മുംബൈ: ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്ന വെബ് സീരീസായ ‘താണ്ഡവിന്റെ അണിയറക്കാര്‍ക്കും ആമസോണ്‍ പ്രൈമിനുമെതിരേ യുപി പോലീസ് കേസെടുത്തു. ‘താണ്ഡവ്’ വിവാദത്തില്‍ ആമസോണ്‍ പ്രൈമിനോട് വിശദീകരണം തേടി കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം രംഗത്തെത്തിയതിനു പിന്നാലെയാണ് യുപിയില്‍ കഗേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന പരാതിയിലാണ് കേസ്. അണിയറപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആമസോണ്‍ ഒറിജിനല്‍ കണ്ടെന്റ് മേധാവി അപര്‍ണ പുരോഹിത്, സംവിധായകന്‍ അലി അബ്ബാസ്, നിര്‍മ്മാതാവ് ഹിമാന്‍ഷു മെഹ്റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍, പ്രധാന താരങ്ങളായ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ എന്നിവര്‍ക്കെതിരെയും കേസുണ്ട്. ദൈവങ്ങളെയും മതപരമായ ചടങ്ങുകളെയും അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.
മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതുമായ തരത്തിലാണ് സീരിസ് എന്നാണ് എഫ്‌ഐആര്‍ പറയുന്നത്. അതിനാല്‍ അത് സംബന്ധമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ലഖ്‌നൗവിലെ ഹസ്ത്രഖഞ്ച് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേശകന്‍ മണി ത്രിപാഠി കേസ് ഫയല്‍ ചെയ്തതിന്റെ രേഖകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ വികാരങ്ങള്‍ വച്ച് കളിക്കുന്നതിനെ യോഗി ആദിത്യനാഥിന്റെ യുപിയില്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് താണ്ഡവിനെതിരെ ട്വിറ്ററില്‍ ബഹിഷ്‌കരണ ആഹ്വാനം രൂക്ഷമായിരുന്നു. അലി അബ്ബാസ് സഫറാണ് താണ്ഡവിന്റെസംവിധായകന്‍.നടനായ മുഹമ്മദ് സീഷന്‍ അയ്യൂബ് സ്‌റ്റേജ് പെര്‍ഫോമറായി എത്തിയ സീനില്‍ ശിവനോട് സാദൃശ്യം തോന്നുന്ന രീതിയില്‍ വേഷം ധരിച്ചുവെന്നും ഹൈന്ദവ വികാരങ്ങളെ വൃണപ്പെടുത്തുന്ന തരത്തിലുള്ള ഡയലോഗുകള്‍ പറഞ്ഞുവെന്നുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: