ഊക്കു ചേരുന്ന മല്ലനും വാളുമി
ന്നൊക്കുമോ തൂവല്‍ തന്നോടു മല്ലിടാന്‍
നോക്കുകില് പേന രാജ്യം ഭരിക്കുന്നു
നീക്കമെന്യേ മഹേശ്വരീ ശാരദേ!
ശ്രീനാരായണ ഗുരുവാണ് ഇപ്രകാരം പാടിയിട്ടുള്ളത്. തൂവലിനോട് അഥവാ സാഹിത്യകാരനോട് പൊരുതാന്‍ ഗുസ്തിക്കാരനും ആയുധത്തിനും കഴിവില്ല. അങ്ങനെ നോക്കിയാല്‍ ആശയങ്ങളാണ് ലോകം ഭരിക്കുന്നതെന്നും കാണാന്‍ കഴിയും.
കേരളീയര്‍ അക്ഷരസ്നേഹികളാണ്. ഭാഷാദേവിയായ സരസ്വതിയെ നാം പൂജിക്കുന്നു. ദുര്‍ഗാഷ്ടമി ദിവസം പുസ്തകം പൂജയ്ക്കു വച്ചാല്‍ മഹാനവമിയും കഴിഞ്ഞ് വിജയദശമി ദിവസമാണ് പുസ്തകമെടുക്കുന്നത്. അതാണ് വിദ്യാരംഭമെന്ന എഴുത്തിനിരുത്ത്. ജീവിതത്തിലെ അതിപ്രധാനമായ ഒരു ചടങ്ങാണിത്. പുസ്തകം കവച്ചു കടക്കുന്നതു പോലും അനാദരവായി നാം കണക്കാക്കുന്നു. അക്ഷരമുള്ള കടലാസു പോലും നാം കത്തിക്കുകയില്ല.
കേരളത്തില്‍ ഉടനീളം ആയിരക്കണക്കിന് ഗ്രന്ഥശാലകളുണ്ട്. അവിടെ നിന്ന് വിവിധ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ എടുത്ത് വായിച്ചാണ് കേരളജനത പ്രബുദ്ധരായത്. ജാതിമതങ്ങള്‍ക്ക് അപ്പുറത്തു നിന്ന് ചിന്തിക്കാന്‍ പ്രാപ്തരായത്.
ചില പുസ്തകങ്ങളുടെ സ്വാധീനം മനുഷ്യരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവിന്റെ ‘അങ്കിള്‍ ടോംസ് ക്യാബിന്’ എന്ന ഗ്രന്ഥം എബ്രഹാം ലിങ്കണെ ഏറെ സ്വാധീനിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ആയപ്പോള്‍ അടിമകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കാന്‍ പ്രചോദനം നല്‍കിയത് ഈ ഗ്രന്ഥമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജോണ്‍ റസ്ക്കിന്റെ ‘അണ്ടു ദിസ് ലാസ്റ്റ്’ തന്നിലുണ്ടാക്കിയ ചിന്താപരമായ മാറ്റത്തെക്കുറിച്ച് ഗാന്ധിജിയും എഴുതിയിട്ടുണ്ട്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന വി.ടി. യുടെ നാടകം കേരളീയ സമൂഹത്തില്‍ എന്തെന്തു പരിവര്‍ത്തനങ്ങളാണ് വരുത്തിയത്! അറിവു പ്രദാനം ചെയ്യാന്‍ മാത്രമല്ല ആഹ്ലാദം നല്‍കാനും ഉത്തമഗ്രന്ഥങ്ങള്ക്ക് കഴിയും.
ഗ്രന്ഥപാരായണം ഒരു ശീലമാക്കണം. വയോജനങ്ങള്‍ക്ക് ഏകാന്തതയകറ്റാന്‍ പാരായണം ഏറെ സഹായിക്കും. ജീവിതം പൂര്ണമാക്കാന് നല്ല പുസ്തകങ്ങളും നല്ല സുഹൃത്തുക്കളും മതിയെന്ന് ചിന്തകനായ മാര്‍ക് ട്വയിന് അഭിപ്രായപ്പെടുന്നു.
എസ്.ബി. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: