മുംബൈ: സാമ്പത്തിക പ്രശ്‌നം മൂലം രണ്ട് വട്ടം മാലപൊട്ടിച്ച 27 കാരി യുവതി മുംബൈ പൊലീസിന്റെ വലയിലായി.
കാജല്‍ മാസ്‌കെ എന്ന പെണ്‍കുട്ടിയാണ് കുര്‍ള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രണ്ട് തവണ മാലപൊട്ടിച്ചത്. തൊഴില്‍ ലഭിക്കാത്തതുമൂലമുള്ള സാമ്പത്തികക്ലേശമാണ് ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു. ആദ്യ തവണ മാലപൊട്ടിക്കല്‍ സംഭവമുണ്ടായപ്പോള്‍ പൊലീസിന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കാജല്‍ മസ്‌കെയെ തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സാധാരണ വേഷത്തില്‍ പൊലീസിനെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വിന്യസിക്കുകയായിരുന്നു. രണ്ടു വയസ്സുകാരന്‍ മകനെയുമെടുത്ത് രണ്ടാമതും മാലപൊട്ടിച്ചപ്പോള്‍ ഉടനെ പൊലീസ് യുവതിയെ പിടികൂടി.
പക്ഷെ കാജല്‍ മാസ്‌കെയുടെ കഥ കേട്ടപ്പോള്‍ മുംബൈ പൊലീസിന് പോലും മനസ്സലിഞ്ഞു. സ്‌കൂളില്‍ നിന്നും നല്ല മാര്‍ക്കില്‍ പാസായ കാജല്‍ വഡാല കോളെജില്‍ സയന്‍സ് കോഴ്‌സിനാണ് ചേര്‍ന്നത്. പക്ഷെ വിധി ഇവര്‍ക്കായി കരുതിവെച്ചത് മറ്റൊന്നാണ്. കുടുംബത്തിനെ ദാരിദ്ര്യം ബാധിച്ചപ്പോള്‍ കാജല്‍ പഠിപ്പ് നിര്‍ത്തി. പഠിപ്പിന് പണം കണ്ടെത്താന്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നു. ഈ നാളുകളില്‍ ഒരു നീന്തല്‍ കോച്ചുമായി പ്രണയത്തിലായി. 2018ല്‍ ഇവര്‍ വിവാഹിതരായി. ഒരു ആണ്‍കുട്ടിയും ജനിച്ചു.
പക്ഷെ കാജല്‍ മാസ്‌കെയ്‌ക്ക് പിന്നീട് അപ്രതീക്ഷിത തിരിച്ചടികളാണ് ജീവിതത്തില്‍ നേരിടേണ്ടി വന്നത്. കാജല്‍ മാസ്‌കെയുടെ സഹോദരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഭര്‍ത്താവായ നീന്തല്‍ കോച്ച് പൊലീസ് പിടിയിലായി. ഇതേ തുടര്‍ന്ന് വീടിന്റെ മുഴുവന്‍ ഭാരവും കാജല്‍ മാസ്‌കെയുടെ തലയിലായി. ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാനും വീട്ടചെലവും കുട്ടിയുടെ പരിരക്ഷണവും എല്ലാം കൂടി ഫണ്ട് കണ്ടെത്തുക ഭാരമായി. ഒരു എന്‍ജിഒ വില്‍ ജോലി ചെയ്തു. പക്ഷെ ആ ശമ്പളം കേസ് നടത്താന്‍ മതിയാവുമായിരുന്നില്ല. പിന്നെ കുറെശ്ശെയായി വായ്പയെടുത്തു. ഭര്‍ത്താവ് സപ്തംബര്‍ 2020ല്‍ ജയില്‍ മോചിതനായെങ്കിലും എയ്ഡ്‌സ് ബാധിച്ചതിനാല്‍ ദിവസങ്ങള്‍ക്കകം മരിച്ചു.
ഭര്‍ത്താവിന്റെ കേസ് നടത്തിപ്പിനായി എടുത്ത കടം കുന്ന് കൂടി. കോവിഡ് കൂടി വന്നപ്പോള്‍ നല്ല ജോലിയും കിട്ടാതായി. ഇതേ തുടര്‍ന്ന് കാജല്‍ മാസ്‌കെ ചെറിയ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞു. കുര്‍ള റെയില്‍വേ സ്‌റ്റേഷനില്‍ ജനവരി 7ന് സഞ്ജു കനോജിയ എന്ന ട്രെയിന്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ച്‌കൊണ്ടായിരുന്നു തുടക്കം. ജനവരി എട്ടിന് പ്രാചി ഗുപ്ത എന്ന സ്ത്രീയുടെ മലയും പൊട്ടിച്ചു. പക്ഷെ ജനവരി ഏഴിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മാല പൊട്ടിച്ചത് കാജല്‍ മാസ്‌കെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തൊട്ടടുത്ത ദിവസം സാധാരണവേഷങ്ങളില്‍ പൊലീസ് നിലയുറപ്പിച്ചിരുന്നു. കെണിയില്‍ കാജല്‍ മാസ്‌കെ കുടുങ്ങി. കസ്റ്റഡിയിലെടുത്തപ്പോള്‍ കാജല്‍ മാസ്‌കെ കുറ്റം സമ്മതിച്ചു. രണ്ട് മാലകളും പൊലീസിനെ തിരിച്ചേല്‍പ്പിച്ചു. കാജല്‍ മാസ്‌കെയുടെ ദുരന്ത ജീവിത കഥ കേട്ട പൊലീസുകാര്‍ക്കും കരളലിഞ്ഞിരിക്കുകയാണ്. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ കാജല്‍ മാസ്‌കെയെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായിക്കുമെന്ന് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: