പീരുമേട്: ഏലപ്പാറയില്‍ ആറ്റുപുറമ്പോക്ക് കൈയേറിയുള്ള കെട്ടിട നിര്‍മാണം തുടരുന്നു. സംഭവത്തില്‍ ശക്തമായ നടപടി എടുക്കാന്‍ ഉത്തരവുള്ളപ്പോഴും പഞ്ചായത്ത് അധികൃതര്‍ അലംഭാവം തുടരുകയാണ്. കഴിഞ്ഞമാസം അവസാനമാണ് ഏലപ്പാറ പാലത്തിന് സമീപം ഡിസിസി അംഗം കെട്ടിട നിര്‍മാണം ആരംഭിച്ചത്.
പിന്നാലെ സംഭവത്തില്‍ കളക്ടര്‍ ഇടപെട്ട് നടപടി ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് സെക്രട്ടറി ഇത് ചെവിക്കൊണ്ടില്ല. മുമ്പ് തന്നെ സ്റ്റോപ്പ് മെമ്മോ നല്‍കിയെന്ന വാദം നിരത്തിയ ഇദ്ദേഹത്തെ പിന്നീട് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്യുകയായിരുന്നു. വിഷയത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇടപെടുകയും ചെയ്തു.
എന്നാല്‍ പിന്നീട് ദിവസങ്ങള്‍ പിന്നിട്ടതോടെ ഇവിടെ വീണ്ടും രാഷ്‌ട്രീയ ഒത്താശയോടെ നിര്‍മാണം ആരംഭിച്ചു. കെട്ടിടം വാര്‍ത്തതിന്റെ തട്ട് പൊളിച്ച് നീക്കി തറ നിരപ്പാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. സ്ഥലത്തെ നിര്‍മാണം നിര്‍ത്തി വെപ്പിച്ചതാണെന്നും വിഷയം പരിശോധിക്കുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജന്മഭൂമിയോട് പറഞ്ഞു.
അതേ സമയം രാവിലെയും വൈകിട്ടും സ്ഥലത്തെത്തി ഫോട്ടോയെടുത്ത് സൂക്ഷിക്കാനും നിര്‍മാണം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നുമാണ് ഉത്തരവെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശനും പറഞ്ഞു. വിഷയം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: