തൊടുപുഴ: പത്തുവര്‍ഷം മുമ്പ് അച്ഛനെ കൊന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഒടുവില്‍ മക്കള്‍ കണ്ടെത്തി. പൊലീസ് സഹായത്തോടെ ജയിലിലാക്കുകയും ചെയ്തു.
പത്ത് വര്‍ഷം മുമ്പാണ് തൊടുപുഴ കാപ്പില്‍ ജോസ് സി കാപ്പന്‍(75) കര്‍ണ്ണാടകയില്‍ കൊലചെയ്യപ്പെടുന്നത്. അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശി ആളിരോത്ത് ഷിജു കുര്യനാ(35)ണ് പ്രതി. ഇയാളെ അന്ന് കര്‍ണ്ണാടക ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഷിജു കുര്യന്‍ ഒളിവില്‍ പോയി.
ഇതോടെ കോവിഡുമെത്തിയതോടെ കര്‍ണ്ണാടക പൊലീസ് ഷിജു കുര്യനെത്തേടിയുള്ള അന്വേഷണം നിര്‍ത്തിവെച്ചു. പിന്നെ ആ ദൗത്യം മക്കള്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നെ ജോസ് സി. കാപ്പന്റെ രണ്ട് ആണ്‍മക്കള്‍ക്ക് ഉറക്കമില്ലാ രാത്രികളായിരുന്നു. മക്കളായ സജിത് ജെ കാപ്പനും രഞ്ജി ജോസ് കാപ്പനും അച്ഛന്റെ കൊലപാതകിയെത്തേടി പത്ത് മാസത്തോളമാണ് കോവിഡ് പോലും വകവെയ്‌ക്കാതെ നീണ്ട യാത്രയിലായിരുന്നു.
പത്ത് വര്‍ഷം മുമ്പ് നടന്ന കൊലപാതകക്കഥ ഇങ്ങിനെ: കൊല്ലപ്പെട്ട ജോസ് സി കാപ്പന്‍ കര്‍ണാടക ശിവമോഗ ജില്ലയില്‍ സാഗര്‍ കെരോഡിയില്‍ തോട്ടം നടത്തുകയായിരുന്നു. എന്നാല്‍ 2011ല്‍ ഇദ്ദേഹത്തെ കാണാതായി. മക്കള്‍ പൊലീസില്‍ വിവരമറിയിച്ചു. 50 ദിവസത്തിന് ശേഷം ജോസിന്റെ ജഡം കമ്പോസ്റ്റ് വളക്കുഴിയില്‍ കണ്ടെത്തി. ആരോ തല്ലിക്കൊന്നതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞു. ഒടുവില്‍ പൊലീസ് തോട്ടം ജീവനക്കാരനായ ഷിജുവിനെ അറസ്റ്റ് ചെയ്തു. സ്വത്ത് തട്ടാനായിരുന്നു കൊലപാതകമെന്നായിരുന്നു ഷിജുവിന്റെ മൊഴി. എന്നാല്‍ കോടതി വിചാരണയില്‍ വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ ഷിജുവിനെ വെറുതെ വിട്ടു. എന്നാല്‍ മക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. 2020 മാര്‍ച്ചില്‍ ഹൈക്കോടതി ഷിജുവിനെ ജീവപര്യന്തം തടവിന് വിധിച്ചു. എന്നാല്‍ വിധി വരുമ്പോഴേക്കും ഷിജു മുങ്ങി.
പത്ത്മാസത്തോളമാണ് അച്ഛന്റെ കൊലയാളിയെത്തേടി സജിത് ജെ കാപ്പനും രഞ്ജ് ജോസ് കാപ്പനും കര്‍ണ്ണാടകത്തിലും കേരളത്തിലും അലഞ്ഞത്. നാളുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അട്ടപ്പാടി സ്വദേശിയായ ഷിജു നാട്ടില്‍ നിന്നും അകലെ കാക്കപ്പൂടി എന്ന സ്ഥലത്താണ് താമസമെന്ന് കണ്ടെത്തി. മക്കള്‍ ഇക്കാര്യം കര്‍ണ്ണാടക പൊലീസിനെ അറിയിച്ചു. അതിനിടെ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സഹായത്തോടെ ഷിജുവിന്റെ കൃത്യമായ താമസസ്ഥലം മനസ്സിലാക്കി. അഗളി പൊലീസിന്റെ സഹായത്തോടെ ഒടുവില്‍ കര്‍ണ്ണാടക പൊലീസ് ഷിജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേരള പൊലീസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി ഷിജുവിനെ കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോയി.
















