മുംബൈ: പദ്മ പുരസ്കാരങ്ങള്‍ നല്കി രാജ്യം ആദരിച്ച വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് ഗുലാം മുസ്തഫ ഖാന് (89) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം.
രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമുണ്ടായിരുന്നില്ലെന്നും ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മരണത്തിനു കീഴടങ്ങിയെന്നും മരുമകള്‍ നമ്രത ഗുപ്ത ഖാന് പറഞ്ഞു. വരുന്ന മാര്‍ച്ച് മൂന്നിന് അദ്ദേഹത്തിന്റെ 90-ാം പിറന്നാളാണ്. അതിന് ദിവസങ്ങള്‍ക്കു മുന്പെയാണ് അന്ത്യം. 2019ലുണ്ടായ മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടതുഭാഗം തളര്‍ന്നിരുന്നു.
മൂന്ന് പദ്മ പുരസ്കാരങ്ങളും (പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്) നല്കി രാജ്യം ആദരിച്ച പ്രതിഭയാണ് ഉസ്താദ് ഗുലാം മുസ്തഫ ഖാന്. 1991ല്‍ പദ്മശ്രീയും 2006ല്‍ പദ്മഭൂഷണും സമ്മാനിച്ചു. 2018ലാണ് പദ്മവിഭൂഷണ് നല്കി ആദരിച്ചത്. 2003ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി.
ഉത്തര്‍പ്രദേശിലെ ബദായുനില്‍ 1931 മാര്‍ച്ച് മൂന്നിനായിരുന്നു മുസ്തഫ ഖാന്റെ ജനനം. അച്ഛനമ്മമാരില്‍ നിന്ന് സംഗീതം അഭ്യസിച്ചു തുടങ്ങിയ ഇദ്ദേഹത്തിന്റെ ആദ്യകാല ഉസ്താദ് ഫിദ ഹുസൈനും നിസാര്‍ ഹുസൈന് ഖാനുമായിരുന്നു. രാംപൂര്‍ സഹസ്വാന് ഖരാനയിലെ അതികായരില്‍ പ്രമുഖനാണ് ഉസ്താദ് ഗുലാം മുസ്തഫ ഖാന്. ഹിന്ദി ചലച്ചിത്രലോകത്ത് ഗായകനായും സംഗീത സംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖര്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ നിര്യാണത്തില്‍ അനുശോചിച്ചു. മുംബൈയിലെ സാന്തക്രുസ് വെസ്റ്റ് ഖബര്‍സ്ഥാനില്‍ ഇന്നലെ രാത്രിയോടെ സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: