വാഗ്ദാനത്തിന്റെ പ്രതീകമായി ജയസിംഹന്‍ പൂജയുടെ പ്രസാദമായ തുളസീദളവും ബില്വപത്രവും രഘുനാഥപന്തിന്റെ കൈയില്‍ കൊടുത്തയച്ചു. അത് ലഭിച്ചതിനുശേഷം ജയസിംഹനുമായി കൂടിക്കാഴ്ചയ്‌ക്കായി ശിവാജി രാജഗഢില്‍ നിന്നും പുറപ്പെട്ടു. മഹാദ്ഭുതം! മറ്റുപായമില്ലാതെ സഹ്യാദ്രി സിംഹം ദില്ലിയുടെ കുറുക്കന്റെ മുന്‍പില്‍ നമസ്‌കരിക്കാന്‍ തീരുമാനിച്ചോ? അടിമത്വം അംഗീകരിക്കാന്‍ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചോ? അഥവാ ആപത്തിനെ അഭിമുഖീകരിക്കാന്‍ സാധിക്കാതെ മനസ്സ് പതറിപ്പോയോ?
കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്ന സ്വതന്ത്ര നിര്‍ഭയ സ്വഭാവം, സാഹസപ്രവൃത്തി എന്നിവ അറിയുന്നവര്‍ക്ക്, ശിവാജി ഈ വിഷയത്തില്‍ എന്ത് യുദ്ധനീതിയാണ് കൈക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. ഈ വിഷയത്തില്‍ ചില ചരിത്രകാരന്മാരും, രാജനീതി നിപുണന്മാരും അവരവരുടേതായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ചിലര്‍ ഇത് ശിവാജിയുടെ യുദ്ധതന്ത്രമാണെന്നും, മറ്റു ചിലര്‍ ശരണാഗതിയാണെന്നും, വേറെ ചിലര്‍ അദ്ദേഹത്തിന് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു അതുകൊണ്ട് കീഴടങ്ങി എന്നും എഴുതിയിട്ടുണ്ട്. എന്നാല്‍ ശിവാജിയുടെ അലൗകിക പ്രതിഭയെ അറിയുന്നവര്‍ ആ സന്ധിപത്രത്തില്‍ എന്തെങ്കിലും ഗൂഢോദ്ദേശ്യം കാണുമെന്ന് ഊഹിക്കുന്നു. അക്കാലത്തെ ഇംഗ്ലീഷുകാരുടെ ചില എഴുത്തുകുത്തുകളിലും ശിവാജി ഏതെങ്കിലും സാഹസികയോജന മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം സന്ധി ചെയ്തത് എന്ന് സൂചിപ്പിക്കുന്നുണ്ട്.
ജയസിംഹനും ദിലേര്‍ഖാനും ചേര്‍ന്ന് രണ്ടരമാസം പ്രയത്‌നിച്ചിട്ടും ശിവാജിയുടെ ഒരു കോട്ട പോലും കീഴടക്കാന്‍ സാധിച്ചിട്ടില്ല. പുരന്ദര്‍ കോട്ട രണ്ടരമാസത്തെ ഉപരോധത്തിനുശേഷവും കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. പുരന്ദര്‍കോട്ടയ്‌ക്ക് സമാനമായ അനേകം കോട്ടകള്‍ ഉണ്ടായിരുന്നു. അവയിലെവിടെയെങ്കിലും നിന്ന് ശിവാജിക്ക് ജയസിംഹന്റെ സൈനിക ശക്തിയെ ദുര്‍ബ്ബലപ്പെടുത്തുവാന്‍ കഴിയുമായിരുന്നു. അഫ്‌സല്‍ഖാന്‍, ശായിസ്‌തേഖാന്‍, ജസവന്തസിംഹ് മുതലായവരെ പരാജയപ്പെടുത്തിയ ശിവാജി, കീഴടങ്ങാന്‍ എങ്ങനെ തയ്യാറായി എന്ന വിഷയം ഇന്നും അജ്ഞാതമാണ്. ശിവാജിയുടെ തന്ത്രം മനസ്സിലാക്കണമെങ്കില്‍ അന്നത്തെ പരിതസ്ഥിതിയില്‍ ശിവാജിയുടെയും ജയസിംഹന്റെയും യുദ്ധകൗശലത്തിന്റെയും സൈനികബലത്തിന്റെയും തുലനാത്മകമായ നിരീക്ഷണം നടത്തേണ്ടിവരും.
ശിവാജിയുമായി സന്ധി ചെയ്തതിനുശേഷം ജയസിംഹന്‍ ബീജാപ്പൂരിനെ ആക്രമിച്ചു. എന്നാല്‍ ബീജാപ്പൂരിന്റെ പ്രത്യാക്രമണത്തിന്റെ ആഘാതത്തില്‍ ജയസിംഹന് പിന്‍വാങ്ങേണ്ടിവന്നു. എന്നാല്‍ ഇതേ ബീജാപ്പൂരിന്റെ സര്‍ദാര്‍മാരെ ശിവാജി മുന്‍പ് പരാജയപ്പെടുത്തിയിട്ടുള്ളതാണ്. ഈ സ്ഥിതിയില്‍ യുദ്ധത്തിന്റെ ആരംഭത്തില്‍ തന്നെ ശിവാജി ജയസിംഹനെ നേരിടാന്‍ സാധിക്കാതെ കീഴടങ്ങി എന്നു പറയുകയാണെങ്കില്‍ അതക്കാലത്തെ ഇതിഹാസത്തോടുള്ള അനീതിയായിരിക്കില്ലേ?
മോഹന കണ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: