മക്കളേ,
ജീവിതത്തില്‍ പ്രശ്‌നങ്ങളെ നേരിടേണ്ടിവരാത്തവരായി ആരുമുണ്ടാവില്ല. ഈ ലോകത്തില്‍ ആവശ്യത്തിലധികം ലഭ്യമായ വസ്തു ഒന്നുമാത്രമേയുള്ളു, അതു പ്രശ്‌നങ്ങളാണ്. പ്രശ്‌നങ്ങള്‍ എന്നാല്‍ എന്താണ്? നമുക്കു കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതെന്നു നമ്മള്‍ കരുതുന്ന ഏതു സാഹചര്യവും നമുക്കു പ്രശ്‌നമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അത്രയ്‌ക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കണമെന്നില്ല. ഉദാഹരണത്തിന്, അസുഖം മാറാന്‍ ഇന്‍ജക്ഷന്‍ എടുക്കുന്നത് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമാണ്. എന്നാല്‍ നമ്മുടെ ദൃഷ്ടിയില്‍ അതൊരു നിസ്സാരകാര്യമാണ്.
പ്രശ്‌നങ്ങള്‍ രണ്ടുതരത്തിലുണ്ട്. ഒന്ന്, വ്യക്തമായ യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രശ്‌നങ്ങള്‍. ഉദാഹരണത്തിന്, ദാരിദ്ര്യം, രോഗം മുതലായ പ്രശ്‌നങ്ങള്‍. രണ്ട്, നമ്മുടെ ഭാവനയില്‍നിന്നുമാത്രം ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍. ഭാവിയെക്കുറിച്ചുള്ള ആശങ്ക, വ്യക്തിബന്ധങ്ങള്‍ നിലനില്‍ക്കുമോ ഇല്ലയോ എന്നോര്‍ത്തുള്ള ഭയം, നമ്മള്‍ യാത്ര ചെയ്യുന്ന വാഹനം അപകടത്തിലാകുമോ എന്നുള്ള ഭീതി, എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രശ്‌നങ്ങളാണ്. വാസ്തവത്തില്‍ പല പ്രശ്‌നങ്ങളും നമ്മുടെ ഇഷ്ടാനിഷ്ടങ്ങളില്‍നിന്നോ ഭയത്തില്‍നിന്നോ ആസക്തിയില്‍ നിന്നോ മുന്‍വിധി മൂലമോ ഉണ്ടാകുന്നവയാണ്.
ലോകത്തില്‍ രണ്ടു തരത്തിലുള്ള മനുഷ്യരുണ്ട് ജീവിതത്തില്‍ വന്നുചേരുന്ന സാഹചര്യങ്ങളെ പ്രശ്‌നങ്ങളായി കാണുന്നവരും, സാഹചര്യങ്ങളെ അവസരങ്ങളായി കാണുന്നവരും. ഭൂരിഭാഗം പേരും ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവരാണ്. തൊട്ടതെല്ലാം ഭസ്മമാക്കി മാറ്റുന്ന ഭസ്മാസുരനെപ്പോലെ നമ്മള്‍ എന്തിനേയും ഏതിനേയും പ്രശ്‌നമാക്കി മാറ്റുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍പോലും പിന്നെയും അതിനെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുന്നത് ചിലരുടെ ശീലമാണ്.
പ്രശ്‌നങ്ങളെ ഭയന്ന് ഒളിച്ചോടാതെ, അവയെ ധൈര്യപൂര്‍വ്വം നേരിടാന്‍ നമുക്കു സാധിക്കണം.
ഒരു യുവാവ് ഒരു കൃഷിക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. അയാള്‍ കൃഷിക്കാരനെ കണ്ട് മകളെ വിവാഹം ചെയ്യുന്നതിന് അനുവാദം ചോദിച്ചു. കൃഷിക്കാരന്‍ പറഞ്ഞു, ‘ഞാന്‍ നിനക്ക് ഒരു പരീക്ഷ വെയ്‌ക്കും. പരീക്ഷയില്‍ വിജയിച്ചാല്‍ മാത്രം എന്റെ മകളെ നിനക്കു വിവാഹം കഴിച്ചുതരാം. ഞാന്‍ മൂന്ന് കാളകളെ ഒന്നിനുപുറകെ ഒന്നായി തൊഴുത്തില്‍നിന്ന് തുറന്നുവിടും. അതില്‍ ഏതെങ്കിലും ഒരു കാളയുടെ വാലില്‍ പിടിയ്‌ക്കാന്‍ സാധിച്ചാല്‍ നീ പരീക്ഷയില്‍ വിജയിക്കും.’
യുവാവ് ആ കാളകള്‍ പുറത്തുവരാനായി കാത്തുനിന്നു. കൃഷിക്കാരന്‍ തൊഴുത്ത് തുറന്ന് ഒരു കൂറ്റന്‍ കാളയെ പുറത്തുവിട്ടു. ചെറുപ്പക്കാരന്‍ അന്ധാളിച്ചുപോയി. അത്രയും വലിപ്പമുള്ള കാളയെ അയാള്‍ ആദ്യമായി കാണുകയായിരുന്നു. അതിന്റെ വാലില്‍ പിടിക്കാന്‍ ശ്രമിക്കുന്നത് അബദ്ധമായിരിക്കും. തൊഴുത്തിന്റെ വാതില്‍ വീണ്ടും തുറന്നു. അയാള്‍ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. രണ്ടാമതിറങ്ങിയ കാളക്കൂറ്റന്റെ മുമ്പില്‍ ആദ്യത്തെ കാള ഒന്നുമല്ല എന്നയാള്‍ക്കു തോന്നി. അതിന്റെ അടുത്തുപോകാന്‍ പോലും അയാള്‍ക്കു ധൈര്യമുണ്ടായില്ല. മൂന്നാമത്തെ കാള പുറത്തുവരാന്‍ അയാള്‍ കാത്തുനിന്നു. ഇത്തവണ വാതില്‍ തുറന്നപ്പോള്‍ യുവാവിന്റെ മുഖത്ത് ഒരു പുഞ്ചിരി പരന്നു. അയാള്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിപ്പം കുറഞ്ഞ കാളയായിരുന്നു അത്. കാളയുടെ വാലില്‍ പിടിക്കാന്‍ അയാള്‍ ഓടിയടുത്തപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത് ആ കാളയ്‌ക്ക് വാലുണ്ടായിരുന്നില്ല.
ജീവിതസാഹചര്യങ്ങളെ സധൈര്യം അഭിമുഖീകരിക്കാനുള്ള മനോബലവും, പ്രയത്‌നശീലവും ആ യുവാവിനുണ്ടായിരുന്നില്ല. ആദ്യം കൈവന്ന അവസരം ഉപയോഗിക്കാന്‍ ശ്രമിക്കാതെ അതിലും എളുപ്പമായ മറ്റൊരു സാഹചര്യമാണ് അയാള്‍ കാത്തിരുന്നത്. എന്നാല്‍ പലപ്പോഴും ആദ്യത്തേതിലും പ്രയാസകരമായ സാഹചര്യമാണ് അത്തരക്കാര്‍ക്ക് പിന്നീട് നേരിടേണ്ടിവരിക. വാലില്ലാത്ത ആ കൊച്ചുകാള കൈവിട്ടുപോകുന്ന അവസരങ്ങളുടെ പ്രതീകമാണ്.
അവസരങ്ങള്‍ നമ്മളെ തേടിയെത്തുമ്പോള്‍ അതു തിരിച്ചറിയാന്‍ പലപ്പോഴും നമുക്കു കഴിയാറില്ല. കാരണം പ്രശ്‌നങ്ങളുടെയും വെല്ലുവിളികളുടെയും വേഷം ധരിച്ചായിരിക്കും അവ വന്നെത്തുന്നത്. നമ്മുടെ ദൗര്‍ബ്ബല്യങ്ങളെ തിരിച്ചറിയാനും അതിജീവിക്കാനും അതിലൂടെ ശക്തിയാര്‍ജ്ജിക്കാനുമുള്ള അവസരങ്ങളായി അവയെ കാണുവാന്‍ കഴിഞ്ഞാല്‍ നമ്മള്‍ വിജയിച്ചു എന്നുതന്നെ പറയാം. ശരിയായ മനോഭാവമില്ലാത്ത ഒരാള്‍ക്ക് സുവര്‍ണ്ണാവസരങ്ങള്‍ പോലും വിഷമം പിടിച്ച പ്രശ്‌നങ്ങളായിട്ടേ തോന്നുകയുള്ളു. അതുകൊണ്ട് മനോഭാവത്തിലാണ് ആദ്യം മാറ്റം വരുത്തേണ്ടത്.
പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കാതെ അവയെ വേണ്ടപോലെ വിലയിരുത്തി സധൈര്യം നേരിടാന്‍ തയ്യാറാകുന്ന ഏതൊരാളും ജീവിതത്തില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: