അഡ്വ. എസ്. ജയസൂര്യന്‍
കര്‍ഷകരുടെ പേര് ഉയര്‍ത്തിപ്പിടിച്ച് ദല്‍ഹിയില്‍ അരങ്ങേറുന്ന പ്രക്ഷോഭ പരിപാടികളുടെ തനിനിറം സുപ്രീംകോടതിയുടെ നടപടികളോടെ പുറത്തുവരികയാണ്. തുടക്കത്തില്‍ ഇതൊരു കര്‍ഷകപ്രക്ഷോഭം ആണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓര്‍ഡിനന്‍സിനെ തുടര്‍ന്ന് പാര്‍ലമെന്റ് ഇരുസഭകളും പാസാക്കി രാഷ്‌ട്രപതി ഒപ്പിട്ടു നിലവില്‍ വന്ന മൂന്ന് സുപ്രധാന കര്‍ഷക നിയമങ്ങള്‍ക്കെതിരെ ആയിരുന്നു ഈ സമരം.എന്നാല്‍ അന്നുതന്നെ ഈ പ്രക്ഷോഭത്തിന് പിന്നില്‍ മറ്റു പലരും ഉണ്ട് എന്നുള്ള വസ്തുത ചര്‍ച്ച യായിരുന്നു.
എന്നാല്‍ ഇന്ന് ആ വസ്തുത വളരെ വ്യക്തമാവുകയാണ്. ഈ രാജ്യത്തെ പാര്‍ലമെന്റിനെ, അതായത് ലോക്‌സഭയും രാജ്യസഭയും അവിടെ നിര്‍മ്മിക്കുന്ന നിയമങ്ങളെയും അതിന് ഭരണ സാധ്യത നല്‍കുന്ന രാഷ്‌ട്രപതിയേയും അംഗീകരിക്കാത്ത ഒരു വിഭാഗമായി ഭാരതീയതയുള്ള കര്‍ഷകര്‍ക്ക് മാറാനാവുമോ? അതായത് സമരം ചെയ്യുന്ന ഈ പ്രക്ഷോഭകാരികള്‍ക്ക് ഇന്ത്യയുടെ ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍ ഇവ മൂന്നിനെയും വിശ്വാസമില്ല. അപ്പോള്‍ ഇവര്‍ ആരിലാണ് വിശ്വാസമര്‍പ്പിച്ച് ഇരിക്കുന്നത്? കര്‍ഷക ദ്രോഹകരം എന്നു പ്രക്ഷോഭകര്‍ വിശേഷിപ്പിക്കുന്ന കാര്‍ഷിക നിയമങ്ങളെ സുപ്രീംകോടതി തന്നെ സ്റ്റേ ചെയ്തിരിക്കുന്നു. അതേ സുപ്രീംകോടതി ആ നിയമങ്ങളുടെ വിവിധ വശങ്ങള്‍ കേള്‍ക്കുന്നതിനും പഠിക്കുന്നതിനും നാല് വിദഗ്ധരെ നിയോഗിച്ചു കഴിഞ്ഞു. എന്നാല്‍ സുപ്രീം കോടതിയുടെ ഈ നടപടിയോട് പ്രക്ഷോഭകര്‍ വിയോജിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ബെഞ്ച് നിയോഗിച്ച നാലു പേരോടും തങ്ങള്‍ക്ക് പറയാനുള്ളത് വെളിപ്പെടുത്താന്‍ തയ്യാറല്ല എന്ന നിലപാട് തികഞ്ഞ രാജ്യവിരുദ്ധ നിലപാട് തന്നെയല്ലേ? ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭമാണ് ഇത്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ആ പ്രക്ഷോഭകരോട് കൈക്കൊണ്ട നിലപാടുകള്‍ എന്തായിരുന്നു എന്ന് നോക്കാം.
കര്‍ഷകര്‍ ഉന്നയിച്ച പ്രധാന ചോദ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയും
കുറഞ്ഞ താങ്ങുവില ഇല്ലാതാക്കുമോ ? എപിഎംസി ചന്തകള്‍ പൂട്ടാന്‍ പോകുകയാണോ ?
കുറഞ്ഞ താങ്ങുവില എടുത്തുകളയുകയില്ല. എപിഎംസി ചന്തകള്‍ പൂട്ടുകയില്ല.
കൃഷിക്കാരുടെ ഭൂമി നഷ്ടപ്പെടുമോ?
കരാര്‍ കൃഷിസമ്പ്രദായത്തില്‍, കരാറില്‍ ഏതെങ്കിലും തരത്തില്‍ കൃഷി ഭൂമി കൈവശപ്പെടുത്താനും വില്‍ക്കാനുമുള്ള വ്യവസ്ഥയില്ല. അതിനാല്‍ കൃഷിഭൂമി നഷ്ടപ്പെടുകയില്ല.
കൃഷിക്കാരുടെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ കരാര്‍ ഉടമയ്‌ക്ക് ഭൂമി കൈവശപ്പെടുത്താന്‍ സാധിക്കില്ലേ?
സാഹചര്യം എന്തുതന്നെ വന്നാലും കൃഷിക്കാരുടെ ഭൂമി ആര്‍ക്കും കൈവശപ്പെടുത്താന്‍ സാധ്യമല്ല.
കരാര്‍ കൃഷിയില്‍ കൃഷിക്കാര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വിലയുടെ കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ലല്ലോ?
കരാറില്‍ കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങളുടെ വിലയുടെ കാര്യത്തില്‍ കൃത്യമായ ഉറപ്പ് ഉണ്ടായിരിക്കും.
കൃഷിക്കാര്‍ക്ക് വില നല്‍കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥ ഇല്ലല്ലോ?
കൃഷിക്കാര്‍ക്കുള്ള വില കൃത്യമായ സമയപരിധിക്കുള്ളില്‍ നല്‍കണം. ഇല്ലെങ്കില്‍ നിയമനടപടിയും പിഴയും ഉണ്ടാവും
കൃഷിക്കാരുടെ കരാര്‍ അവസാനിപ്പിക്കാന്‍ അധികാരമുണ്ടോ ?
കൃഷിക്കാര്‍ക്ക് ഏതുസമയത്തും കരാര്‍ അവസാനിപ്പിക്കാവുന്നതാണ്.
ഈ നിയമങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകളും കൂടിയാലോചനകളും ഇതിനുമുമ്പ് നടന്നിട്ടില്ലല്ലോ?
20 വര്‍ഷമായി ഇതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു. രണ്ടായിരാമാണ്ടില്‍ ശങ്കര്‍ ലാല്‍ ഗുരു കമ്മറ്റി ഇതിന് തുടക്കംകുറിച്ചു 2003 മോഡല്‍ എപിഎംസി ആക്ട് കൊണ്ടുവന്നു. 2007 ല്‍ എപിഎംസി റൂള്‍സ് വന്നു. 2010 ല്‍ പഞ്ചാബ്, ഹരിയാന, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ കമ്മറ്റി രൂപീകരിച്ചു. 2013ല്‍ 10 സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാരുടെ യോഗം വിളിച്ചു. 2017 ല്‍ മോഡല്‍ എപിഎംസി ആക്ട് കൊണ്ടുവന്നു. 2018 ല്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി എപിഎംസി പരീഷ്‌കരണത്തിനുള്ള പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിനുശേഷമാണ് 2020ല്‍ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയത്.
മേല്‍പ്പറഞ്ഞ വസ്തുതകള്‍ എല്ലാം കഴിഞ്ഞ 20 വര്‍ഷക്കാലമായി ഈ രാജ്യത്ത് പരസ്യമായി നടന്ന സത്യങ്ങളാണ്. എങ്കിലും അവയൊന്നും നടന്നിട്ടില്ല. അതില്‍ ഒന്നും വിശ്വാസമില്ല എന്ന് പറയുന്ന പ്രക്ഷോഭകരുടെ മുന്നില്‍ അവര്‍ ആവശ്യപ്പെട്ട 8 കാര്യങ്ങള്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എഴുതി നല്‍കുകയും ചെയ്തു.
1 കുറഞ്ഞ താങ്ങുവില നിലനില്‍ക്കും.
2 എപിഎംസിക്കു പുറത്തുള്ള ചന്തകളില്‍ നികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കും .
3 ഏതുതരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായാലും കൃഷിക്കാര്‍ക്ക് കോടതിയില്‍ പോകാനുള്ള അവസരം ഉണ്ടായിരിക്കും.
4 സംസ്ഥാനങ്ങള്‍ക്ക് കാര്‍ഷിക കരാറുകള്‍ സ്വീകരിക്കുന്നതിനുള്ള അധികാരം നല്‍കും.
5 കൃഷിക്കാരന്റെ ഭൂമി ഒരുതരത്തിലും കൈവശപ്പെടുത്താന്‍ സാധ്യമല്ല. കാരണം ഏതെങ്കിലും തരത്തിലുള്ള കാര്‍ഷിക ഭൂമിയുടെ അന്യാധീനപ്പെട്ടുത്തലും, കൈവശപ്പെടുത്തലും, പണയം വയ്‌ക്കലും, വാടകയ്‌ക്ക് കൊടുക്കലും, മറ്റുള്ള കൈമാറ്റങ്ങളും ഉണ്ടാവില്ല എന്ന് ഈ നിയമ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
6 ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരുടെ അവസ്ഥയിലും ഈ നിയമം യാതൊരു തരത്തിലുള്ള മാറ്റവും വരുത്തുന്നതല്ല.
7 കരാര്‍ ഉടമകള്‍ക്ക് കൃഷിക്കാരുടെ ഭൂമിയില്‍ യാതൊരു തരത്തിലുള്ള മറ്റ് കാര്‍ഷികേതര പ്രവര്‍ത്തികള്‍ നടത്താനും അനുമതിയില്ല.
8 ഏത് പരിതസ്ഥിതിയിലായാലും കൃഷിക്കാരുടെ ഭൂമി ജപ്തി ചെയ്യാന്‍ ഈ നിയമം ഒരുതരത്തിലും ആര്‍ക്കും അനുമതി നല്‍കുന്നില്ല.
ഇത്രയൊക്കെ ഉറപ്പുകളും വിട്ടുവീഴ്ചകളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുപോലും കേരളത്തിലെ മാധ്യമങ്ങള്‍ മാത്രം കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള പെടാപ്പാടിലാണ് ഇന്നും .
കേരളത്തിലെ മാധ്യമ അജണ്ട
ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ മാധ്യമങ്ങള്‍ രാജ്യ വിരുദ്ധമായ കാഴ്ചപ്പാടോടുകൂടിയാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രക്ഷോഭകരുമായി എട്ടു തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും, കര്‍ഷകര്‍ മുന്നോട്ടുവച്ച എട്ട് ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിച്ചു കൊടുത്തിട്ടും, നിയമങ്ങളില്‍ ഏതു തിരുത്തല്‍ ആണ് വേണ്ടത,് എവിടെയാണ് മാറ്റം വരുത്തേണ്ടത് എന്നുമുള്ള സര്‍ക്കാരിന്റെ ചോദ്യങ്ങള്‍ക്ക് പ്രക്ഷോഭകര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. അപ്പോഴാണ് സര്‍ക്കാര്‍ നിങ്ങള്‍ക്ക് നിയമപരമായ പരിഹാരവും തേടാവുന്നതാണ് എന്ന് നിര്‍ദ്ദേശിച്ചത്. അടിയന്തര പ്രാധാന്യത്തോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് കേസ് കേള്‍ക്കാന്‍ തയാറാവുകയും ചെയ്തു.
അപ്പോഴാണ് കോടതിയെ പോലും അമ്പരപ്പിച്ചുകൊണ്ട് പ്രക്ഷോഭകര്‍ കോടതി വിരുദ്ധമായ നിലപാട് സ്വീകരിച്ചത്. നിയമ നിര്‍മ്മാണ സംവിധാനമായ പാര്‍ലമെന്റിനേയും അത് നടപ്പാക്കുന്ന ഭരണസംവിധാനമായ മന്ത്രി സഭയെയും അതില്‍ തര്‍ക്കങ്ങള്‍ വന്നാല്‍ പരിഹരിക്കുന്ന നീതിന്യായ വ്യവസ്ഥയെയും ഒന്നടങ്കം തള്ളിപ്പറയുന്ന പ്രക്ഷോഭകാരികള്‍, ഭാരതത്തോട് കൂറ് പുലര്‍ത്തുന്നവരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എന്നാല്‍ ഈ രാജ്യത്തെ മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഈ ഗൗരവതരമായ അവസ്ഥയെ സര്‍ക്കാരിനെതിരെയുള്ള ആയുധമായിട്ടാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെയും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെയും നിയമനിര്‍മ്മാണ സംവിധാനത്തെയും ഒന്നടങ്കം തള്ളിപ്പറയുന്ന പ്രക്ഷോഭകര്‍ക്ക് പിന്തുണ കൊടുക്കുന്നവര്‍ ആരു തന്നെയാണെങ്കിലും അവര്‍ക്ക് രാജ്യത്തോട് എത്രമാത്രം പ്രതിബന്ധതയുണ്ടെന്ന് സംശയിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്.
ആഗോള രംഗത്ത് ഭാരതം ഒരു വന്‍ശക്തിയായി വളരുന്നതില്‍ അസ്വസ്ഥത പൂണ്ട് പല രാജ്യങ്ങളും അവിടുത്തെ ഭരണാധികാരികളും ഇന്ന് ഈ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ചൈനയും പാകിസ്ഥാനും മാത്രമല്ല കാനഡയും ബ്രിട്ടനും അടക്കമുള്ള പല രാജ്യങ്ങളും, ഭാരതത്തെ എങ്ങനെയൊക്കെ ദുര്‍ബലപ്പെടുത്താം എന്ന് ചിന്തിക്കുന്നവരാണ്. അവര്‍ക്കൊക്കെ സന്തോഷം പകരുന്ന തരത്തിലാണ് ഈ പ്രക്ഷോഭകാരികള്‍ ഇന്ന് അന്താരാഷ്‌ട്രതലത്തില്‍ ഭാരത വിരുദ്ധമായ നിലപാടുകള്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യയിലെ പല മാധ്യമങ്ങളും കക്ഷിനേതാക്കളും അതേ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ ഇവരെയൊക്കെ നയിക്കുന്ന ചിന്തകളും ചേതോവികാരങ്ങളും എന്താണ് എന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: