പൊന്‍കുന്നം: യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്കിയിരുന്ന സീറ്റുകളെല്ലാം ആവശ്യപ്പെടാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. എന്നാല്‍, കേരള കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന പല സീറ്റുകളിലും നോട്ടമിട്ട് കോണ്‍ഗ്രസ് നേതാക്കളും നീക്കം തുടങ്ങിയതോടെ യുഡിഎഫിലെ സീറ്റു ചര്‍ച്ച തര്‍ക്കത്തിലേക്ക് നീങ്ങും.
പതിനഞ്ച് സീറ്റുകള്‍ ആവശ്യപ്പെടാനാണ് ജോസഫ് വിഭാഗത്തിലെ തീരുമാനം. കേരള കോണ്‍ഗ്രസ് എം മത്സരിച്ച കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി സീറ്റുകളാണ് കോണ്‍ഗ്രസ് നോട്ടമിടുന്നത്. എന്നാല്‍ വിജയ സാധ്യതയുള്ള സീറ്റുകളൊന്നും വിട്ടുനല്‍കേണ്ടതില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. മാണി സി. കാപ്പന് യുഡിഎഫിലെത്തിയാല്‍ പാലാ സീറ്റ് വിട്ടുനല്‍കാന്‍ ജോസഫ് വിഭാഗം തയാറാകും.
സീറ്റ് മോഹിച്ച് ജോസഫിനൊപ്പം എത്തിയത് നിരവധി നേതാക്കളാണ്. ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോണി നെല്ലൂര്‍, ജോയ് എബ്രഹാം, ജോസഫ് എം. പുതുശ്ശേരി, തോമസ് ഉണ്ണിയാടന് തുടങ്ങി നിരവധി നേതാക്കളാണ് സീറ്റു മോഹം വച്ചു പുലര്‍ത്തുന്നത്. അവര്‍ക്കെല്ലാം സീറ്റു നല്‍കേണ്ട ബാധ്യതയും ജോസഫിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയാതെ പോയത് ചൂണ്ടിക്കാട്ടി ചില സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും നീക്കം നടത്തുന്നു.
യുഡിഎഫില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ കൊതിക്കുന്ന മുസ്ലിം ലീഗും ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന കാര്യം ഉറപ്പാണ്. മധ്യകേരളത്തില്‍ കൂടി ശക്തി വ്യാപിപ്പിക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്. ലീഗിന്റെ ഈ നീക്കത്തിന് വഴങ്ങേണ്ടി വന്നാല്‍ നഷ്ടം കോണ്‍ഗ്രസിനായിരിക്കും. വിജയം ഉറപ്പുള്ള സീറ്റുകള്‍ ലീഗിന് അടിയറവയ്ക്കേണ്ടി വരും.
ഇതിനിടെ ഘടക കക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച നേരത്തെ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഘടക കക്ഷികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് മുമ്പ് ചര്‍ച്ചകള്‍ നടത്തണമെന്നാണ് ഘടക കക്ഷി നേതാക്കളുടെ ആവശ്യം. സീറ്റുചര്‍ച്ചകളുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഘടകക്ഷികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: