ന്യൂദല്‍ഹി: മനുഷ്യരാശിക്ക് പ്രത്യാശയുടെ പുതുവെളിച്ചം സമ്മാനിച്ച് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് പ്രക്രിയയ്ക്ക് ഇന്ന് ഇന്ത്യയില്‍ തുടക്കം. ലോകക്രമത്തെ മാറ്റിമറിച്ച കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ നിര്‍ണായക വിജയമാണിത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ട് കൊവിഡ് വാക്സിനുകളും ഇന്ന് മുതല്‍ വിതരണം ചെയ്യും. രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന് വിതരണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ആദ്യ ദിവസം മൂന്നു ലക്ഷം പേര്‍ക്കാണ് കുത്തിവയ്പ്പ്.
ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളുമടക്കമുള്ള മൂന്നു കോടി പേര്‍ക്ക് വാക്സിനുകള്‍ സൗജന്യമായി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനായി രാജ്യമെങ്ങും 3,006 കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങള്‍ തയാറാക്കിയിട്ടുണ്ട്. പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, സൈനിക, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗജന്യ വാക്സിന് ലഭിക്കുന്നത്. സര്‍ക്കാരിന്റെ കൊവാക്സിന് പോര്‍ട്ടലില്‍ വാക്സിന് സ്വീകരിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടുത്തും.
സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തയാറാക്കിയ മുന്‍ഗണനാ പട്ടിക പ്രകാരം അര്‍ഹരായവര്‍ക്കുള്ള കുത്തിവയ്പ്പ് ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. എല്ലാ കേന്ദ്രങ്ങളിലും നൂറു വീതം പേര്‍ക്കാണ് ഇന്ന് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് കുത്തിവയ്പ്പ് എടുക്കുന്നത്. ആദ്യഘട്ട വാക്സിനേഷന് പ്രക്രിയ പൂര്‍ത്തിയാവാന്‍ അഞ്ചാറു മാസമെങ്കിലും എടുക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ദല്‍ഹിയിലെ ആരോഗ്യമന്ത്രാലയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കൊവിഡ് കണ്ട്രോള് റൂമിലെത്തി വാക്സിനേഷന് പ്രക്രിയയുടെ ക്രമീകരണങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് വിലയിരുത്തി. രണ്ടു വാക്സിനുകളും പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും ഏറ്റവും വലിയ വാക്സിനേഷന് പ്രക്രിയ രാജ്യം വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും ഡോ. ഹര്ഷവര്ദ്ധന് പ്രതികരിച്ചു.
പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്സിന് നല്‍കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസും എടുക്കണം. ആദ്യ ഡോസ് സ്വീകരിച്ച ഉടന്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രണ്ടാമത്തെ ഡോസിന്റെ തീയതിയും ഓര്‍മ്മിപ്പിക്കും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വാക്സിനേഷന് നടത്തുന്നത്. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ കൊവിഷീല്‍ഡും ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് വിതരണത്തിനെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: