കുന്നംകുളം: നഗരത്തില്‍ വന്‍ തീപിടുത്തം.യേശുദാസ് റോഡില്‍ വ്യാപാരഭവന് സമീപമുള്ള ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. തീ ആളിപടര്‍ന്നതോടെ സമീപത്തെ ബുക്ക് ബൈന്റിങും കത്തി നശിച്ചു. കുന്നംകുളത്തിന് പുറമേ തൃശൂര്‍, ഗുരുവായൂര്‍, പൊന്നാനി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേന എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പെട്ടെന്ന് കത്തി പിടിക്കുന്ന സാധനസാമഗ്രികളുടെ വലിയ ശേഖരമുള്ളതിനാല്‍ തീ ആളിപടരുകയായിരുന്നു. സംഭവ സമയത്ത് ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും തീയണയക്കാന്‍ സാധിക്കാതെ വന്നതോടെ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ പറഞ്ഞു. കുന്നംകുളം എസ്എച്ച്ഒ കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു.
ഹരിതചന്തം പാലിക്കാതെ കുന്നംകുളം നഗരസഭ
മാലിന്യ സംസ്‌കരണത്തില്‍ പുരസ്‌കാരം നേടിയ കുന്നംകുളം നഗരസഭ ഹരിതചട്ടം പാലിക്കുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. ഹരിതചട്ടം പാലിക്കുന്നതില്‍ ഹരിത കേരള മിഷന്റെ പ്രശംസയും ഉപഹാരവും ലഭിച്ച നഗരസഭയാണ് കുന്നംകുളം. എന്നാല്‍ ആക്രിക്കടയ്‌ക്ക് തീപിടിച്ചതോടെയാണ് നഗരസഭയുടെ കള്ളിവെളിച്ചത്തായത്. ലക്ഷങ്ങള്‍ ചിലവഴിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ മാലിന്യം ഒളിപ്പിച്ചു വെക്കുകയാണ് നഗരസഭ’ചെയ്യുന്നത്.
തീപിടുത്തമുണ്ടായതിന് തൊട്ടപ്പുറത്ത് നഗരസഭയുടെ സ്ഥലത്ത് കാലങ്ങളായി നഗരസഭ പൂഴ്‌ത്തി വച്ച മാലിന്യങ്ങള്‍ ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പുരസ്‌കാരം ലഭിച്ച നഗരസഭയുടെ യഥാര്‍ത്ഥ മുഖം പുറത്താകും എന്ന അവസ്ഥയില്‍ സ്ഥലത്തുണ്ടായിരുന്ന മന്ത്രി മൊയ്തീന്റെ നിര്‍ദ്ദേശ പ്രകാരം ബാവ ബസാറില്‍ നഗരസഭ സൂക്ഷിച്ച മാലിന്യം യുദ്ധകാലാടിസ്ഥാനത്തില്‍ തുറക്കുളം മാര്‍ക്കറ്റിലെ തുറസായ സ്ഥലത്ത് തള്ളാന്‍ തുടങ്ങി. കേരളത്തിലെ തന്നെ ഏറ്റവും വലിയ മത്സ്യ ലേല മാര്‍ക്കറ്റുകളില്‍ ഒന്നാണ് തുറക്കുളം മാര്‍ക്കറ്റ്. അതേ തുറക്കുളം മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിലും വര്‍ഷങ്ങളായി സംഭരിച്ച മാലിന്യങ്ങള്‍ അടുക്കി വച്ചിട്ടുണ്ട.
സംഭവം അറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ മാലിന്യം തള്ളുന്നത് നിര്‍ത്തി. ബിജെപി കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, ജെബിന്‍ പി.ജെ, ശ്രീജിത്ത് കമ്പിപ്പാലം രജീഷ് അയിനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: