തൃശൂര്‍: സാംസ്ക്കാരിക തലസ്ഥാനത്ത് സ്വാമി വിവേകാനന്ദന് സ്മാരകം വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തരമായ ഇടപെടലിലൂടെയാണ് സ്മാരക നിര്‍മ്മാണത്തിന് ഇപ്പോള്‍ വഴിയൊരുങ്ങിയത്.
മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ തൃശൂരില്‍ സ്വാമി വിവേകാനന്ദന്റെ സ്മരകം നിര്‍മ്മിക്കണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു. 129 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്വാമി വിവേകാനന്ദന് ഷൊര്‍ണ്ണൂരില്‍ നിന്ന് കാളവണ്ടി മാര്‍ഗം തൃശൂരിലെത്തിയത്. അദ്ദേഹം സന്ദര്‍ശിച്ച രാജ്യത്തെ മിക്ക സ്ഥലങ്ങളിലും സ്വാമിയുടെ പ്രതിമകളും സ്മാരകങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂരില്‍ ഇതേവരെ ഒരു സ്മാരകം ഉണ്ടായിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് ഏറ്റവും ഒടുവിലായി പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി സദ്ഭവാനന്ദ ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിക്കും പുതിയതായി അധികാരത്തിലെത്തിയ കോര്പ്പറേഷന് ഭരണാധികാരികള്‍ക്കും നിവേദനം നല്‍കിയിരുന്നു. നിരന്തരമായ ശ്രമത്തിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ സ്മാരക നിര്‍മ്മാണത്തിന് വഴിതെളിഞ്ഞിരിക്കുന്നത്. പരിവ്രാജക യാത്രയുടെ ഭാഗമായി സ്വാമി വിവേകാനന്ദന് തൃശൂരില്‍ ആദ്യമായി എത്തിച്ചേര്‍ന്ന പാട്ടുരായ്ക്കലിലാണ് വിവേകാനന്ദ പ്രതിമ സ്ഥാപിക്കാന്‍ 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
പാട്ടുരായ്ക്കലില്‍ വച്ചാണ് അന്നത്തെ കൊച്ചി സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായ ഡി.ആര്. സുബ്രഹ്മണ്യ അയ്യരെ കണ്ടുമുട്ടിയതും യാത്രാക്ഷീണം മാറ്റാനും ദേഹശുദ്ധി വരുത്താനും സ്വാമികള്‍ ആഗ്രഹം പ്രകടിപ്പിച്ചതും. സ്വാമി വിവേകാനന്ദന്റെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും ആകൃഷ്ടനായ സുബ്രഹ്മണ്യ അയ്യര്‍ സ്വാമികള്‍ക്ക് വീട്ടില്‍ ഭക്ഷണം ഉള്‍പ്പെടെ കാര്യങ്ങള്‍ ഒരുക്കി. തൃശൂരില്‍ തങ്ങിയ മൂന്ന് ദിവസങ്ങളും സുബ്രഹ്മണ്യ അയ്യരുടെ അതിഥിയായി തന്നെ പാട്ടുരായ്ക്കലിലെ വീട്ടിലാണ് സ്വാമി വിവേകാനന്ദന് താമസിച്ചത്. ഇവിടെ നിന്നാണ് സ്വാമികള്‍ കൊടുങ്ങല്ലൂരിലേക്ക് യാത്ര തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: