നെടുങ്കണ്ടം: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ച മൂന്ന് ലക്ഷത്തിന്റെ കള്ളനോട്ടുമായി ഒരു മലയാളിയടക്കം ആറംഗ സംഘം പിടിയില്‍. ജില്ലാ പോലീസിന്റെ നാര്‍ക്കോടിക് സ്ക്വാഡും കമ്പംമെട്ട് പോലീസും ചേര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് അന്തര്‍ സംസ്ഥാന കള്ളനോട്ട് വിതരണ സംഘം കുടുങ്ങിയത്.
കോയമ്പത്തൂര്‍ സ്വദേശികളായ മുത്തുവേന്ദ്രന്‍(43), ചുരുളി(32), ചിന്നമന്നൂര്‍ സ്വദേശി പി. മഹാരാജന് (32), വീരപാണ്ടി സ്വദേശി പാണ്ഡ്യന്(53), ഉത്തമപാളയം സ്വദേശി സുബയ്യന്(53), കുമളി തേക്കടി സ്വദേശി സെബാസ്റ്റ്യന്‍(42) എന്നിവരാണ് പിടിയിലായത്.പിടിച്ചെടുത്തവയെല്ലാം നൂറ് രൂപയുടെ നോട്ടുകളാണ്.
ഒറ്റനോട്ടത്തില്‍ ഇവ തിരിച്ചറിയാനാകില്ലെന്നും പോലീസ് പറയുന്നു. തമിഴ്നാട്ടില്‍ നിന്ന് കള്ളനോട്ട് വിതരണം ചെയ്യാനെത്തുന്ന സംഘത്തെക്കുറിച്ച് ജില്ലാ പോലീസ് വിഭാഗത്തിന്റെ നാര്‍ക്കോടിക് വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. കള്ളനോട്ട് സംഘത്തിന്റെ ഇടനിലക്കാരനുമായി പോലീസ് ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് മാഫിയ സംഘം മൂന്നു ലക്ഷം നല്കിയാല് ആറു ലക്ഷത്തിന്റെ കള്ളനോട്ട് എത്തിക്കാമെന്ന് അറിയിച്ചു. പോലീസ് 1.5 ലക്ഷം നല്‍കാമെന്ന് കള്ളനോട്ട് സംഘത്തെ അറിയിച്ചു. പിന്നാലെ പണം കൈമാറാനെത്തിയപ്പോഴാണ് ആറംഗം സംഘം വലയിലായത്.
തുടര്‍ന്ന് പ്രതികള്‍ പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. വില്പനക്കെത്തിച്ച പൂക്കളുടെ ഇടയിലാണ് കള്ളനോട്ട് ഒളിപ്പിച്ചതെന്ന് പറഞ്ഞെങ്കിലും തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച സ്കോര്‍പ്പിയോ വാഹനത്തിന്റെ മുകള്‍ഭാഗത്തെ രഹസ്യ അറയില്‍ ഒരു ലക്ഷം കണ്ടെത്തി.
ഇവരോടൊപ്പം എത്തിയ രണ്ടു പേര് സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്നായി രണ്ടു ലക്ഷവും പിടിച്ചെടുത്തു. കള്ളനോട്ട് കടത്താന്‍ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. നാര്‍കോടിക് ഡിവൈഎസ്പി എ.ജി. ലാല്‍, കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍, കമ്പംമെട്ട് സിഐ ജി. സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ഹരിദാസ്, ഷിബു മോഹന്‍, സജു രാജ്, സുനീഷ്, ബിനുമോന്, സജികുമാര്‍, നിതീഷ്, വിനോദ് കുമാര്‍, ജോഷി, മഹേഷ്, അനൂപ്, ടോം സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: