ഇരിട്ടി : ഇരിട്ടി മേഖലയില്‍ തുടര്‍കഥയായി ക്ഷേത്ര കവര്‍ച്ചകള്‍ . ശനിയാഴ്ച രാത്രി എടക്കാനം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും കള്ളന് കവര്‍ന്നത് കാല് ലക്ഷത്തോളം രൂപ. കഴിഞ്ഞ ദിവസം ക്ഷേത്രം ഭാരവാഹികള്‍ ഭണ്ടാരങ്ങള്‍ തുറന്ന് ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ച പണമാണ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് കള്ളന് കൊണ്ടുപോയത്. ഓഫീസിനകത്തെ രണ്ട് അലമാരകളുടേയും മേശയുടെയും പൂട്ട് തകര്‍ത്ത് രേഖകളെല്ലാം വാരി വലിച്ചിട്ട നിലയിലാണ് . ക്ഷേത്രം ശ്രീകോവിലും , അയ്യപ്പ ക്ഷേത്രത്തിന്റെ മുന്നിലെ ഭണ്ഡാരവും കുത്തി തുറന്നിട്ട നിലയിലാണ്.
രാവിലെ 5.30 തോടെ ക്ഷേത്രത്തിലെത്തിയ മേല്‍ ശാന്തിയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലും മറ്റും തുറന്നിട്ട നിലയില്‍ കാണുന്നത്. ഉടനെ ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ ഇരിട്ടി പോലീസില്‍ പരാതി നല്കി. പരാതിയില്‍ പോലീസെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഇരിട്ടി മേഖലയിലെ നിരവധി ക്ഷേത്രങ്ങളിലാണ് മോഷണവും മോഷണ ശ്രമങ്ങളും നടന്നത്. മാടത്തില്‍ പൂവത്തിന്‍കീഴ് ഭഗവതി ക്ഷേത്രം, പുന്നാട് കുഴുമ്പില്‍ ഭഗവതി ക്ഷേത്രം, തില്ലങ്കേരി ശിവക്ഷേത്രം , കോളിക്കടവ് എടവൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടന്നു. ഇവിടങ്ങളില്‍ നിന്നും പണം കൂടാതെ സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയിരുന്നു. കഴിഞ്ഞ ആഴ്ച കീഴൂര്‍ മഹാദേവ ക്ഷേത്രത്തിലും മോഷണ ശ്രമം നടന്നെങ്കിലും കള്ളന് അകത്തു കടക്കാനായില്ല.
ചുറ്റമ്പലത്തിന്റെ രണ്ട് ഓടുകള്‍ ഇളക്കി മാറ്റുകയും ഇവ നിലത്തു വീണു ഉടയുകയും ചെയ്ത നിലയിലാണ് രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ കണ്ടത്. ഓടുകള്‍ വീണു പൊട്ടിയതിനാലോ ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ടു അന്നേദിവസം ഊട്ടുപുരയില്‍ പാചകക്കാരും മറ്റും ഉണ്ടായിരുന്നത് ശ്രദ്ധയില്‍ പെട്ടതിനാലോ മോഷണ ശ്രമം ഉപേക്ഷിച്ചതാവാം എന്നാണ് കരുതുന്നത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയിരുന്നു. അടുത്ത കാലത്ത് ഇത്രയധികം ക്ഷേത്ര മോഷണങ്ങളും ശ്രമങ്ങളും നടന്നിട്ടും പൊലീസിന് ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. ഈ മോഷണങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരാള്‍ തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്. മോഷ്ടാവിനെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും പോലീസ് രാത്രികാലങ്ങളിലെ പെട്രോളിംഗ് ശക്തമാക്കണമെന്നുമാണ് മേഖലയിലെ ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: