കൊവിഡ് മഹാമാരിക്കെതിരെ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പിന് തുടക്കം കുറിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഭാരതം. ലഡാക്കുമുതല്‍ കേരളം വരെയുള്ള രണ്ട് ലക്ഷത്തോളം പേരാണ് ആദ്യദിനത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള മൂന്നു കോടി മുന്നണിപ്പോരാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ കുത്തിവയ്പ്പ് എടുക്കുക. കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ തദ്ദേശീയമായി നിര്‍മിച്ച രണ്ട് വാക്സിനുകളാണ് ഉപയോഗിച്ചത്. വാക്സിന് സ്വീകരിച്ച ആര്‍ക്കും തന്നെ ഇന്നലെ വൈകിട്ടുവരെ ചികിത്സ ആവശ്യമായ വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായില്ല എന്നത് വലിയൊരു നേട്ടമാണ്. ആദ്യദിനത്തില്‍ കുത്തിവയ്പ്പെടുത്ത ഡോക്ടര്‍മാരും നഴ്സുമാരും സുരക്ഷാഭടന്മാരും വളരെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് പ്രതികരിച്ചത്. പ്രതിരോധ മരുന്നു സ്വീകരിച്ച തങ്ങള്‍ക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന ഡോക്ടര്‍മാരുടെ വാക്കുകള്‍ ഇനി മരുന്നു സ്വീകരിക്കാനിരിക്കുന്നവര്ക്കും സാധാരണക്കാര്‍ക്കും ആത്മവിശ്വാസം നല്കുമെന്നു തീര്‍ച്ചയാണ്. പ്രതിരോധ കുത്തിവയ്പ്പിന്റെ അതിമഹത്തായ തുടക്കത്തിന്റെ ഓരോ നിമിഷവും ജനങ്ങളിലെത്തിച്ച മാധ്യമങ്ങളും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു.
ആത്മനിര്‍ഭര്‍ ഭാരതം എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തിയുള്ള സ്വയംപര്യാപ്തതയിലേക്ക് വലിയൊരു ചുവടുവയ്പ്പാണ് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിലൂടെ രാഷ്ട്രം നടത്തിയിരിക്കുന്നത്. ഇതിനുപയോഗിച്ച രണ്ട് വാക്സിനുകളും സ്വന്തമായി നിര്‍മിക്കാന്‍ കഴിഞ്ഞതാണ് ഇതിനു കാരണം. പല ലോക രാജ്യങ്ങള്‍ക്കും കഴിയാതിരുന്ന ഈ ദൗത്യം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ഭാരതത്തിനായി എന്നത് വലിയൊരു ബഹുമതിയാണ്. എന്നാല്‍ ഇതിന്റെ തിളക്കം കെടുത്താന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചത് ദൗര്ഭാഗ്യകരമെന്നേ പറയേണ്ടൂ. ഭാരതം സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടന്നിട്ടില്ലെന്നും, അതിനാല്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് അപകടകരമായിരിക്കുമെന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഈ വാക്സിന് ഉപയോഗിക്കുന്നത് പരീക്ഷണാടിസ്ഥാനത്തില്‍ ആണ്. പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലുമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ഒരു ലക്ഷം പേരില്‍ രണ്ടാം ഘട്ട പരീക്ഷണം നടത്തിയിട്ടും ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടില്ല. ഇതൊക്കെ മറച്ചുപിടിച്ചാണ് കൊവാക്സിനെതിരെ കുപ്രചാരണം നടന്നത്.
ഭരണരംഗത്തുള്ള ആരും പ്രതിരോധ കുത്തിവയ്പ്പിന് തയ്യാറായില്ല എന്ന വാദവുമായി ജനങ്ങളില്‍ അവിശ്വാസം വളര്‍ത്താനും ശ്രമം നടന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ മൂന്നു കോടിയോളം വരുന്ന കൊവിഡ് മുന്നണിപ്പോരാളികള്‍ക്കാണ് ആദ്യം പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. രാഷ്ട്രീയക്കാര്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് മുന്‍ഗണനാക്രമം തെറ്റിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം പറയുകയുണ്ടായി.
ആരോഗ്യപ്രവര്ത്തകരില്പ്പെടുന്ന രാഷ്ട്രീയനേതാക്കള്‍ പലരും ആദ്യദിനത്തില്‍ കുത്തിവയ്പ്പിന് വിധേയരാവുകയും ചെയ്തു. ഇതൊന്നും കാണാന്‍ കൂട്ടാക്കാതെ പ്രതിരോധ കുത്തിവയ്പ്പില്‍ പോലും രാഷ്ട്രീയം കലര്‍ത്തുകയാണ് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്തത്. ബിജെപി ഭരണത്തിനു കീഴില്‍ രാജ്യം മഹത്തായ നേട്ടം കൈവരിച്ചത് പരമാവധി മറച്ചുപിടിക്കുക. ഭാരതം സ്വന്തമായി നിര്‍മിച്ച വാക്സിനുകള്‍ മറ്റുള്ള രാജ്യങ്ങള്‍ വാങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുക. ഇതാണ് കോണ്‍ഗ്രസ്സും മറ്റും ലക്ഷ്യംവച്ചത്.
രാജ്യസ്നേഹം തൊട്ടുതെറിക്കാത്ത ഇത്തരം നേതാക്കളുടെ മനസ്സിനാണ് ചികിത്സ വേണ്ടതെന്ന് പറയാന്‍ തോന്നുന്നു. ഭാരതം ഒരു മേഖലയിലും മുന്നേറരുതെന്ന് വാശിപിടിക്കുന്നവര്‍ക്ക് ഇവിടുത്തെ പൗരന്മാരായിരിക്കാനുള്ള അര്‍ഹത പോലും ഇല്ല. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഭാരതം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെയും ഇക്കൂട്ടര്‍ എതിര്‍ക്കുകയായിരുന്നുവല്ലോ. ഇവര്‍ വിജയിക്കാന്‍ പോകുന്നില്ല എന്നാണ് ആദ്യദിന കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ വിജയം കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: