ചിറ്റൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന ഇടതുസര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. വടകരപ്പതി,കൊഴിഞ്ഞാമ്പാറ മേഖലയിലെ തക്കാളി കര്‍ഷകരാണ് വിലയിടിവ് മൂലം ദുരിതത്തിലായിരിക്കുന്നത്.
ഭൂമി പാട്ടത്തിനെടുത്തും വായ്പയെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും തക്കാളിയുള്‍പ്പെടെയുള്ള കൃഷിയിറക്കിയിരിക്കുന്നത്. എന്നാല്‍ ഒരു കിലോ തക്കാളിക്ക് ലഭിക്കുന്നതാവട്ടെ എട്ട് രൂപയാണ്. ഇതേ തുടര്‍ന്ന പല കര്‍ഷകരും ചെടികള്‍ പറിച്ചുകളയുന്ന അവസ്ഥ വരെ എത്തി.
ഒരു കിലോ തക്കാളിയുടെ ഉത്പാദന ചെലവ് 13 രൂപയാണെന്നിരിക്കെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില എട്ട് രൂപയാണ്. എന്തടിസ്ഥാനത്തിലാണ് ഈ വില തീരുമാനിച്ചതെന്ന് അറിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
വേലന്താവളത്തെ മൊത്തവിപണിയിലെത്തിച്ച തക്കാളി ഇതുവരെയും വിറ്റുപോയിട്ടില്ല. വിലയിടിവും കാലാവസ്ഥാവ്യതിയാനവും മൂലം കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ഈ സീസണില്‍ രണ്ടുതവണ വിളവെടുപ്പ് നടത്തിയെങ്കിലും ഇപ്പോള്‍ മഴ ലഭിക്കാത്തത് മൂലം ചെടികള്‍ നശിച്ചു. ഇവ പറിച്ചു കളയുകയല്ലാതെ മറ്റുവഴികളില്ല.
വടകരപ്പതിയിലെ കര്‍ഷകനായ രംഗനാഥന് എട്ടേക്കര്‍ സ്ഥലത്താണ് വിവിധയിനം പച്ചക്കറികള്‍ കൃഷിചെയ്യുന്നത്. ഇതില്‍ നാലേക്കര്‍ പാട്ടത്തിനെടുത്ത സ്ഥലമാണ്. ഒരേക്കറില്‍ തക്കാളിയും രണ്ട് ഏക്കറില്‍ പാവയ്ക്കയുമാണ് കൃഷി ചെയ്തത്. വായ്പയെടുത്ത് കൃഷിയിറക്കിയെങ്കിലും വിലയിടിവും കാലാവസ്ഥാവ്യതിയാനവും മൂലം കടുത്ത സാമ്പത്തിക നഷ്ടമാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. 20 വര്‍ഷം മുമ്പ് ഒരു ബോക്സ് തക്കാളിക്ക് 100 രൂപ വില ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നതാവട്ടെ 120-130 രൂപ വരെയാണ്. കര്‍ഷകര്‍ക്ക് യാതൊരുവിധ ലാഭവും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
വിലയിടിവ് മൂലം തങ്ങള്‍ ദുരിതം അനുഭവിക്കുമ്പോഴും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്,. ഒരു കിലോ തക്കാളിയുടെ സര്‍ക്കാറിന്റെ സംഭരണവില എട്ടു രൂപയാണ്. വില എട്ടിലും കുറഞ്ഞാലെ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം വിപണിയില്‍ ഒരു കിലോ തക്കാളിക്ക് ഉപഭോക്താവ് നല്കുന്ന വില 25 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: