കിഴക്ക് സഹ്യാദ്രിനിരകള്‍, തെക്ക് അറബിക്കടല്‍, കരവാലി തീരത്തെ ശാന്തമായ ചുറ്റുപാടുകള്‍… ഉഡുപ്പി- ദക്ഷിണ കന്നഡ എന്നിവയ്ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഹനുമാന്‍ഗിരി ക്ഷേത്രത്തില്‍ ഭക്തിയും പ്രക്യതി സൗന്ദര്യവും സമന്വയിക്കുകയാണ്.
കാസര്‍കോട്ടെ ദേലംപാടി പഞ്ചായത്ത് അതിര്‍ത്തികടന്ന് അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാലെത്തുന്ന കര്‍ണാടകയിലെ ഈശ്വരമംഗല ടൗണിന് സമീപത്താണ് ഹനുമാന്‍ഗിരി പഞ്ചമുഖി ആഞ്ജനേയ ക്ഷേത്രം. 11 അടി ഉയരമുള്ള കറുത്ത കരിങ്കല്ലില്‍ തീര്‍ത്ത പഞ്ചമുഖി ഹനുമാന്റെ പ്രതിഷ്ഠയാണ് ഇവിടെ. ക്ഷേത്രത്തില്‍ ശ്രീകോവില്‍ ഇല്ലെന്നതും പ്രത്യേകതയാണ്. ആറേക്കര്‍ കുന്നിന് ചെരുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാമവിഗ്രഹമുള്ള കോദണ്ഡരാമന് സന്നിധിയും ഇവിടെയാണ്. കുന്നിന്റെ നെറുകയിലാണ് കോദണ്ഡരാമന് സന്നിധി. 26 അടി ഉയരമുള്ള കറുത്ത കല്ലില്‍ തീര്‍ത്ത വിഗ്രഹമാണ് ഇവിടെയും.
ഹനുമാന്ഗിരിയുടെ പ്രധാനകവാടം കടന്നാല്‍ ആദ്യം കാണുന്നത് മനോഹരമായ പൂന്തോട്ടവും രാമായണ തീം പാര്‍ക്കുമാണ്. പ്രധാന കവാടം കഴിയുന്നത് മുതല്‍ ഇടതുവശത്ത് രാമായണകഥകള്‍ ശിലകളില്‍ കൊത്തിവച്ചിട്ടുണ്ട്.
പുത്രകാമേഷ്ടി, രാമന്റെ ജനനം, കടല്‍പ്പാല നിര്‍മാണം തുടങ്ങി നൂറോളം ശില്‍പ്പങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കാഴ്ചകള്‍ ആസ്വദിച്ച് മാനസോദ്യാനത്തിലെ പടികള്‍ കയറിയാല്‍ ഹനുമാന്ഗിരിയിലെ നാഥനായ പഞ്ചമുഖി ഹനുമാന് ക്ഷേത്രത്തിലാണ് എത്തുക.
ക്ഷേത്രത്തില്‍ തൊഴുതശേഷം ഔഷധച്ചെടികളാല്‍ സമൃദ്ധമായ ഹനുമോദ്യാനത്തിലൂടെ വീണ്ടും കുന്നുകയറണം. ഉദ്യാനത്തിന് നടുവിലായി പ്രതിമകള്‍, ഓഡിറ്റോറിയം, കുട്ടികള്‍ക്കുള്ള പാര്‍ക്ക് എല്ലാമുണ്ട്. ഹനുമാന് തീം പാര്‍ക്കില്‍ ഹനുമാനും രാമനുമായുള്ള ഊഷ്മള സ്നേഹബന്ധത്തെ കുറിക്കുന്ന കരിങ്കല്ലില്‍ കൊത്തിയ, നൂറുകണക്കിന് ശില്പങ്ങളുണ്ട്. കാഴ്ചകള്‍ ആസ്വദിച്ച് കുന്നിന്റെ ഏറ്റവും മുകളിലെത്തുമ്പോഴാണ് കോദണ്ഡരാമന് സന്നിധി. മരങ്ങളും ഔഷധച്ചെടികളും പൂക്കളും നിറഞ്ഞ് കണ്ണിന് കുളിര്‍മ പകരുന്ന പച്ചപ്പുല്‍ പരവതാനിയാണ് കുന്നിന് മുകളില്‍ എത്തുമ്പോള്‍ കാണാന്‍ സാധിക്കുക. കണ്ണെത്താദൂരത്തോളം പ്രകൃതിസൗന്ദര്യം നിറഞ്ഞ മലനിരകള്‍ കോദണ്ഡരാമന് സന്നിധിയുടെ വലതു ഭാഗത്ത് കാണാം. ക്ഷേത്രവും പ്രകൃതി ഭംഗിയും ആസ്വദിച്ച് തിരിച്ചിറങ്ങുമ്പോള്‍ ഹനുമാന്‍ഗിരി ക്ഷേത്രത്തിന് എതിര്‍വശത്തായി ഗോശാലയുണ്ട്. പത്തിലധികം പശുക്കളാണ് ഇവിടെയുള്ളത്.
ഈശ്വരമംഗല കാണത്തോട്ട കുടുംബത്തിന്റെ നേതൃത്വത്തില്‍ ഭാരതീയ സാംസ്കാരിക പഠനകേന്ദ്രമായാണ് ഹനുമാന്ഗിരിയുടെ തുടക്കം. ഇപ്പോള്‍ ധര്‍മശ്രീ പ്രതിഷ്ഠ ട്രസ്റ്റിനാണ് ഭരണം. ഭാരതസംസ്കാരമഹിമ പുതുതലമുറയില്‍ എത്തിക്കുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. അവധി ദിവസങ്ങളില്‍ ആയിരക്കണക്കിനു ഭക്തരാണ് മുന്‍പ് ഇവിടെ എത്തിയിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇളവുകള്‍ വന്നതോടെ വീണ്ടും ഭക്തര്‍ എത്തി തുടങ്ങിയിട്ടുണ്ട്.
കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രമെന്നനിലയില്‍ പ്രശസ്തമായി കൊണ്ടിരിക്കുകയാണ് ഹനുമാന്‍ഗിരി ക്ഷേത്രം. പുത്തൂരില്‍ നിന്ന് 23 കിലോമീറ്ററും, കാസര്‍കോട്ടുനിന്ന് 49 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: