കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കും. യുഡിഎഫുമായി സഖ്യത്തിന് ഇല്ലെന്ന് വെല്‍ഫയര്‍ പാര്‍ട്ടി. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളെ വ്യത്യസ്തമായാണ് പാര്‍ട്ടി കാണുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി ഒരു മുന്നണിയുടേയും ഭാഗമല്ല. തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് തീരുമാനമെന്നും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം അറിയിച്ചു.
മതേതര പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ പിന്തുണയുമായി മുന്നോട്ട് വന്നാല്‍ അത് സ്വീകരിക്കാന്‍ തയ്യാറാണ്. നിലവില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിനായി ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അണികള്‍ക്ക് നല്‍കിക്കഴിഞ്ഞു. പാര്‍ട്ടി ആലോചിച്ച ശേഷമാകും എവിടെയൊക്കെ മത്സരിക്കണം, എത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുക.
കഴിഞ്ഞ തവണ 40 സീറ്റുകളിലാണ് മത്സരിച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ടായിരിക്കും ഇത്തവണ മത്സരിക്കുകയെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യത്തിലാണ് വെല്‍ഫയര്‍ പാര്‍ട്ടി മത്സരിച്ചത്. നീക്കുപോക്കിനായി ആദ്യം ചര്‍ച്ച നടത്തിയത് മുല്ലപ്പള്ളിയാണെന്നും, നിയമസഭാ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ലെന്നും ഹമീദ് വ്യക്തമാക്കി.
എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു രീതിയിലുള്ള നീക്ക് പോക്കും ഉണ്ടായിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളി നേരത്തെ പ്രതികരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നേരിട്ടോ, അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്നും മുല്ലപ്പള്ളി പരസ്യ പ്രസ്താവന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: