൈത്യകാലം തിരിച്ചെത്തി, ഫെബ്രുവരി ആദ്യ വാരം വരെ തുടരാന്‍ സാധ്യത. തെക്കിന്റെ കശ്മീരെന്നറിയപ്പെടുന്ന മൂന്നാറില്‍ നവംബറില്‍ തുടങ്ങുന്ന ശൈത്യകാലം ജനുവരി ആദ്യവാരത്തോടെ പിന്‍വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇതിന് വിപരീതമായി ഈ വര്‍ഷം ജനുവരി ആദ്യവാരത്തിലുണ്ടായ കനത്തമഴ മൂന്നാറിലെ പതിവ് ശൈത്യകാലം ഇല്ലാതാക്കി താപനില ഉയര്‍ത്തി.ഡിസംബര്‍ അവസാനവാരം മൂന്നാറിലെ വിദൂര എസ്റ്റേറ്റുകളില്‍ താപനില മൈനസ് രണ്ടുവരെ താഴ്ന്നിരുന്നു.
എന്നാല്‍ ജനുവരിയുടെ തുടക്കത്തില്‍ തന്നെ കനത്ത മഴയെത്തിയതോടെ താപനില ഉയരുകയും ശൈത്യകാലം അപ്രത്യക്ഷമാവുകയുമായിരുന്നു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൂന്നാറിനടുത്തുള്ള ലക്ഷ്മിയില്‍ താപനില മൈനസ് ഒന്നിലെത്തി. പൂജ്യം മുതല്‍ ഒന്നുവരെയായിരുന്നു ഈ ദിവസങ്ങളില്‍ പ്രധാന സ്ഥലങ്ങളിലെ താപനില.
അപ്രതീക്ഷിതമായുണ്ടായ കനത്തമഴയാണ് ജനുവരി ആദ്യവാരത്തിലെ ശൈത്യകാലം മൂന്നാറിന് നഷ്ടമാകാനിടയാക്കിയതെന്ന് കാലാവസ്ഥാ ഗവേഷകനായ ഗോപകുമാര്‍ ചോലയില്‍ പറയുന്നു. 100 മില്ലി മീറ്ററോളം മഴയാണ് ജനുവരിയിലെ ആദ്യ രണ്ട് വാരത്തില്‍ സംസ്ഥാനത്ത് പെയ്തിറങ്ങിയത്. മുന്‍കാല റെക്കോര്‍ഡുകള്‍ 90 മില്ലിമീറ്റര്‍ എന്നിരിക്കെയാണ് ജനുവരില്‍ ഇത്രയും കനത്ത മഴ പെയ്തത്.
മഹാപ്രളയത്തിന് പിന്നാലെ 2019 ജനുവരിയില്‍ 26 ദിവസം നീണ്ടുനിന്ന ശൈത്യം അനുഭവപ്പെട്ടിരുന്നു. നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് അന്ന് ശാസ്ത്ര ലോകം വിലയിരുത്തിയിരുന്നു. 2020ലും ദിവസങ്ങള്‍ നീണ്ട് നില്ക്കുന്ന ശൈത്യകാലമുണ്ടായി. സാധാരണയായി ഇത്തരത്തില്‍ ഇടവേളയില്ലാതെ ശൈത്യം തുടരുന്ന പതിവ് മൂന്നാറില്‍ ഇല്ല. മൂന്നാറിലെ ശൈത്യകാലം നഷ്ടമായതിന് പിന്നില്‍ പലകാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം ഇതില്‍ പ്രധാന ഘടകമാണ്. ഇപ്പോള്‍ വൈകിയെത്തിയ ശൈത്യകാലവും എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് കൃത്യമായി പറയാനാവില്ലെന്നും ഗോപകുമാര്‍ ചോലയില്‍ പറയുന്നു.
മഴ മാറിയതിനാല്‍ വടക്കേ ഇന്ത്യയില്‍ ശൈത്യം തുടരുന്നതിനാലും ഫെബ്രുവരി ആദ്യ വാരം വരെ സംസ്ഥാനത്ത് തണുപ്പ് അനുഭവപ്പെട്ടേക്കാം. മൂന്നാറിലും ഇതിന്റെ ഭാഗമായി തണുപ്പ് കൂടും പിന്നാലെ ശക്തമായ ചൂടാകും സംസ്ഥാനത്ത് അനുഭവപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വെള്ളിയാഴ്ച മൂന്നാറിലെ താപനില പൊടുന്നനെ ഉയര്‍ന്നു. മൂന്നാര്‍ ഉപാസി- 5, ചെണ്ടുവര- 3, മാട്ടുപ്പെട്ടി 7 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. അതേസമയം ശൈത്യകാലം തിരിച്ചെത്തിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വീണ്ടും കൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: