ലഖ്നോ: ഗുജറാത്ത് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥന് അരവിന്ദ് ശര്‍മ്മ ഈയിടെയാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ച് ബിജെപിയില്‍ ചേര്‍ന്നത്.
അരവിന്ദ് ശര്‍മ്മ ഉത്തര്‍പ്രദേശ് ബിജെപി യൂണിറ്റില്‍ ചേര്‍ന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹാശ്ശിസ്സുകളോടെയാണ്. ചടങ്ങില്‍ യുപി ബിജെപിയുടെ സംസ്ഥാനപ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞത് ശര്‍മ്മയുടെ വരവ് കേന്ദ്രസര്‍ക്കാരിനെയും ഉത്തര്‍പ്രദേശിലെ സംസ്ഥാന സര്‍ക്കാരിനെയും ശക്തിപ്പെടുത്താനാണെന്നാണ്.
ഇപ്പോഴിതാ അരവിന്ദ് ശര്‍മ്മയെന്ന നേര്മ്മയാര്ന്ന ഉദ്യോഗസ്ഥനെ മോദി യുപി രാഷ്ട്രീയത്തിലേക്ക് പറഞ്ഞയച്ചതിന്റെ പിന്നിലെ ലക്ഷ്യം പുറത്ത് വന്നിരിക്കുന്നു. യുപിയില്‍ 12 സീറ്റുകളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അരവിന്ദ് ശര്‍മ്മ മത്സരിക്കും. വെറുതെ എംഎല്‍എയായി നില്‍ക്കാനല്ല. യോഗി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി അരവിന്ദ് ശര്‍മ്മ അവരോധിക്കപ്പെടുമെന്ന് മാത്രമല്ല, ആഭ്യന്തരമന്ത്രി സ്ഥാനവും വഹിക്കാന്‍ സാധ്യതയുണ്ട്.
ഏകദേശം മൂന്ന് ദശകങ്ങള്‍ക്ക് ശേഷമാണ് യുപിയില്‍ ആഭ്യന്തരമമന്ത്രിപദം മുഖ്യമന്ത്രിയല്ലാതെ രണ്ടാമതൊരാള്‍ കയ്യാളുക. മുഖമന്ത്രി തന്നെ ആഭ്യന്തരമന്ത്രിസ്ഥാനം കയ്യാളുകയാണ് യുപിയിലെ പതിവ്. ‘മോദിയുടെ വിശ്വസ്തനായ ഐഎഎസ് ഉദ്യോഗസ്ഥന് യുപിയില്‍ വെറുതെ ഒരു എംഎല്‍എയാകാന്‍ വന്നതല്ല. പ്രധാനമന്ത്രിയുടെ ‘പ്രവര്‍ത്തനം നടത്തേണ്ടതായ രാഷ്ട്രീയം’ എന്ന തത്വത്തിന്റെ ഭാഗമായി വന്നതാണ്. വിരമിച്ച ഉദ്യോഗസ്ഥര്‍ മോദിയുടെ വിശ്വസ്തരുടെ പുസ്തകത്തില്‍ എന്നും സ്ഥാനം പിടിച്ചിരുന്നു. ആര്.കെ. സിംങ്, ഹര്‍ദീപ് പുരി, എസ്.കെ.. ജയശങ്കര്‍ എന്നിവര്‍ ഇങ്ങിനെ ഔദ്യോഗിക മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്നവരാണ്.
2022-ലെ നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുപിയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ യോഗി ആദിത്യനാഥിനെ സഹായിക്കുന്നതിനാണ് അരവിന്ദ് ശര്‍മ്മയെ മോദി നിയോഗിച്ചിരിക്കുന്നത്. അരവിന്ദ് ശര്‍മ്മ കാര്യങ്ങളില്‍ ആഴത്തില്‍ പിടിപാടുള്ള വ്യക്തിയാണ്. നല്ലൊരു ധനകാര്യ വിദഗ്ധനുമാണ്. ഇദ്ദേഹത്തിന്റെ കഴിവ് യോഗി സര്‍ക്കാരിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് മോദിയുടെ ലക്ഷ്യം. ഭരണകര്‍ത്താക്കളെ ഒരു മാറ്റത്തിന് പ്രേരിപ്പിക്കുന്നതിന് കൂടിയാണ് അരവിന്ദ് ശര്‍മ്മ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: