തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം ഭരണഘടനയെ വെല്ലുവിളിച്ച് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതിനു വേണ്ടി.
സ്വര്‍ണക്കടത്ത് കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചത് മുഖ്യമന്ത്രി. എന്നാല്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ട് സഹ പ്രവര്‍ത്തകര്‍ കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രിക്ക് ചങ്കിടിപ്പേറി. സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു മേല്‍ കടന്നു കയറിയാല്‍ നിയമ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നു കൊണ്ടുള്ള ഇടപെടല്‍ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി.
വടക്കാഞ്ചേരി ലൈഫ് ഫഌറ്റ് നിര്‍മാണത്തില്‍ സിബിഐ ക്രമക്കേടു കണ്ടെത്തിയതോടെ കേന്ദ്രത്തിനെതിരെ വിമര്‍ശനം കടുപ്പിച്ചു. കേന്ദ്ര ഏജന്‍സികളെ നേരിടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി. സര്‍ക്കാരിന്റെ അനുവാദമില്ലാതെ സിബിഐ അന്വേഷണം സംസ്ഥാനത്ത് നടത്തേണ്ടെന്ന് മന്ത്രിസഭാ തീരുമാനവും എടുത്തു. അവകാശങ്ങള്‍ കേന്ദ്രം കവര്‍ന്ന് എടുക്കുന്നു എന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകരെ കേന്ദ്ര സര്‍ക്കാരിനെതിരെ അണിനിരത്തി പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.
വെറുതെ പാസാക്കിയ പ്രമേയങ്ങള്‍
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയങ്ങള്‍ പാസാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ഒട്ടും പിന്നിലായിരുന്നില്ല. ചെയ്യുന്നത് എല്ലാം ശരിയാണെന്നും ആരും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നുമായിരുന്നു കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജിയ്ക്കെതിരെയുള്ള വിമര്‍ശനത്തിനു പിന്നില്‍. സിഎജിക്കെതിരെയും നിയമസഭ പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിനെയും ഫെഡറല്‍ സംവിധാനത്തെയും വെല്ലുവിളിച്ചു. കാര്‍ഷിക നിയമത്തിനെതിരെയും സംസ്ഥാനസര്‍ക്കാര്‍ തിരിഞ്ഞു.
നിയമം ലംഘിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നല്കിയ ശിപാര്‍ശ മടക്കിയത് സര്‍ക്കാരിനെ ചൊടിപ്പിക്കുകയും ഗവര്‍ണറെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പ്രത്യേക സഭാ സമ്മേളനത്തില്‍ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയവും പാസാക്കി.
ബാങ്കുകളുടെ ലയനം സംബന്ധിച്ചും, നോട്ട് നിരോധനത്തെ സംബന്ധിച്ചും വെറുതെ പ്രമേയം പാസാക്കി കേരള നിയമസഭ. വിമനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട കരാറില്‍ പങ്കെടുത്ത് തോല്‍ക്കുകയും വിജയിച്ച അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയും പ്രമേയം പാസാക്കി. വിമാനത്താവളത്തിലേക്ക് എല്‍ഡിഎഫ് മാര്‍ച്ചും സംഘടിപ്പിച്ചു. കന്നുകാലി കശാപ്പിനെതിരെ പാസാക്കിയ പ്രമേയം മത ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായിരുന്നു.
ആള്ക്കൂട്ടക്കൊലയ്ക്കെതിരെയും പ്രമേയം പാസാക്കി. പ്രമേയം പാസാക്കി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കേരളത്തില്‍ അത് സംഭവിച്ചു. കര്‍ണാടക – കേരള അതിര്‍ത്തിയിലെ രാത്രികാല വാഹന നിരോധനത്തെ സംബന്ധിച്ച് പാസാക്കിയ പ്രമേയത്തിന് കര്‍ണാടക സര്‍ക്കാര്‍ യാതൊരു വിലയും കല്‍പ്പിച്ചില്ല. കൊവിഡ് കാലത്ത് പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിനായും വെറുതെ ഒരു പ്രമേയം പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: